തൃശ്ശൂർ: കേരളാ പൊലീസിന് അഭിമാനമായി രണ്ടംഗ 'തൃശൂർ സ്‌ക്വാഡും'. കണ്ണൂർ സ്‌ക്വാഡ് എന്ന സിനിമയിലൂടെ മലയാളി അനുഭവിച്ച ത്രില്ലറായിരുന്നു തൃശൂരിലെ അറസ്റ്റിൽ നിറയുന്നത്. എല്ലാ പ്രതിബന്ധങ്ങളും തരണംചെയ്താണ് തൃശ്ശൂർ പൊലീസ് ഡൽഹിയിൽനിന്ന് പോക്സോ കേസ് പ്രതിയെ പിടികൂടിയത്. അതിസമർത്ഥമായ അന്വേഷണം. സൈബർ പൊലീസും ലോക്കൽ പൊലീസും എല്ലാം സാഹായവുമായി പന്നിൽ നിന്നപ്പോൾ 'തൃശൂർ സ്‌ക്വാഡിന്റെ' അസാധാരണ വിജയമായി മാറുന്നു ഈ അറസ്റ്റ്. അതും രണ്ട് പൊലീസുകാരുടെ മിടുക്കിൽ.

ഇൻസ്റ്റഗ്രാമിലെ 'മലയാളി മല്ലു' എന്ന പേര് മാത്രമുണ്ടായിരുന്നിടത്തുനിന്ന് ആരംഭിച്ച അന്വേഷണമാണ് ഡൽഹിയിലെ അറസ്റ്റായത്. പൂജ്യം ഡിഗ്രി വരെ എത്തിയ തണുപ്പിനെ അതിജീവിച്ച് നടത്തിയ അന്വേഷണം. പരിശോധിക്കാൻ രണ്ടായിരത്തിലധികം ഫ്ളാറ്റുകളും ഉണ്ടായിരുന്നു. ഒടുവിൽ പ്രതി കുടുങ്ങി. പ്രതി ന്യൂഡൽഹിയിലെ ആർ.കെ. പുരം സെക്ടർ എട്ടിൽ താമസിക്കുകയായിരുന്ന ദേവൻ മേനോനെയാണ് (20) ആണ് തൃശൂർ സ്‌ക്വാഡ് പിടികൂടിയത്. തൃശൂർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ വി.ആർ. ലിജിത്, കെ.എസ്. അഖിൽ വിഷ്ണു എന്നിവരാണ് പ്രതിയെ പിന്തുടർന്ന് പിടികൂടിയത്.

സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നഫോട്ടോകളും വീഡിയോകളും കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി മെയിൽ ഐ.ഡി.യും അതുവഴി ഫോൺ നമ്പറും പൊലീസ് സംഘടിപ്പിച്ചു. സൈബർ പൊലീസിന്റെ സഹായത്തോടെയായിരുന്നു ഇത്. തുടർന്ന് ഡൽഹിയിലേക്ക്. വിലാസത്തിൽ നിന്ന് മൂന്നുമാസം മുൻപെ പ്രതി താമസം മാറ്റിയെന്ന് വ്യക്തമായി. സൂചനകൾ കിട്ടി. ആ സ്ഥലത്ത് 200ൽ അധികം ഫ്‌ളാറ്റുകൾ ഉണ്ടായിരുന്നു. ഓരോന്നിലും നിരവധി താമസക്കാർ.

പ്രതിയുടെ ഫോൺ നമ്പർ മാത്രമാണ് പൊലീസിന്റെ കൈയിലുണ്ടായിരുന്നത്. ഫോട്ടോ പോലും ഇല്ല. പ്രദേശത്തെ മലയാളം പത്രവിതരണക്കാർ, മലയാളികളായ പച്ചക്കറിക്കടക്കാർ, പാൽവിതരണക്കാർ എന്നിവരുടെ സഹായം തേടി. ഇവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. എല്ലാം അതീവ രഹസ്യം. അങ്ങനെ അവർ ഫോട്ടോയിലേക്ക് എത്തി. കടുത്ത തണുപ്പും അന്തരീക്ഷമലിനീകരണവും മൂലം ആളുകൾ പുറത്തിറങ്ങാത്തതും പ്രതിസന്ധിയായി. ഒരു മാസമെടുത്താണ് പ്രതിയുടെ ലൊക്കേഷൻ തിരിച്ചറിഞ്ഞത്.

ലിജിത്തിനും അഖിൽ വിഷ്ണുവിനും മാർഗ്ഗ നിർദ്ദേശവുമായി സർക്കിൾ ഇൻസ്പെക്ടർ ഷാജുവും സബ് ഇൻസ്പെക്ടർ ബാലസുബ്രഹ്‌മണ്യവും അന്വേഷണത്തിൽ മേൽനോട്ടകരായി. സൈബർ പൊലീസിന്റെയും പിന്തുണയും പ്രതിയിലേക്ക് എത്താൻ സഹായിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പത്തനംതിട്ടയിൽ ബന്ധങ്ങളുള്ളയാളാണ് പ്രതി ദേവൻ മേനോൻ. തൃശ്ശൂരിലെത്തിച്ച പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അതിസാഹസികമായിട്ടായിരുന്നു അറസ്റ്റ്.

സോഷ്യൽ മീഡിയ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി പരിചയപ്പെട്ട് ലൈംഗിക ചൂഷണം നടത്തണമെന്ന ഉദ്ദേശത്തോടെ നഗ്‌നഫോട്ടോകളും വീഡിയോകളും കൈവശപെടുത്തുകയായിരുന്നു. ഈ കേസിന്റെ അന്വേഷണത്തിൽ പ്രതി ഡൽഹിയിലാണെന്നു മനസ്സിലാക്കിയ ഉടൻതന്നെ സർക്കിൾ ഇൻസ്‌പെക്ടർ ഷാജു, സബ് ഇൻസ്‌പെക്ടർ ബാലസുബ്രഹ്‌മണ്യം എന്നിവരുടെ നിർദ്ദേശപ്രകാരം സിവിൽ പൊലീസ് ഓഫീസർമാരായ വി.ആർ ലിജിത്, കെ.എസ് അഖിൽ വിഷ്ണു എന്നിവർ ഡൽഹിയിലേക്ക് യാത്രതിരിക്കുകയും ചെയ്തു.

ഡൽഹിയിൽ പ്രതി താമസിക്കുന്നുവെന്ന് മനസിലാക്കിയ പരിസരങ്ങളിലായി നിരവധി ഫ്‌ളാറ്റുകൾ ഉണ്ടായിരുന്നതും പുറത്തിറങ്ങാനാകാത്ത നിലയിലുള്ള കൊടുംതണുപ്പും അന്തരീക്ഷമലിനീകരണവും പ്രതിക്കായുള്ള അന്വേഷണത്തിൽ പൊലീസ് ഓഫീസർമാരെ ഏറെ ബുദ്ധിമുട്ടിച്ചു. പ്രതികൂല കാലാവസ്ഥയിൽ ജനങ്ങൾ പുറത്തിറങ്ങാതിരുന്നതിനാൽ പ്രതിയെകുറിച്ച് അന്വേഷിക്കുന്നതിനായി ഓരോ ഫ്‌ളാറ്റും കയറിയിറങ്ങുന്നത് വളരെ ദുഷ്‌കരമായിരുന്നു.

രണ്ടുപേരുടേയും നിരന്തര പരിശ്രമത്തിന്റെ ഫലമായി ദിവസങ്ങൾക്കുള്ളിൽ തന്നെ രണ്ടായിരത്തോളം ഫ്‌ളാറ്റുകൾ കയറിയിറങ്ങിയാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസും ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചു.