മലപ്പുറം: സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് എസ് ഐക്ക് സസ്‌പെൻഷൻ. മലപ്പുറം പെരുമ്പടപ്പ് എസ്‌ഐ എൻ ശ്രീജിത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്. തൃശ്ശൂർ റേഞ്ച് ഡിഐജിയുടെ നിർദ്ദേശ പ്രകാരമാണ് സസ്‌പെൻഷൻ. മലപ്പുറം എസ് പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇയാൾ സ്വർണ്ണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ് ലഭിച്ചിരുന്നു. കടത്തുസംഘങ്ങൾക്ക് ശ്രീജിത്ത് വിവരം ചോർത്തി നൽകിയെന്നും എസ് പിക്ക് വിവരം ലഭിച്ചിരുന്നു. പെരുമ്പടപ്പ് എസ് ഐയായ എൻ ശ്രീജിത്ത് നിരന്തരമായി സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധം പുലർത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ആഭ്യന്തര അന്വേഷണം നടത്തിയത്. മുമ്പ് ഇയാൾ ജോലി ചെയ്തിരുന്ന സ്റ്റേഷനുകളിലും ഇതേ ആരോപണം ഉയർന്നിരുന്നു. സ്വർണവേട്ടക്ക് പൊലീസ് തയ്യാറെടുക്കുന്ന വിവരം പലപ്പോഴും ശ്രീജിത്ത് ആണ് സംഘങ്ങൾക്ക് ചോർത്തി നൽകിയിരുന്നത്. പൊലീസിന്റെ വാഹന പരിശോധനാ റൂട്ടിന്റെ വിവരങ്ങളടക്കം സ്വർണ്ണക്കടത്ത് സംഘത്തിന് കൈമാറിയിരുന്നതായാണ് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയത്.

കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണവേട്ടയുടെ വിവരങ്ങളും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾ പിന്തുടർന്ന് നടത്തുന്ന അന്വേഷണങ്ങളുടെ വിവരങ്ങളും ശ്രീജിത്ത് സംഘത്തിന് കൈമാറിയിരുന്നു. ഗൂഗിൾ പേ വഴിയാണ് ഇയാളിതിന് സംഘങ്ങളിൽ നിന്ന് പണം കൈപ്പറ്റിയിരുന്നത്. സ്വർണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തെ തുടർന്ന് നേരത്തേ കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തിരുന്നു.

സ്വർണ്ണക്കടത്ത് സംഘങ്ങളുമായി എസ് ഐ സാമ്പത്തിക ഇടപാട് നടത്തിയതിന്റെ തെളിവും ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. മലപ്പുറം എസ് പി എസ് ശശിധരനാണ് എസ് ഐയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് തൃശൂർ റേഞ്ച് ഡി ഐ ജിക്ക് കൈമാറിയത്. തുടർന്ന് ഡി ഐ ജി അന്വേഷണ വിധേയമായി ഇയാളെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. എസ് ഐയും സ്വർണ്ണക്കടത്ത് സംഘവുമായുള്ള ബന്ധത്തെക്കുറിച്ച് കസ്റ്റംസും പ്രാഥമിക പരിശോധന തുടങ്ങിയിട്ടുണ്ട്.