- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാനൂരിൽ യുവതി വീടിനുള്ളിൽ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ; കൊല്ലപ്പെട്ടത് 23 കാരി വിഷ്ണുപ്രിയ; മുഖംമൂടി ധരിച്ചയാളെ സ്ഥലത്ത് കണ്ടെന്ന് നാട്ടുകാർ; ആക്രമണം പെൺകുട്ടി വീട്ടിൽ തനിച്ചായിരിക്കെ; വീട്ടിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ; സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം
കണ്ണൂർ: പാനൂരിൽ യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ ( 23 ) യെയാണ് വീട്ടിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകളാണ് വിഷ്ണുപ്രിയ
രാവിലെയാണ് സംഭവമുണ്ടായത് . പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മുഖംമൂടി ധരിച്ചയാളെ സ്ഥലത്ത് കണ്ടെന്ന് നാട്ടുകാരിലൊരാൾ പറയുന്നു. എന്നാൽ ഇക്കാര്യം ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വീടിനകത്ത് കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.
യുവതിയുടെ കൈകളിലും മുറിവുണ്ട്. പത്തുമണിയോടെ കൊലപാതകം നടത്തി എന്നാണ് കരുതുന്നത്. 11 മണിയോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കൊലപാതകം നടന്ന വിവരം അറിഞ്ഞത്.
സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണമുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം നടന്നു വരികയാണ്. മാധ്യമ പ്രവർത്തകരെ അടക്കം ആരെയും ഇപ്പോൾ കൊലപാതകം നടന്ന സ്ഥലത്തേക്ക് കയറ്റി വിടുന്നില്ല.
നാല് മാസമായി പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. പെൺകുട്ടിയുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങായിരുന്നു. തറവാട്ട് വീട്ടിൽ നിന്ന് വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു വിഷ്ണുപ്രിയ. തിരിച്ചു വരാതിരുന്നപ്പോൾ കുടുംബാംഗങ്ങൾ അന്വേഷിച്ച് വരികയായിരുന്നു. ഈ സമയത്താണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവസമയം തൊപ്പി ധരിച്ച് ബാഗുമായി ഒരാളെ വിഷ്ണുപ്രിയയുടെ വീടിന് മുന്നിൽ കണ്ടതായി വിവരങ്ങളുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് ഖത്തറിലാണ്. കുറച്ച് ദിവസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്ന ഇദ്ദേഹം ഖത്തറിലേക്ക തിരികെ പോയത്. സംഭവത്തെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ സംഭവസ്ഥലത്തേക്ക് തിരിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്