ന്യൂഡൽഹി: പാർലമെന്റിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഭവവുമായി ഖാലിസ്ഥാൻ തീവ്രവാദ സംഘനയ്ക്ക് പങ്കില്ലെന്ന നിഗമനത്തിൽ പ്രാഥമിക അന്വേഷണം. ആക്രമണത്തിൽ ആറുപേർക്ക് പങ്കുള്ളതായി പൊലീസ് കണ്ടത്തി. പരസ്പരം അറിയാമായിരുന്ന ഇവർ ഗുരുഗ്രാമിലെ വീട്ടിലാണ് താമസിച്ചിരുന്നതെന്ന് ഡൽഹി പൊലീസ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് തൊട്ടുമുമ്പ് പ്രതികൾ താമസിച്ചിരുന്ന ഗുരുഗ്രാമിലെ വീട്ടിൽ ഡൽഹി പൊലീസ് പരിശോധന നടത്തി. എന്നാൽ ആറു പേരുടെ മാത്രം ആസൂത്രണത്തിൽ ഇത്തരത്തിലൊരു ഓപ്പറേഷൻ നടത്താനാകുമോ എന്ന സംശയവും ഉയരുന്നുണ്ട്.

ലോക്സഭയ്ക്കുള്ളിൽ പുക ഏവരേയും ആശങ്കയിലാക്കി. ഇന്ത്യയുടെ പാർലമെന്റ് മന്ദിരം ആക്രമിക്കുമെന്ന് സിഖ് ഭീകരൻ ഗുർപട്വന്ത് സിങ് പന്നു ഭീഷണി മുഴക്കിയിട്ടും വേണ്ടത്ര കരുതൽ എടുത്തില്ലെന്ന ചർച്ചയാണ് ഈ വിഷയം ഉയർത്തുന്നത്. യു എസിൽ വച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും അതിനു പ്രതികാരമായി ഈ മാസം 13ന് പാർലമെന്റ് ആക്രമിക്കുമെന്നുമാണ് വിഡിയോയിലൂടെയുള്ള പന്നുവിന്റെ ഭീഷണി. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനമാണ് ഡിസംബർ 13. ഖലിസ്ഥാൻ ഹിതപരിശോധന നടത്തിയതിന്റെ പേരിൽ മോദി സർക്കാർ തന്നെ കൊലപ്പെടുത്താൻ ആളെ ഏർപ്പാടു ചെയ്തതായി പന്നു പറഞ്ഞിരുന്നു. ഇതിന് പ്രതികാരം തീർക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന് സമാനമാണ് സംഭവിച്ചത്. എന്നാൽ കൃത്യം ചെയ്തവർക്ക് പന്നുവുമായി ബന്ധമില്ലെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്.

'പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരും പിടികൂടിയ നാലുപ്രതികളും ഗുരുഗ്രാമിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈ സംഭവം ആസൂത്രിതമാണെന്നാണ് കണ്ടെത്തൽ. പ്രതികളിലാരുടെയും ഫോണുകൾ കണ്ടെത്തിയിട്ടില്ല. പൊലീസ് ഫോണിനായി തിരയുകയാണ്', പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നാലു വർഷമായി പ്രതികൾ തമ്മിൽ പരിചയമുണ്ട്. കുറച്ചുദിവസം മുൻപാണ് പാർലമെന്റിൽ പ്രതിഷേധിക്കാനുള്ള പദ്ധതി ഇവർ ആസൂത്രണം ചെയ്തത്. ഇതിനുമുന്നോടിയായി സ്ഥലത്ത് നിരീക്ഷണവും നടത്തിയിരുന്നു. അതിക്രമത്തിനും പ്രതിഷേധത്തിനും കാരണം സർക്കാർ നയങ്ങളോടുള്ള എതിർപ്പെന്ന് പ്രതികൾ പറയുന്നു. ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നൽകാനാണ് ശ്രമിച്ചതെന്നും പ്രതികൾ അന്വേഷണ ഏജൻസികളോട് പറഞ്ഞു.

ഫേസ്‌ബുക്കിലൂടെയാണ് പ്രതികൾ പരിചയപ്പെട്ടത്. ജനുവരി മുതൽ പ്രതിഷേധിക്കാനുള്ള പദ്ധതിയുടെ ആലോചന തുടങ്ങി. അതേസമയം, പ്രതികളെ ഇന്നും വിവിധ സർക്കാർ ഏജൻസികൾ ചോദ്യംചെയ്യും. സംഘത്തിലെ അംഗമായ ലളിത് ഝായ്ക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെ ലോക്‌സഭയിൽ കയറുന്നതിനായി പ്രാദേശിക എം പി യായ പ്രതാപ് സിൻഹയുടെ സ്റ്റാഫ് വഴിയാണ് പാസ് എടുത്തത്. വിവിധ ട്രെയിനുകളിൽ മൂന്ന് ദിവസം മുൻപാണ് എല്ലാവരും ഡൽഹിയിൽ എത്തിയത്. വിശാൽ ശർമ്മ ഇവരെ ഗുരുഗ്രാമിൽ എത്തിച്ചു. പ്രതിഷേധം നടക്കുമ്പോൾ ലളിത് ഝായും പാർലമെന്റിന് പുറത്തുണ്ടായിരുന്നു. ഇയാൾ പ്രതിഷേധം ഇൻസ്റ്റാഗ്രാമിൽ തത്സമയം നൽകി സർക്കാരിന്റെ കർഷക സമരം,മണിപ്പുരടക്കം വിഷയങ്ങളിലെ എതിർപ്പ് പ്രതിഷേധത്തിന് കാരണമായെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.

സാഗർ ശർമ, ഡി. മനോരഞ്ജൻ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ലോക്സഭയുടെ ശൂന്യവേളയിൽ അക്രമം നടത്തിയത്. സാഗർ, സന്ദർശക ഗാലറിയിൽനിന്ന് ലോക്സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്പ്രേ ചെയ്യുകയായിരുന്നു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജൻ, ഈ സമയം സന്ദർശക ഗാലറിയിൽത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാൻ തുറക്കുകയും ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളായ അമോൽ, നീലംദേവി എന്നിവരെ പാർലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്. സംഭവം അന്വേഷിക്കാൻ കേന്ദ്രം സമിതിയെ നിയോഗിച്ചു. സിആർപിഎഫ്. ഡി.ജി. ദയാൽ സിങ്ങിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

മറ്റ് സുരക്ഷാ ഏജൻസികളിൽനിന്നുള്ള അംഗങ്ങളും വിദഗ്ധരും സമിതിയിലുണ്ടാവും. വീഴ്ചകൾ കണ്ടെത്തി തുടർനടപടി ശുപാർശ ചെയ്യാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാർലമെന്റിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സമിതി എത്രയും വേഗം സമർപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനാണ് പന്നു. 2020 ജൂലൈയിൽ ഇയാളെ ഭീകരനായി ഇന്ത്യ പ്രഖ്യാപിച്ചു. പന്നുവിന്റെ ഭീഷണി ഗൗരവത്തിലെടുത്ത് സുരക്ഷാ ഏജൻസികൾ ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചുവെന്നായിരുന്നു റിപ്പോർട്ട്. എന്നിട്ടും പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായി എന്നതാണ് ഗൗരവതരം. ഖാലിസ്ഥാൻ തീവ്രവാദി ഗുർപത്വന്ത് സിങ് പന്നുവിനെ വിട്ടു നൽകണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിൽ പന്നു നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങളുടെ വിവരങ്ങളും കൈമാറി.

ഇയാൾ തുടർച്ചയായി ഇന്ത്യക്കെതിരെ ഭീഷണി മുഴക്കുന്നത് അമേരിക്കയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും നടപടികൾ തുടരുകയാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചിരുന്നു. ഡിസംബർ പതിമൂന്നിന് മുമ്പ് പാർലമെന്റ് ആക്രമിക്കുമെന്നും അത് ഐഎസ്ഐയുടെ സഹായത്തോടെയാകുമെന്നുമായിരുന്നു പിന്നുവിന്റെ ഭീഷണി. പാർലമെന്റ് ആക്രമണത്തിന്റെ 22 ാം വാർഷികം ഡിസംബർ 13 നാണ്. പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്‌സൽ ഗുരുവിന്റെ പോസ്റ്റർ ഉപയോഗിച്ചായിരുന്നു പന്നുവിന്റെ വീഡിയോ.

കഴിഞ്ഞ നവംബർ 19ന് എയർ ഇന്ത്യ വിമാനങ്ങൾ ആക്രമിക്കുമെന്നും പന്നു ഭീഷണി മുഴക്കിയിരുന്നു. എന്നാൽ അന്നൊന്നും സംഭവിച്ചില്ല. അതുകൊണ്ട് തന്നെ പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയേയും ആരും ഗൗരവത്തോടെ കണ്ടില്ല. ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച് ആറു പേരുടെ ഓപ്പറേഷൻ.