കണ്ണൂർ: കണ്ണൂർ സ്വദേശിക്ക് ലോൺ ഓഫർ നൽകി സൈബർ തട്ടിപ്പുകാർ കൈക്കലാക്കിയത് 43,410 രൂപ ലോൺ എടുക്കുന്നതിനുള്ള പ്രോസസ്സിങ് ഫീസ് ആയും ജി എസ് ടിയായും പണം ആവശ്യപ്പെട്ടാണ് തട്ടിപ്പിന് ഇരയാക്കിയത്. നിരവധി വ്യാജ വെബ്സൈറ്റുകൾ വഴിയും, ലോൺ ആപ്പുകൾ വഴിയും ചെറിയ പലിശ നിരക്കിൽ വായ്പ അനുവദിക്കാമെന്നും, ലോൺ പാസായിട്ടുണ്ടെന്നും മറ്റും വിശ്വസിപ്പിച്ച് വായ്പ ആവശ്യമുള്ളവരെക്കൊണ്ട് തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടിലേക്കോ, യു പി ഐ ഐഡി യിലേക്കോ പണം അടപ്പിച്ചാണ് ചതി ഒരുക്കുന്നത്.

മറ്റൊരു പുതിയ തട്ടിപ്പ് ഇങ്ങനെയാണ്. ടാക്സി ബുക്ക് ചെയ്യുന്നതിനായി ഗൂഗിളിൽ സെർച്ച് ചെയ്ത് കിട്ടിയ നമ്പറിൽ വിളിക്കുകയും അവർ പറഞ്ഞത് പ്രകാരം പണം കൈമാറുന്നതിനുവേണ്ടി ക്രെഡിറ്റ് കാർഡ് ഡീറ്റെയിൽസ് കൈമാറുകയും ഒ ടി പി ലഭിക്കുന്നതിനുവേണ്ടി ഒരു ലിങ്ക് അയച്ചുനൽകി അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും ചയ്തു. തുടർന്ന് രണ്ട് തവണകളായി പണം നഷ്ടമാവുകയായിരുന്നു.

കണ്ണൂർ എയർപോർട്ടിൽ ജോലിചെയ്യുന്ന രാജസ്ഥാൻ സ്വദേശിക്കാണ് 48054 രൂപ നഷ്ടമായത്.ഗൂഗിൾ സേർച്ച് വഴി ലഭിക്കുന്ന എല്ലാ വിവരങ്ങളും ശരിയാകണമെന്നില്ല. സേർച്ച് ചെയ്ത് ലഭിക്കുന്ന വിവരങ്ങൾ യു ആർ ൽ അല്ലെങ്കിൽ വെബ്‌സൈറ്റിന്റെ പേര് രണ്ടുതവണയെകിലും പരിശോധിക്കുക. വെബ്‌സൈറ്റ് ഒറിജിനൽ ആണോ അതോ കബളിപ്പിച്ചതാണോയെന്ന് എപ്പോഴും പരിശോധിക്കണമെന്നും കണ്ണൂർ സൈബർ പൊലിസ് അറിയിച്ചു.

ഏതെങ്കിലും വ്യക്തിക്കോ അജ്ഞാത നമ്പറിനോ ഒരിക്കലും പണമടയ്ക്കരുതെന്നു പൊലിസ് മുന്നറിയിപ്പു നൽകി. ഒരു പ്രൊഫഷണൽ കമ്പനിയും വീണ്ടും വീണ്ടും പണം ആവശ്യപ്പെടുന്നില്ല. തുടക്കത്തിൽ തന്നെ അവർ തങ്ങളുടെ ചാർജുകൾ വെളിപ്പെടുത്താറാണ് പതിവ്.
അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്ട്സ്ആപ്പ് നമ്പർ സംവിധാനം നിലവിലുണ്ട്.

24 മണിക്കൂറും പ്രവർത്തിക്കുന്ന 9497980900 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് വഴി വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. ഇതുകൂടാതെ 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പർ മുഖേനയും പരാതികൾ അറിയിക്കാമെന്ന് കണ്ണൂർ സൈബർ സി. ഐ സനൽകുമാർ അറിയിച്ചു.