- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ കറുത്ത ഷൂ ബസിന് നേരെ വലിച്ചെറിഞ്ഞത് മുഖ്യമന്ത്രിയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തിൽ; ഓടക്കാലയിലെ പ്രതിഷേധം വധശ്രമക്കേസാകും; അറസ്റ്റിലായവർക്ക് ജാമ്യം കൊടുക്കില്ല; ഗൂഢാലോചനയും അന്വേഷിക്കും; തല്ലിചതച്ച 'രക്ഷാപ്രവർത്തനം; കേസുമായില്ല; ഇനി ആരും ഷൂ എറിയരുത്!
കൊച്ചി: പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയാണ് കുറുപ്പുംപടി പൊലീസ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചനയിലേക്കും അന്വേഷണം പോകും. അതിനിടെ ഷൂ ഏറ് വൈകാരിക പ്രതിഷേധമായിരുന്നുവെന്ന് കെ എസ് യു പ്രതികരിച്ചു.
പെരുമ്പാവൂരിലെ നവകേരള സദസിന്റെ യോഗം കഴിഞ്ഞ മുഖ്യമന്ത്രിയും മന്ത്രിമാരും കോതമംഗലത്തേക്ക് പോകുമ്പോൾ ഓടക്കാലിയിൽ വച്ചായിരുന്നു നവകേരള ബസിന് നേരെ കെഎസ്‌യു പ്രവർത്തകർ ഷൂസ് എറിഞ്ഞത്. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണു. സംഭവത്തിൽ നാല് കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്കെതിരെയാകും വധശ്രമക്കേസ് എടുക്കുക.
അതേസമയം, ഏറിലേക്ക് പോയാൽ മറ്റ് നടപടികളിലേക്ക് പോകേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള സദസിനെത്തുന്നവർ ഒന്നിച്ച് ഊതിയാൽ പറന്ന് പോകുന്നവരേയുള്ള എറിയാൻ വരുന്നവരെന്നും പിണറായി വിജയൻ പറഞ്ഞു. നവകേരള സദസിനെ മറ്റൊരു രീതിയിൽ തിരിച്ചുവിടാൻ നീക്കം നടക്കുകയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
കോതമംഗലത്തേക്കുള്ള യാത്രക്കിടെ എറണാകുളം ഓടക്കാലിയിലാണ് ബസിനുനേരെ കറുത്ത ഷൂ എറിഞ്ഞത്. ഇതേത്തുടർന്ന് പ്രതിഷേധക്കാർക്കു നേരേ പൊലീസ് ലാത്തിവീശിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധക്കാരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് നോക്കിനിൽക്കെയായിരുന്നു സംഭവം. പെരുമ്പാവൂരിൽ വച്ച് മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ചെയ്തു. ഇവരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസിന്റെ സാന്നിധ്യത്തിൽ തല്ലിച്ചതച്ചു.
യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും കൊടികൾ ഡിവൈഎഫ്‌ഐ പ്രവർത്തകർ കത്തിച്ചു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച ഡിവൈഎഫ്‌ഐക്കാർക്കെതിരെ കേസെടുത്തിട്ടില്ല. ആക്രമണം നേതൃത്വം അറിഞ്ഞെന്ന് കുറ്റപ്പെടുത്തി മന്ത്രിമാർ രംഗത്തെത്തി. സംഘർഷമുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണ്. ജനമുന്നേറ്റം ഉയർന്നതോടെയാണ് പ്രതിഷേധത്തിന്റെ സ്വഭാവം മാറുന്നതെന്നും മന്ത്രിമാർ പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ 30 പേർക്കെതിരെ പൊലീസ് കേസ്
കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 30 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിച്ച കോൺഗ്രസ് പ്രവർത്തകരെ ഇന്നലെ ആശുപത്രിയിൽ സന്ദർശിക്കുന്നതിനിടെയാണ് കയ്യേറ്റമുണ്ടായത്.
നവകേരള സദസ്സിന്റെ ഭാഗമായി പെരുമ്പാവൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും സംഘത്തെയും യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇവരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസിന്റെ സാന്നിധ്യത്തിൽ തല്ലിച്ചതച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ സന്ദർശിക്കുന്നതിനിടെയാണ് എൽദോസ് കുന്നപ്പിള്ളിക്കുനേരെ കയ്യേറ്റമുണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ