മലപ്പുറം: വൻ ലാഭം വാഗ്ദാനം ചെയ്ത് രണ്ടുപേരിൽ നിന്നായി സ്വർണവും പണവും വാങ്ങി തട്ടിപ്പു നടത്തിയ കേസിൽ അറസ്റ്റിലായ വനിതാ പൊലീസുകാരിയെ ചുറ്റിപ്പറ്റി നിരവധി നിഗൂഡതകൾ. വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ, മലപ്പുറം തവനൂർ സ്വദേശിനി ആര്യശ്രീയാണ്(47) ഒറ്റപ്പാലം പൊലീസ് അറസറ്റ് ചെയ്തത്. ആര്യശ്രീക്കെതിരെ സമാനമായ പല പരാതികളും നിലനിൽക്കുന്നുണ്ട്. പലതും കേസിന്റെ വക്കത്തുമാണ്. മലപ്പുറം വളാഞ്ചേരി, കൊപ്പം മേഖലകളിൽ നിന്നും കാർ റെന്റിനു വാങ്ങി പണയം വെച്ചും ആര്യശ്രീ
ലക്ഷങ്ങൾ വാങ്ങിച്ചിരുന്നു.

റെന്റ് പണം മുടങ്ങിയതോടെ പണയം വെച്ചവരിൽ നിന്നും ഉടമകൾ കാറുകൾ രണ്ടാംചാവി ഉപയോഗിച്ചു പൊക്കിക്കൊണ്ടുപോയപ്പോഴാണു പൊലീസുകാരി തങ്ങൾക്കു നൽകിയത് വാടക കാറാണെന്നു ഇവർക്കു മനസ്സിലായത്. ചെറിയ തുക റെന്റ് നൽകി രണ്ടും മൂന്നും ലക്ഷം രൂപയ്ക്കാണ് ആര്യശ്രീ പണയംവെച്ചിരുന്നത്. ഇത്തരത്തിൽ 10 ലക്ഷം രൂപയോളമാണു വളാഞ്ചേരി മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഘത്തിനു നൽകാനുണ്ടായിരുന്നത്.

പണയംവെച്ച കാറുകൾ നിർത്തിയിടുന്ന സമയത്തു വാഹനത്തിന്റെ യഥാർഥ ഉടമകൾ രണ്ടാംചാവി ഉപയോഗിച്ചുകൊണ്ടുപോകുന്നതു പതിവായിരുന്നു. ആര്യശ്രീ പൊലീസുകാരി ആയതുകൊണ്ട് തങ്ങളെ വഞ്ചിക്കില്ലെന്ന വിശ്വാസത്തിലാണു ഇവർ പണയമായി കാർ വാങ്ങിച്ചിരുന്നത്. എന്നാൽ ഇക്കാര്യം മനസ്സിലാക്കിയതോടെ സംസാരമുണ്ടാകുകയും ഒത്തുതീർപ്പിലെത്തുകയുമായിരുന്നു. പിന്നീടു ഘട്ടംഘട്ടമായി ഏഴു ലക്ഷത്തോളം രൂപ തങ്ങൾ തിരിച്ചുനൽകിയതായും സംഘം പറഞ്ഞു. ഇനി മൂന്നര ലക്ഷത്തോളം രൂപ തിരിച്ചു നൽകാനുണ്ട്. അത് ഈമാസം 30നു നൽകാമെന്നായിരുന്നു ധാരണയെന്നും ഇവർ പറയുന്നു. ഇത്തരത്തിൽ സമാനമായ വേറെയും ആരോപണങ്ങൾ ആര്യശ്രീക്കെതിരെ ഉയർന്നിട്ടുണ്ട്.

റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥരുടെ ഏക മകളായ ആര്യശ്രീയും കുടുംബവും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ തന്നെയാണ്. എന്നിട്ടും മകളുടെ ഈ പ്രവർത്തനങ്ങൾ എന്തിനാണെന്നു മാതാപിതാക്കൾക്കും അറിയില്ല. പല കേസുകളും മാതാപിതാക്കൾ തന്നെ പണം നൽകി ഒത്തുതീർത്തതായും ഇവരോടടുത്ത വൃത്തങ്ങൾ പറയുന്നു. സാമ്പത്തിക ക്രമക്കേടുകൾ ആവർത്തിച്ചപ്പോൾ, പ്രായമായ മാതാപിതാക്കൾ വിഷയത്തിൽ ഇടപെടാതെ മാറി നിൽക്കുകയായിരുന്നു. അതേ സമയം ഇത്തരത്തിൽ കിട്ടിയ പണം ആര്യശ്രീ എന്തുചെയ്തുവെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

നേരത്തെ കടുമാങ്ങയുടേത് ഉൾപ്പെടെ പഴയകാലത്തെ അച്ചാറുകളുണ്ടാക്കി വിൽപന നടത്തുന്ന ബിസിനസ്സും ആര്യശ്രീ നടത്തിയിരുന്നു. 2019ലാണു ഈ ബിസിനസ്സ് തുടങ്ങിയത്. തുടർന്നു വല്ലപ്പുഴ ചെറുകോട്, പട്ടാമ്പി കോളജ് ഭാഗത്ത്, വാടാനംകുറിശ്ശി എന്നിവിടങ്ങളിൽ ഷോപ്പുകളും ഇട്ടിരുന്നതായി പറയുന്നു. ആര്യശ്രീയുടെ സ്വന്തം വീടായ വെങ്കിട്ടക്കൽ ഇല്ലാത്തുവച്ചാണു അച്ചാറുകൾ ഉണ്ടാക്കിയിരുന്നത്. ഇതിനായി മൂന്നുജോലിക്കാരും ഉണ്ടായിരുന്നതായി ഇവരോടടുത്ത വൃത്തങ്ങൾ പറയുന്നു. ഇതിന് പുറമെ മാക്സി ഷോപ്പ്, ബ്യൂട്ടി പാർലർ ഷോപ്പ് എന്നിവയും നടത്തിയിരുന്നെങ്കിലും ഇതൊന്നും സ്വന്തം പേരിലായിരുന്നില്ലെന്നാണ് വിവരം. തന്റെ ഭൂമി വിൽപനക്കുവെച്ചിട്ടുണ്ടെന്നും ഇതുവിൽപന നടത്തിയാൽ ഉടൻ പണം നൽകാമെന്നുമായിരുന്നു ഇവർ പലരോടും നേരത്തെ പറഞ്ഞിരുന്നത്. ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ കൂടിയാണു ആര്യശ്രീ.

വൻ ലാഭം വാഗ്ദാനം ചെയ്ത് രണ്ടുപേരിൽ നിന്നായി സ്വർണവും പണവും വാങ്ങി തട്ടിപ്പു നടത്തിയ കേസിൽ ആര്യശ്രീ(47) അറസ്റ്റിലാകുന്നത്. ഇതിലെ പരാതിക്കാരായ രണ്ടുപേരും ഇവരുടെ സുഹൃത്തുക്കളാണെന്നാണു വിവരം. തൃശൂർ പഴയന്നൂർ സ്വദേശിനിയിൽ നിന്ന് 93 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് ഏഴര ലക്ഷം രൂപയും വാങ്ങി തിരികെ നൽകാതെ കബളിപ്പിച്ചെന്നാണു പരാതി. എന്നാൽ ഈ സ്വർണം നിലവിൽ ബാങ്കിൽ പണയം വെച്ചതാണെന്നും നഷ്ടമായിട്ടില്ലെന്നും ആര്യശ്രീയുടെ ബന്ധുക്കൾ പറഞ്ഞു.

പണവും സ്വർണവും വാങ്ങി അഞ്ച് വർഷം പിന്നിട്ടിട്ടും മുടക്ക് മുതലോ ലാഭമോ തിരികെ നൽകാതെ വന്നതോടെയാണ് ആര്യ ശ്രീക്കെതിരെ പരാതിയുമായി ഇരുവരും രംഗത്തെത്തിയത്. ഒരു വർഷത്തിനകം സ്വർണവും മൂന്ന് ലക്ഷം രൂപ ലാഭവും നൽകാമെന്നു വാഗ്ദാനം നൽകിയാണ് പഴയന്നൂർ സ്വദേശിനിയിൽനിന്നു സ്വർണം കൈക്കലാക്കിയതെന്നാണു പൊലീസ് പറയുന്നത്. 2017ലാണ് ഇവരെ കബളിപ്പിച്ച് ആര്യശ്രീ പണവും സ്വർണവും തട്ടിയെടുത്തത്. ഇതിനു ശേഷം മൂന്ന് ഘട്ടങ്ങളിലായി ഇവരിൽ നിന്ന് ഒന്നര ലക്ഷം രൂപ വാങ്ങിയെടുത്തെന്നും പൊലീസ് പറഞ്ഞു.

ആര്യശ്രീയും പഴയന്നൂർ സ്വദേശിനിയും സഹപാഠികളാണ്. ഈ ബന്ധം വെച്ച് സഹപാഠിയുടെ വിശ്വസ്തത നേടി പണവും സ്വർണവും കൈക്കലാക്കുക ആയിരുന്നു. ഒറ്റപ്പാലം നഗരത്തിൽ വച്ചായിരുന്നു ഇടപാടുകൾ. ഒരു വർഷം കൊണ്ട് ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്തതോടെ ആര്യശ്രീയടെ ചതിക്കുഴിയിൽ കൂട്ടുകാരി വീഴുകയായിരുന്നു. സ്വർണവും പണവും തിരികെ ലഭിക്കാതിരുന്നതോടെയാണു പഴയന്നൂർ സ്വദേശിനി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

രണ്ടു വർഷം മുൻപാണ് ഒറ്റപ്പാലം സ്വദേശിയിൽനിന്ന് ഏഴര ലക്ഷം രൂപ കൈക്കലാക്കിയത്. വ്യവസായം തുടങ്ങാനെന്നു പറഞ്ഞു പണം വാങ്ങിയെന്നാണു വിവരം. ഇരുവരുടെയും പരാതികളിൽ 2 കേസുകൾ രജിസ്റ്റർ ചെയ്താണ് അറസ്റ്റ്. ഇവരെ കോടതി റിമാൻഡ് ചെയ്തിരുന്നു. തുടർന്നു ഇന്നു ജാമ്യം ലഭിച്ചതായാണു വിവരം. അതേ സമയം ആര്യശ്രീയെ അന്വേഷണ വിധേയമായി മലപ്പുറം ജില്ലാ പൊലീസ് മേധാവി സസ്‌പെൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.