- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവി ജോസിനെ നിഷ്പ്രഭനാക്കി ശിവശങ്കർ ചരടുവലികൾ നടത്തിയെന്നതിന് തെളിവുകൾ ഏറെ; യുവി ജോസിന്റെ മൊഴി പൂർണ്ണമായും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന് എതിര്; സിഎം രവീന്ദ്രനിലേക്ക് വിരൽ ചൂണ്ടുന്ന ചാറ്റുകളിൽ വ്യക്തത വരുത്താൻ എൻഫോഴ്സ്മെന്റ്; ഒന്നും തനിക്ക് അറിയില്ലെന്ന ലൈഫ് മിഷൻ മുൻ സിഇഒയുടെ മൊഴി നിർണ്ണായകം
കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിൽ എം ശിവശങ്കറിനെ പ്രതിക്കൂട്ടിലാക്കി യു വി ജോസിന്റെ മൊഴി. കള്ളപ്പണ ഇടപാടോ ഗൂഢാലോചനയോ താൻ അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം മൊഴി നൽകി. സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും ജോസിന്റെ മൊഴിയിലുണ്ട്. അതേസമയം കോഴക്കേസിൽ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരും. സ്വപ്നയുമായുള്ള വാട്സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ തേടും. യു വി ജോസിന്റെയും ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും മൊഴികളുടെ വിശദമായ പരിശോധന തുടരും. അതിന് ശേഷം ഇവരെ കേസിൽ പ്രതിയാക്കണമോ എന്ന് തീരുമാനിക്കും. യുവി ജോസിനേയും ചാർട്ടേഡ് അക്കൗണ്ടന്റിനേയും മാപ്പു സാക്ഷിയാക്കാനും സാധ്യത ഏറെയാണ്. ശിവശങ്കറിന്റെ ഈ ഇടപെടലുകൾ അഴിമതി നടത്തുകയെന്ന ഉദ്ദേശത്തോട് കൂടിയായിരുന്ന എന്ന നിഗമനത്തിലാണ് കേന്ദ്ര ഏജൻസി.
മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനെന്ന നിലയിൽ കരാർ യൂണിടാക്കിന് തന്നെ കിട്ടാൻ യുവി ജോസിനെ നിഷ്പ്രഭനാക്കി ശിവശങ്കർ ചരടുവലികൾ നടത്തിയെന്നാണ് സ്വപ്ന സുരേഷ് മൊഴി നൽകിയിരിക്കുന്നത്. യുവി ജോസിനെ ശിവശങ്കർ മുഖാന്തിരം പരിചയപ്പെട്ടത് സംബന്ധിച്ച് സന്തോഷ് ഈപ്പനും മൊഴി നൽകിയിരുന്നു. ലൈഫ് മിഷൻ കോഴയിടപാടിൽ താൻ ഒന്നും അറിഞ്ഞിട്ടേയില്ലെന്ന് എം ശിവശങ്കർ ആവർത്തിക്കുന്നതിനിടെയാണ് യുവി ജോസിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയത്. കസ്റ്റഡിയിലുള്ള ശിവശങ്കറിനെയും യുവി ജോസിനെയും ഒരുമിച്ചുരുത്തി വ്യക്തതവരുത്താനായിരുന്നു ഈ നീക്കം. ലൈഫ് മിഷൻ കരാറുകാരായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ യു വി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്.
യുഎഇയിലെ ഫണ്ടിങ് ഏജൻസിയായ റെഡ് ക്രസിന്റിനെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരാൻ എന്തൊക്കെ ചെയ്യണമെന്ന് ശിവശങ്കർ സ്വപ്നയോട് നിർദ്ദേശിക്കുന്നതിന്റെ വിവരങ്ങൾ വാട്സാപ്പ് ചാറ്റിലുണ്ടായിരുന്നു. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കേണ്ട കത്തിന്റെ മാതൃകയും ശിവശങ്കർ നൽകി. രവീന്ദ്രനോട് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്താമെന്നും സംഭാഷണത്തിലുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന് ഇക്കാര്യങ്ങൾ മുൻകൂട്ടി അറിയാമായിരുന്നു എന്നാണ് ഇഡി സംശയിക്കുന്നത്. സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാൻ സാധ്യതകൾ ഏറെ.
ചാറ്റുകളിലെ വസ്തുത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഈ ചാറ്റുകൾ രവീന്ദ്രൻ നിഷേധിച്ചിട്ടില്ല. ഇതോടെ സംശയങ്ങൾ പല തരത്തിൽ ഉയരുകയാണ്. ലൈഫ് മിഷൻ പദ്ധതിയുടെ ധാരണാപത്രം എങ്ങനെയാവണമെന്നതടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കുന്നതും രവീന്ദ്രനെ ബന്ധപ്പെടണമെന്ന നിർദ്ദേശവുമാണു ശിവങ്കറിന്റേതായി പ്രചരിക്കുന്ന ചാറ്റിലുള്ളത്. പ്രളയത്തിനു ധനസഹായം ചോദിക്കുന്നതും സ്വപ്നയുടെ സ്വകാര്യവിവരങ്ങൾ അന്വേഷിക്കുന്നതുമാണു രവീന്ദ്രന്റെ പേരിൽ പ്രചരിക്കുന്ന ചാറ്റിലുള്ളത്. ലൈഫ് മിഷൻ സിഇഒ യു.വി.ജോസിനെ ഒപ്പമിരുത്തിയാണ് ഇന്നലെ ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തത്.
ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനൊപ്പവും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണു സ്വപ്നയെ ലോക്കർ തുറക്കാനും ബാങ്കുകളിൽ പണമിടാനും സഹായിച്ചതെന്ന് വേണുഗോപാൽ ആവർത്തിച്ചു. ഇത് ശിവശങ്കറിന് തിരിച്ചടിയായി. യുവി ജോസും ശിവശങ്കറിനെ തള്ളിപ്പറഞ്ഞു. എന്നാൽ രവീന്ദ്രനുമായി ബന്ധപ്പെട്ട തെളിവുകൾ യുവി ജോസിൽ നിന്ന് കിട്ടിയിട്ടില്ലെന്നാണ് സൂചന. കേസ് ഇപ്പോൾ അന്വേഷിക്കുന്ന ഇഡി അസി.ഡയറക്ടർ പി.കെ.ആനന്ദിന്റെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം മുൻപ് അന്വേഷിച്ചവർക്ക് എഴുതി നൽകിയിട്ടുണ്ടെന്ന മൊഴിയാണു ശിവശങ്കർ നൽകുന്നത്.
5 ദിവസത്തെ കസ്റ്റഡി അവസാനിച്ച് ശിവശങ്കറിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമ്പോൾ 5 ദിവസം കൂടി കസ്റ്റഡി നീട്ടിച്ചോദിക്കാനും ഇഡി ആലോചിക്കുന്നുണ്ട്. മുഖ്യപ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിത്തും മാത്രമാണു ശിവശങ്കറിനും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വിവാദ മൊഴികൾ നൽകുന്നത്. എന്നാൽ തെളിവു നിയമപ്രകാരം ഇതിൽ പലതും ദുർബലമാണ്. ഇതുകൊണ്ടാണ് അന്വേഷണം ശിവശങ്കറിലേക്ക് മാത്രമായി ചുരുങ്ങുന്നത്. വാട്സാപ്പ് ചാറ്റുകൾ ശിവശങ്കറിനെതിരായ തെളിവുകളാണ്.
ലൈഫ് മിഷൻ പദ്ധതിയിൽ യുഎഇയിലെ ജീവകാരുണ്യ സംഘടനയായ റെഡ് ക്രസന്റിനെ ക്ഷണിക്കാനും പദ്ധതി സ്വന്തമാക്കാനും എന്തെല്ലാമാണു ചെയ്യേണ്ടതെന്നു സ്വപ്ന സുരേഷിനോടു നിർദ്ദേശിക്കുന്ന വാട്സാപ് ചാറ്റുകളിൽ അസ്വാഭാവികതയില്ലെന്നു ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്. ഈ വാട്സാപ് ചാറ്റുകൾ കാണിച്ച് ഇഡി ചോദ്യം ചെയ്തപ്പോഴായിരുന്നു മറുപടി. പ്രളയത്തിനു ശേഷം പ്രവാസിസംഘടനകളുടെയും വ്യക്തികളുടെയും സംഭാവന സ്വീകരിച്ചു പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ തയാറാക്കിയ കർമപദ്ധതികളുടെ ഭാഗമായി അതു നടപ്പാക്കേണ്ട രീതികളാണു സന്ദേശ രൂപത്തിൽ സ്വപ്നയ്ക്കും കൈമാറിയട്ടുള്ളതെന്നാണു ശിവശങ്കറിന്റെ ന്യായീകരണം. എന്നാൽ കത്തുകൾ തയ്യാറാക്കി നൽകിയത് കുരുക്കായി നിൽക്കുകയും ചെയ്യുന്നു.
പ്രളയദുരിതാശ്വാസ സഹായം ആവശ്യപ്പെട്ടു സി.എം.രവീന്ദ്രൻ നേരിട്ട് സ്വപ്നയ്ക്ക് അയച്ച വാട്സാപ് സന്ദേശം കാണിച്ച് ഇഡി മുൻപും രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സഹായം അഭ്യർത്ഥിച്ച് ഇതേ സന്ദേശം നൂറുകണക്കിനു പ്രവാസികൾക്കും സുഹൃത്തുകൾക്കും താനടക്കം പല ഉദ്യോഗസ്ഥരും അയച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യു.എ.ഇ. കോൺസുലേറ്റിന്റെ കത്തും ചേർത്ത് മുഖ്യമന്ത്രിക്കു നൽകാൻ ശിവശങ്കർ നിർദ്ദേശിച്ചതും വാട്സ്ആപ്പിലൂടെയാണ്. റെഡ് ക്രെസന്റ് സർക്കാരിനു നൽകേണ്ട കത്തിന്റെ രൂപരേഖയും തയാറാക്കി നൽകി. രണ്ട് കത്തുകളും തയാറാക്കിയശേഷം തന്നെ കാണിക്കാനും ആവശ്യമെങ്കിൽ സി.എം. രവീന്ദ്രനെ വിളിക്കാനും സ്വപ്നയോടു ശിവശങ്കർ പറയുന്നു.
ലൈഫ് മിഷൻ ചെയർമാനെന്ന നിലയിലാണു മുഖ്യമന്ത്രിക്കു കത്ത് നൽകാൻ ശിവശങ്കർ നിർദ്ദേശിക്കുന്നത്. പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമ്മാണത്തിനു പണം നൽകാമെന്നു റെഡ് ക്രെസന്റ് അറിയിച്ചിരുന്നു. റെഡ് ക്രെസന്റും ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചതിലും യൂണിടാക്കുമായുള്ള കരാറിനു കമ്മീഷൻ വാങ്ങിയതിലും ശിവശങ്കറിനു പങ്കുണ്ടെന്ന് ഇ.ഡി. ആരോപിക്കുന്നു. വരുംദിവസങ്ങളിൽ കൂടുതൽപ്പേരെ ചോദ്യംചെയ്യും.
മറുനാടന് മലയാളി ബ്യൂറോ