- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അരുൺപ്രസാദിന്റെ അതിവേഗം നീക്കം; കെ എസ് ഐ ഡി സിയിൽ 'സൂര്യാസ്തമയ' ഭീതി!
കൊച്ചി : മാസപ്പടി വിവാദത്തിലെ അന്വേഷണത്തിൽ കെഎസ്ഐഡിസി നോമിനികളായി സിഎംആർഎൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ എത്തിയവരിലേക്കും. ഇതുമായി ബന്ധപ്പെട്ട വിവര ശേഖരണമാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) കെ എസ് ഐ ഡി സി ഓഫീസിലെ റെയ്ഡിന്റെ പ്രധാന ഉദ്ദേശ്യം. തങ്ങൾക്ക് സിഎംആർഎല്ലിലെ തീരുമാനങ്ങളിൽ ബന്ധമില്ലെന്നാണ് കെ എസ് ഐ ഡി സിയുടെ നിലപാട്. ഈ സാഹചര്യത്തിൽ ഡയറക്ടർമാരിലെ പ്രതിനിധിക്ക് എന്തെല്ലാം അറിയാമായിരുന്നുവെന്ന് കണ്ടെത്തും. ഈ ഡയറക്ടർമാരും കേസിൽ പ്രതികളാകാൻ സാധ്യതയുണ്ട്.
ജോലിയിൽ നിന്ന് വിരമിച്ച ശേഷം സിഎംആർഎലിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഇവർ നിയമിതരായതിനെക്കുറിച്ചും കേന്ദ്ര കോർപറേറ്റ് മന്ത്രാലയം അന്വേഷിക്കും. മുൻ ധനമന്ത്രി പി.ചിദംബരം പ്രതിയായ എയർസെൽമാക്സിസ് കേസ് അന്വേഷിച്ച എസ്എഫ്ഐഒ സംഘത്തലവനായ അരുൺ പ്രസാദിനാണ് എക്സാലോജിക് കേസിന്റെ അന്വേഷണത്തിന്റെയും നേതൃത്വം. ഈ അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡിയും സിബിഐയും പിന്നീട് ചിദംബരത്തിനെതിരെ കേസെടുത്തത്. സിഎംആർഎൽ കേസും ആ വഴിയിലേക്ക് പോകുമെന്നാണ് സൂചന. ഇതിന് ശക്തമായ തെളിവുകൾ വേണം. ഇതിന് കെ എസ് ഐ ഡി സിയുടെ ഡയറക്ടർ ബോർഡിലെ പ്രതിനിധികളുടെ മൊഴി വഴിയൊരുക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ സൂചന.
വിവിധ കാലയളവിൽ കെഎസ്ഐഡിസിയുടെ നോമിനികളായി സിഎംആർഎലിന്റെ ബോർഡിലെത്തിയ മൂന്നു പേരെക്കുറിച്ചാണ് കോർപറേറ്റ് മന്ത്രാലയത്തിന് പരാതി ലഭിച്ചത്. ഇവരുടെ ഇടപാടുകളും അന്വേഷണപരിധിയിൽ വരും. ഇത് സംസ്ഥാന സർക്കാരിനും തീരാ തലവേദനയാകും. സിഎംആർഎല്ലിന്റെ വെബ് സൈറ്റിൽ ഇപ്പോഴുള്ളത് ആർ രവിചന്ദ്രനാണ് കെ എസ് ഐ ഡി സിയുടെ ഡയറക്ടർ എന്നാണ്. ഈ ഡയറക്ടറിൽ നിന്നും ഉദ്യോഗസ്ഥർ മൊഴിയെടുക്കും. വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ ഇടപാടുകളാണ് എസ്.എഫ്.ഐ.ഒ. സംഘം പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച വിവിധ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ സിഎംആർഎല്ലിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പരാതിയിൽ അന്വേഷണം നടത്താൻ എട്ടുമാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
എസ്എഫ്ഐഒയുടെ അന്വേഷണം തുടങ്ങുന്നതിന്റെ ഭാഗമായി സിഎംആർഎലിന്റെ ക്രമക്കേടുകൾ കണ്ടെത്തിയ കൊച്ചിയിലെ പ്രിൻസിപ്പൽ കമ്മിഷണർ ഓഫ് ഇൻകം ടാക്സിന്റെ അന്വേഷണ റിപ്പോർട്ട് എസ്എഫ്ഐഒ അന്വേഷണസംഘത്തിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഇതിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് എസ് എഫ് ഐ ഒ റെയ്ഡു തുടങ്ങിയത്. ആദ്യ മണിക്കൂറുകളിൽ തന്നെ നിർണ്ണായക രേഖകൾ സിഎംആർഎല്ലിൽ നിന്നും എസ് എഫ് ഐ ഒയ്ക്ക് കിട്ടിയെന്നാണ് സൂചന. ജീവനക്കാരുടെ വിശദ മൊഴിയും എടുത്തു. അതിന് ശേഷമാണ് അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തുന്നത്. കെ എസ് ഐ ഡി സിയെ സൂര്യാസ്തമയ പട്ടികയിൽ എത്തിക്കും ഈ കേസെന്നാണ് പരാതിക്കാരനായ ഷോൺ ജോർജിന്റെ വിലയിരുത്തൽ.
ഇതിന് ശേഷം എക്സാലോജിക്കിന്റെ ഓഫീസിലും റെയ്ഡ് നടക്കേണ്ടതുണ്ട്. ഇത് മനസ്സിലാക്കിയാണ് കമ്പനി തന്നെ നേരത്തെ പൂട്ടാൻ വീണാ വിജയൻ തീരുമാനിച്ചത്. ഇതിനുള്ള നടപടിക്രമങ്ങളും അവർ നേരത്തെ എടുത്തിരുന്നു. ഈ സാഹചര്യത്തിൽ വീണാ വിജയൻ താമസിക്കുന്നിടത്ത് റെയ്ഡ് സാധ്യത ഏറെയാണ്. എക്സാലോജിക്കിന്റെ രജിസ്റ്റേർഡ് വിലാസം എകെജി സെന്ററാണ്. അങ്ങനെ വരുമ്പോൾ സിപിഎം പാർട്ടി ആസ്ഥാനത്തേക്കും അന്വേഷണം എത്തും. അവിടെ റെയ്ഡ് നടക്കുമോ എന്നതും നിർണ്ണായകമാകും. എല്ലാം തീരുമാനിക്കുക അന്വേഷണ ഉദ്യോഗസ്ഥനായ അരുൺ പ്രസാദായിരിക്കും. ആർക്കും വഴങ്ങാത്ത പ്രകൃതക്കാരനാണ് അരുൺ.
പ്രിൻസിപ്പൽ കമ്മിഷണർ ഓഫ് ഇൻകം ടാക്സിന്റെ റിപ്പോർട്ടിലാണ് കേരളത്തിലെ രാഷ്ട്രീയ ഉന്നത ഉദ്യോഗസ്ഥ നേതൃത്വത്തിൽ സിഎംആർഎലിൽ നിന്നു പലപ്പോഴായി പണം വാങ്ങിയവരുടെയെല്ലാം പേരും വിവരവും ഉള്ളത്. സിഎംആർഎൽ പണം നൽകിയെന്നു രേഖപ്പെടുത്തിയിട്ടുള്ളവരെ നോട്ടിസ് അയച്ച് അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരുമെന്നതാണ് കോർപറേറ്റ് മന്ത്രാലയത്തിന്റെ സ്വാഭാവികമായ നടപടിക്രമം. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും കൊടുത്ത തുക ഉൾപ്പെടെ ചെലവായി കാണിച്ച 135 കോടിക്ക് പിന്നീട് നികുതിയടച്ചാണ് സിഎംആർഎൽ ആദായനികുതി കേസ് സെറ്റിൽ ചെയ്തത്. ആ സ്ഥിതിക്ക് ഈ പണം കൈപ്പറ്റിയവർ പണത്തിന്റെ കണക്ക് കാണിക്കേണ്ടിവരും.
തോട്ടപ്പള്ളിയിൽ നിന്ന് കരിമണൽ ഖനനത്തിന് അനുമതി നൽകിയിട്ടില്ലെന്ന സത്യവാങ്മൂലം കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ നൽകിയിരുന്നു. 2018 ൽ തോട്ടപ്പള്ളിയിൽ പ്രളയം തടയാനായി ധാതുമണൽ വാരിയതു മുതൽ സിഎംആർഎലിന്റെ ലാഭം വർധിച്ചിരുന്നു. അവർക്ക് തോട്ടപ്പള്ളിയിൽ നിന്നു മണൽവാരാൻ അനുമതി നൽകിയിട്ടില്ലെന്ന് സർക്കാർ പറയുമ്പോഴും സിഎംആർഎൽ ഇടപെട്ടതിന്റെ സംശയങ്ങൾ പരാതിക്കാർ കോർപറേറ്റ് മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. സിഎംആർഎലിന്റെ ജിഎസ്ടി ഇവേ ബില്ലുകൾ പരിശോധിക്കണമെന്നാണ് ആവശ്യം.