- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പുരുഷന്മാരുടെ ചെരിപ്പുകണ്ടാൽ മൈൻഡ് ചെയ്യാത്ത കള്ളൻ തെരഞ്ഞെടുക്കുന്നത് ലേഡീസ് ചപ്പൽ മാത്രം
കോഴിക്കോട്: സ്ത്രീകളുടെ വസ്ത്രങ്ങൾ മാത്രം മോഷ്ടിക്കുന്ന സൈക്കോ തസ്ക്കരന്മാരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ സ്ത്രീകളുടെ ചെരിപ്പ് മാത്രം മോഷ്ടിക്കുന്ന കള്ളൻ ഒരുപക്ഷേ ഇത് ആദ്യമായരിക്കും. കോഴിക്കോട് താമരശ്ശേരി നിവാസികൾ വലഞ്ഞിരിക്കുന്നത് അത്തരം ഒരു കള്ളനെ കൊണ്ടാണ്.
ഇരുട്ടിന്റെ മറവിൽ മതിൽചാടിക്കടന്ന് എത്തി പെൺൂകട്ടികളുടെ പുതിയ മോഡൽ ചെരിപ്പ് മോഷ്ടിക്കുന്ന വിചിത്ര സ്വഭാവക്കാരനായ കള്ളന്റെ ഞെട്ടലിലാണ് ഈ നാട്. പുരുഷന്മാരുടെയും, കുട്ടികളുടെയും ചെരുപ്പുകണ്ടാൽ മൈൻഡ് ചെയ്യാത്ത കള്ളൻ പെൺകുട്ടികളുടെ ചെരിപ്പ് മാത്രമാണ് മോഷണത്തിനായി തെരഞ്ഞെടുക്കാറ്. വർഷങ്ങളായി താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ കാരാടി, കെടവുർ, ചാലമ്പറ്റ, നീലഞ്ചേരി, പറമ്പത്ത്, ചാലുമ്പാറ, ച്രമ്പ്ര ഭാഗങ്ങളിലെ പല വീട്ടുകാർക്കും തലവേദനയായ വ്യത്യസ്തനായ ഈ മോഷ്ടാവിന്റെ ചിത്രം കഴിഞ്ഞ ദിവസം സിസിടിവിൽ പതിഞ്ഞിട്ടുണ്ട്.
ഒന്നും രണ്ടുമല്ല നൂറുകണക്കിന് ലേഡീസ് ചെരിപ്പുകളാണ്, കഴിഞ്ഞ ആറേഴു വർഷത്തിനിടയിൽ താമരശ്ശേരി നഗരത്തിനോടുചേർന്ന പ്രദേശങ്ങളിൽനിന്ന് മോഷ്ടിക്കപ്പെട്ടത്. ചെരിപ്പുകൾ മാത്രം മോഷണം പോയതിനാൽ ആരും പൊലീസിൽ പരാതി പറഞ്ഞതുമില്ല. പ്രദേശവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് അറുതിയായാണ് ചെരുപ്പ് കള്ളന്റെ മുഖം കഴിഞ്ഞ ദിവസം സിസിടിവിയിൽ പതിഞ്ഞു. താമരശ്ശേരി ജിയുപി സ്കൂളിന് പിറകുവശത്തെ, ഫർസ മൻസിലിൽ ആയിഷയുടെ, വീട്ടിൽ നടന്ന മോഷണത്തിനിടെയാണ്, ചെരിപ്പുകള്ളന്റെ ദൃശ്യം വ്യക്തമായത്.
തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ, മതിൽചാടിക്കടന്ന്, പാത്തും പതുങ്ങിയും, വീട്ടുവരാന്തയിലെത്തിയ യുവാവ് രണ്ടു ജോടി ലേഡീസ് ചെരിപ്പ് കൈക്കലാക്കി മടങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പ്രായമായ സ്ത്രീകൾ ഉപയോഗിക്കുന്ന ചെരിപ്പുകളും, പരുഷന്മാരുടെയും കുട്ടികളുടെ ഷൂകളുമെല്ലാം വീട്ടുവരാന്തയിൽ ഉണ്ടായിരുന്നെങ്കിലും, പെൺകുട്ടികളുടെ ചെരിപ്പ് മാത്രമാണ് കള്ളൻ തെരഞ്ഞുപിടിച്ചത്.
മാന്യമായ രീതിയിൽ വസ്ത്രം ധരിച്ച് മുഖം മറയ്്ക്കാതെ എത്തിയ സുമുഖനായ യുവാവാണ്, മോഷ്ടാവ്. കാവൽ നായ്ക്കളെ വളർത്താത്ത വീടുകളിലാണ്, ഇക്കാലമത്രയും മോഷണം നടന്നത്. തെരുവ് നായ്ക്കൾ കടിച്ച്കൊണ്ടുപോവുകയാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ പിന്നീടാണ് പെൺകുട്ടികളുടെ ചെരിപ്പ് മാത്രം മോഷണം പോവുന്നതിൽ നാട്ടുകാർക്ക് അസ്വഭാവികത തോന്നിയത്. ഇതോടെ പരിസരവാസികൾ ചെരിപ്പുകള്ളനെ ലക്ഷ്യമിട്ട്, നിരീക്ഷണവും ഏർപ്പെടുത്തി. എന്നാൽ ഒരിക്കൽ മോഷണം നടത്തിയതിന്റെ സമീപ പ്രദേശങ്ങളിൽ ആറുമാസത്തിന് ശേഷമാണ് ഇയാൾ വീണ്ടും മോഷണം നടത്തിയിരുന്നത്. അതിനാൽ പിടികൂടാൻ സാധിച്ചില്ല. ദൃശ്യവും ലഭിച്ചില്ല.
ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണിപ്പോൾ കള്ളന്റെ ദൃശ്യം കിട്ടിയിരിക്കുന്നത്. വർഷങ്ങളായി ഇവിടെ തലവേദന സൃഷ്ടിക്കുന്ന കള്ള്ളനെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന്, വയലോരം റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ഐ പി ജിതേഷ്, സിസിടിവി ദൃശ്യങ്ങൾ സഹിതം താമരശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും വൈകാതെ പ്രതി പിടിയിലാവുമെന്നും താമരശ്ശേരി പൊലീസ് അറിയിച്ചു.