- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയിൽ ഷാൾ ഇട്ട് ക്യാൻസർ രോഗിയെ പോലെ സ്ത്രീ കടയിൽ വന്ന് സാധനങ്ങൾ വാങ്ങുന്നു; ബില്ലെഴുതാൻ കുനിഞ്ഞ കടയുടമയായ വീട്ടമ്മയെ കമ്പി വടി കൊണ്ടടിച്ചു വീഴ്ത്തി; ഓടി കൂടിയ നാട്ടുകാർ സ്ത്രീയെ പിടിച്ചു കെട്ടിയപ്പോൾ അറിഞ്ഞത് മറ്റൊരു സത്യം; കുന്നത്തങ്ങാടിയിൽ സ്ത്രീ വേഷം കെട്ടി എത്തിയത് പഴയ ഗൾഫുകാരൻ
തൃശൂർ; ജില്ലയിലെ കുന്നത്തങ്ങാടിയിൽ സ്ത്രീവേഷം ധരിച്ചെത്തിയ യുവാവ് കടയുടമയായ സ്ത്രീയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു പരുക്കേൽപിച്ചത് തന്ത്രത്തിലൂടെ. സംഭവത്തിൽ ഗുരുതര പരിക്കുകളോടെ കടയുടമ ചികിൽസയിലാണ്. കുന്നത്തങ്ങാടി സെന്റർ പഞ്ചായത്ത് കിണർ എതിർവശം പ്രഭ ഫാഷൻ ആൻഡ് ഇന്നർവെയേഴ്സ് ഉടമയ്ക്കാണ് അടികൊണ്ടത്.
വെളൂത്തൂർ പരക്കാട് വട്ടപ്പറമ്പിൽ രാമചന്ദ്രന്റെ ഭാര്യ രമ (50) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രമയുടെ തലയിൽ 49 തുന്നലുകളുണ്ട്. പരിക്ക് ഗുരുതരമാണ്. പ്രതി വെളുത്തൂർ പാലൊളി വീട്ടിൽ ധനേഷിനെ (കണ്ണൻ-40) റിമാന്റു ചെയ്തിട്ടുണ്ട്. സമർത്ഥമായി 'വേഷംകെട്ടി എത്തിയ പ്രതി ഇന്നലെ ഉച്ചയ്ക്ക് 2.15 നായിരുന്നു ആക്രമണം നടത്തിയത്.
തലയിൽ ഷാളിട്ട്, മുഖത്ത് മാസ്‌ക് വച്ച് സ്ത്രീവേഷത്തിൽ കാൻസർ രോഗിയെ പോലെ കടയിലെത്തിയ ധനേഷ് മൂകയെന്ന വ്യാജേന രമയോട് ഏതാനും തുണിത്തരങ്ങൾ വേണമെന്ന് ആംഗ്യഭാഷയിൽ ആവശ്യപ്പെട്ടു. ബ്ലൗസ്തുണി, ചുരിദാർ മെറ്റീരിയൽ എന്നിവയാണ് ആവശ്യപ്പെട്ടത്. രമ തുണിയെടുത്തു കൗണ്ടറിലെ മേശയിൽ വച്ചപ്പോൾ പണം തികയില്ലെന്നും പുറത്ത് പോയി വരാമെന്നും കാണിച്ചു പ്രതി തിരിച്ചുപോയി.
വീണ്ടും വന്നു ബിൽ എഴുതാൻ ആവശ്യപ്പെടുകയും ബിൽ ബുക്ക് എടുക്കാൻ കുമ്പിട്ട രമയുടെ തലയ്ക്ക് കമ്പിവടികൊണ്ട് അടിക്കുകയുമായിരുന്നു. 2 തവണ അടിയേറ്റ രമ അക്രമിയെ തടുത്ത് പുറത്തേക്കു തള്ളി. നിലവിളി കേട്ട് സമീപത്തെ കടകളലുണ്ടായിരുന്നവരും നാട്ടുകാരുമെല്ലാം ഓടിയെത്തുകയും അക്രമിയെ പിടികൂടി പുറത്ത് കെട്ടിയിടുകയായിരുന്നു.
മാസ്‌കും ഷോളും മാറ്റിയപ്പോഴാണ് പ്രതി പുരുഷനാണെന്നു നാട്ടുകാർക്കു മനസിലായത്. സ്ത്രീകളുടെ ഉൾവസ്ത്രം വരെ ധരിച്ചിരുന്നു. ആരു കണ്ടാലും സ്തീയാണെന്നേ തോന്നുമായിരുന്നുള്ളൂ. കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഇയാൾ വെളൂത്തൂർ സ്വദേശിയാണെന്നു മനസ്സിലായത്. അന്തിക്കാട് ഇൻസ്പെക്ടർ പി.കെ. ദാസും സംഘവുമെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
സ്ത്രീവേഷം ധരിച്ച് ഒരാഴ്ച മുൻപ് ഇതേ കടയിൽ നിന്നു സാധനങ്ങൾ വാങ്ങാൻ ധനേഷ് എത്തിയിരുന്നതായി രമ പറഞ്ഞു. അന്ന് കുറച്ച് രൂപയ്ക്ക് സാധനങ്ങൾ വാങ്ങി. അതിന്റെ പണവും നൽകിയിരുന്നതായി പറയുന്നു. ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു പെരുമാറ്റം. ധനേഷ് നേരത്തെ ഗൾഫിലായിരുന്നു. പിന്നീട് കുന്നത്തങ്ങാടി സെന്ററിൽ ലോട്ടറി കച്ചവടം നടത്തിയരുന്നതായി പറയപ്പെടുന്നു.
കുന്നത്താങ്ങാടിക്കടുത്ത് നാലാംകല്ല് സെന്ററിൽ 8 മാസം മുൻപ് സാന്ദ്ര സ്റ്റോഴ്സിൽ കയറി ജീവനക്കാരിയെ തലയ്ക്കടിച്ചു പരുക്കേൽപിച്ച കേസിൽ ഇത് വരെയും പ്രതിയെ പിടികൂടാനായിട്ടില്ല. കടയിൽ ആരുമില്ലാത്ത സമയത്തായിരുന്നു അന്ന് ആക്രമണം നടന്നത്. ഈ കേസിൽ ധനേഷിന് ബന്ധമുണ്ടോയെന്നതും പൊലീസ് പരിശോധിക്കും.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്