- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഴിയം സ്വദേശി കുപ്രസിദ്ധ മോഷ്ടാവും ഗുണ്ടയുമായ യുവാവിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതം; കൊലക്കേസിൽ പ്രതിയായ ചെന്നൈ സെൻട്രൽ ജയിലിലുള്ള ജേഷ്ഠന്റെ മകൾ പിടിയിലെന്നും വാർത്ത; കല്ലുംതാഴത്തെ ലൊക്കേഷനും അഭ്യൂഹങ്ങളിൽ
കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതികളെ കുറിച്ചുള്ള അഭ്യൂഹം തുടരുന്നു. ആരാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് നാടും നഗരവും അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിൽ പിടിവീഴും എന്ന് ഉറപ്പായതോടെയാണ് തട്ടിക്കൊണ്ടുപോയവർ കുട്ടിയെ വഴിയിലുപേക്ഷിച്ച് കടന്നത് എന്ന നിഗമനത്തിൽ ദേശാഭിമാനിയും. ആശ്രാമം മൈതാനത്ത് കുട്ടിയെ ഇരുത്തിയശേഷം ഒപ്പമുണ്ടായിരുന്ന സ്ത്രീ ഓടിപ്പോകുന്നതുകൊല്ലം എസ്എൻ കോളേജിലെ മൂന്ന് വിദ്യാർത്ഥികളാണ് കണ്ടത്. സംശയം തോന്നിയതോടെ പൊലീസിനെ വിവരമറിയിച്ചു. 21 മണിക്കൂർ നീണ്ട തിരച്ചിലിനാണ് ഇതോടെ ശുഭപര്യവസാനമായത്.
കുട്ടിയുമായി പോയ സംഘത്തെ കൊല്ലം ജില്ലയ്ക്ക് പുറത്തുകടക്കാനാകാതെ തളച്ചിട്ട കേരള പൊലീസിന്റെ മികവിന് നാടാകെ അഭിനന്ദനവുമെത്തിയെന്നും ദേശാഭിമാനി പറയുന്നു. പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഒരാളെ കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ടെന്നാണ് ദേശാഭിമാനി വാർത്ത. എന്നാൽ ആരേയൊണ് കസ്റ്റഡിയിൽ എടുത്തതെന്ന് വ്യക്തമാക്കുന്നില്ല. രണ്ടു പേരാണ് കാറിൽ കൊല്ലത്തുകൊണ്ടുവന്നതെന്ന് കുട്ടി മൊഴി നൽകി. പ്രതികളുടെ ലൊക്കേഷൻ കല്ലുംതാഴം ആണെന്ന് വിവരം ലഭിച്ചുവെന്നും ദേശാഭിമാനി പറയുന്നു.
കൊല്ലം നഗര ഹൃദയത്തിലെ ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ട യുവതി വൈകാതെ കസ്റ്റഡിയിലായതായി സൂചനയുണ്ടെന്നാണ് കേരള കൗമുദി വാർത്ത. ഇവർ സംഭവത്തിന്റെ സൂത്രധാരനായ കുപ്രസിദ്ധ മോഷ്ടാവിന്റെ സഹോദര പുത്രിയാണെന്നാണ് സംശയം. ഉച്ചയ്ക്ക് രണ്ടരയോടെ കൊല്ലം ശങ്കേഴ്‌സ് ആശുപത്രിക്കു സമീപത്തു നിന്ന് യുവതിയെ പിടികൂടിയെന്നാണ് വിവരം. ചിട്ടി തട്ടിപ്പ് ഉൾപ്പെടെ കേസുകളിൽ പ്രതിയാണ്. ഇവരെ ഡി.ഐ.ജി നിശാന്തിനിയുടെ നേതൃത്വത്തിൽ ചോദ്യംചെയ്തുവരികയാണെന്നും കേരള കൗമുദി പറയുന്നു.
സംഭവത്തിൽ ചന്ദനത്തോപ്പ് കുഴിയം സ്വദേശി കുപ്രസിദ്ധ മോഷ്ടാവും ഗുണ്ടയുമായ യുവാവിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയെന്നാണ് കേരള കൗമുദി വാർത്ത. ഇയാളുടെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ 10 ലക്ഷം ആവശ്യപ്പെട്ട് നടത്തിയ ഫോൺ വിളിയിൽ ബോസിന്റെ നിർദ്ദേശപ്രകാരമാണ് എല്ലാമെന്ന് പറഞ്ഞിരുന്നു. ഇയാളാണ് ആ ബോസെന്നാണ് പൊലീസ് നിഗമനം. കേരള കൗമുദിയുടെ ഈ വാർത്തയിൽ പറയും പോലെ സ്ത്രീ അടക്കം നിരവധി പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ കുറിച്ചൊന്നും പൊലീസ് വ്യക്തമായ സ്ഥിരീകരണം നൽകുന്നില്ല.
എല്ലാവരേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നൽകുന്നത്. വിവരമൊന്നും പുറത്തു പോകുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇത്. കുഴിയം സ്വദേശിയെ കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണം. ഇയാൾ അറസ്റ്റിലാണെന്നും സൂചനകളുണ്ട്. അങ്ങനെ അമൃതാ ടിവി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇതിന് സമാനമാണ് കേരള കൗമുദിയിലേയും സൂചനകൾ.
നിരവധി മോഷണക്കേസുകൾക്ക് പുറമേ ക്വട്ടേഷൻ ആക്രമണം, പിടിച്ചുപറി അടക്കമുള്ള കേസുകളിലും പ്രതിയാണ് ഇയാൾ. കൊല്ലം വെസ്റ്റ് സ്റ്റേഷനിൽ മാത്രം ഇയാളുടെ പേരിൽ അഞ്ച് മോഷണക്കേസുകളുണ്ട്.രാമൻകുളങ്ങരയ്ക്ക് അടുത്തുള്ള മൂലങ്കരയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പേ ചന്ദനത്തോപ്പിലേക്ക് താമസം മാറ്റുകയായിരുന്നു. മോഷണക്കേസിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. എന്നാൽ അടുത്തകാലത്തായി അധികം കാണാറില്ലെന്നാണ് അയൽവാസികൾ പൊലീസിനോട് പറഞ്ഞതെന്നും കേരള കൗമുദി പറയുന്നു.
ഇയാളുടെ ജ്യേഷ്ഠൻ കൊലക്കേസിൽ ചെന്നൈ സെൻട്രൽ ജയിലിൽ തടവിലാണ്. ജ്യേഷ്ഠന്റെ പുത്രിയാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ സ്ത്രീയെന്നും സംശയിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ