- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസുകാർ ഞങ്ങൾക്ക് കൂടുതൽ തെളിവുകൾ നൽകണം; ഞങ്ങളുടെ അമ്മ മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്; ബാക്കിയുള്ളവർ ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല; ലഖിംപൂർഖേരി ബലാത്സംഗകൊല കേസിലെ പൊലീസ് വാദം തള്ളി കുടുംബാംഗങ്ങൾ; കൂടുതൽ അന്വേഷണം വേണമെന്നും ആവശ്യം
ലഖ്നോ: വിവാദമായ ലഖിംപൂർഖേരി ബലാത്സംഗ കേസിൽ കൊല്ലപ്പെട്ട ദളിത് സഹോദരിമാരുടെ കേസിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. 15ഉം 17ഉം വയസ്സുള്ള പെൺകുട്ടികൾ കുറ്റകൃത്യം നടത്തിയവരുമായി സൗഹൃദത്തിലായിരുന്നെന്ന പൊലീസിന്റെ വാദത്തെയും കുടുംബം തള്ളി. 'പൊലീസുകാർ ഞങ്ങൾക്ക് കൂടുതൽ തെളിവുകൾ നൽകണം. ഞങ്ങളുടെ അമ്മ മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ബാക്കിയുള്ളവർ ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല. പൊലീസ് കൂടുതൽ വിവരങ്ങൾ നൽകണം'-പെൺകുട്ടികളുടെ സഹോദരൻ പറഞ്ഞു.
അറസ്റ്റിലായ ആറുപേരിൽ ഒരാൾ പെൺകുട്ടികളുടെ അയൽവാസിയാണ്, മറ്റ് അഞ്ച് പേർ സമീപ ഗ്രാമത്തിൽ നിന്നുള്ളവരുമാണ്. പെൺകുട്ടികളെ നിർബന്ധിതമായി കൊണ്ടുപോകുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. പ്രതികൾക്കൊപ്പം മോട്ടോർബൈക്കിൽ പെൺകുട്ടികൾ പോകുകയായിരുന്നു. ശേഷം ഇവർ പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. ആത്മഹത്യയാണെന്ന് തോന്നിപ്പിക്കും വിധം പെൺകുട്ടികളെ കെട്ടിത്തൂക്കാൻ ഇവരുടെ രണ്ട് സുഹൃത്തുക്കൾ സഹായിച്ചതായും പൊലീസ് പറഞ്ഞു.
എന്നാൽ, മരിച്ച നിലയിൽ കണ്ടെത്തുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് പെൺകുട്ടികളുടെ അമ്മ പൊലീസിനോട് പറഞ്ഞിരുന്നു. പെൺകുട്ടികളെ മൂന്ന് യുവാക്കൾ ചേർന്ന് നിർബന്ധിച്ച് മോട്ടോർ ബൈക്കിൽ കയറ്റി കൊണ്ടു പോയതാണെന്നും അവർ ആരോപിച്ചു.
'കുറ്റവാളികളുടെ വരും തലമുറകളുടെ ആത്മാവ് വിറയ്ക്കുന്ന തരത്തിലുള്ള ശിക്ഷ ബലാത്സംഗ കേസുകളിൽ നടപ്പാക്കുമെന്ന് നേരത്തെ ബിജെപി വാഗ്ദാനം ചെയ്തിരുന്നു. പുതിയ കേസോടെ കടുത്ത സമ്മർദമാണ് ബിജെപി അഭിമുഖീകരിക്കുന്നത്. കേസിൽ അതിവേഗ കോടതിയിൽ വിചാരണ നടത്തുമെന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പ്രതക് പ്രതികരിച്ചു.
ബിജെപിയുടെ യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ ക്രമസമാധാനം എങ്ങനെ തകർന്നുവെന്നതിന്റെ പ്രതിഫലനമായാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ കുറ്റകൃത്യത്തെ കാണുന്നത്.'കുറ്റവാളികൾ നിർഭയരാണ്, കാരണം ഈ സർക്കാരിന്റെ മുൻഗണനകൾ തെറ്റാണ്'-ബി.എസ്പി നേതാവ് മായാവതി ട്വിറ്ററിൽ കുറിച്ചു. അതേസമയം 2020ലെ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ ഹത്രാസ് കേസിന്റെ ആവർത്തനമാണ് സംഭവമെന്ന് സമാജ്വാദി പാർട്ടിയുടെ അഖിലേഷ് യാദവ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ