- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മരിച്ചത് ആരെന്നറിയാൻ കാത്തു നിൽക്കാതെ ശ്മശാനത്തിൽ ദഹിപ്പിച്ചു
റാന്നി: ളാഹ മഞ്ഞത്തോട്ടിൽ ആളു മാറി സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി ആവശ്യമായ സാമ്പിളുകൾ ശേഖരിച്ച ശേഷം പഞ്ചായത്ത് ശ്മശാനത്തിൽ ദഹിപ്പിച്ചു. പോസ്റ്റുമോർട്ടം കഴിഞ്ഞതിനാലും പുറത്തെടുത്ത മൃതദേഹം ജീർണിച്ചു തുടങ്ങിയതിനാലുമാണ് ആളെ തിരിച്ചറിയാൻ കാത്തു നിൽക്കാതെ മൃതദേഹം സംസ്കരിച്ചത്. മരിച്ചതും സംസ്കരിച്ചതും ളാഹ മഞ്ഞത്തോട് സോഫിയ ഭവനിൽ രാമൻ ബാബുവാണെന്നാണ് കരുതിയത്. പിതാവിന്റെ മൃതദേഹമാണെന്ന ധാരണയിൽ മകൻ ബോസിന്റെ വീട്ടുവളപ്പിലാണ് സംസ്കരിച്ചിരുന്നത്. മരിച്ചത് രാമൻബാബുവല്ലെന്ന് അറിഞ്ഞതോടെ മൃതദേഹം ഇവിടെ നിന്ന് മാറ്റേണ്ടി വരികയായിരുന്നു.
കഴിഞ്ഞ മാസം 30 ന് നിലയ്ക്കലിനും ഇലവുങ്കലിനും മധ്യേ എം.ആർ കവലയിലെ ആനത്താരയിലാണ് ആനയുടെ ആക്രമണത്തിൽ മരിച്ചയാളുടെ മൃതദേഹം കണ്ടത്. പോസ്റ്റുമോർട്ടം നടത്തിയപ്പോൾ നെഞ്ചിൽ ആന മസ്തകം വച്ച് അമർത്തിയതിന്റെ ലക്ഷണങ്ങൾ കണ്ടു. ഇടതു കൈയ്ക്ക് ഒടിവും തലയ്ക്ക് പിന്നിൽ മുറിവുകളുമുണ്ടായിരുന്നു. രാമൻബാബുവിന്റെ ഏഴു മക്കളും ഒരേ സ്വരത്തിൽ മരിച്ചത് തങ്ങളുടെ പിതാവാണെന്ന് അവകാശപ്പെട്ടു. തുടർന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം മക്കൾക്ക് വിട്ടു കൊടുത്തു. രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ വനംവാച്ചറായ മകൻ ബോസിന്റെ വീടിന് സമീപം മൃതദേഹം അടക്കി. ഒരാഴ്ചയ്ക്ക് ശേഷമാണ് ആരും നിനയ്ക്കാത്ത ട്വിസ്റ്റ് സംഭവിച്ചത്.
ജനുവരി ആറിന് രാവിലെ കൊക്കാത്തോട് കോട്ടാമ്പാറയിൽ വച്ച് ബന്ധുവായ വനംവാച്ചർ മനു രാമൻ ബാബുവിനെ കണ്ടതോടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. തന്റെ മരണവാർത്തയറിഞ്ഞ് രാമൻ ബാബു ഞെട്ടി. പിന്നെ മനുവിനൊപ്പം കോന്നി പൊലീസ് സ്റ്റേഷനിൽ ഹാജരായി. അവിടെ നിന്ന് നിലയ്ക്കൽ പൊലീസിന് കൈമാറി. മരിച്ചത് രാമനല്ലെന്നും മറ്റാരോ ആണെന്നും വ്യക്തമായി.
ഇതോടെയാണ് മൃതദേഹം പുറത്തെടുത്ത് ഡി.എൻ.എ സാമ്പിൾ ശേഖരിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി രാവിലെ റാന്നി ഡിവൈ.എസ്പിയുടെ മേൽനോട്ടത്തിൽ മൃതദേഹം പുറത്തെടുത്തു. പത്തനംതിട്ട പൊലീസ് സർജൻ, തിരുവല്ല ആർ.ഡി.ഓ, ഫോറൻസിക് വിദഗ്ദ്ധർ, വിരലടയാള വിദഗ്ദ്ധർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.