- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവേകാനന്ദനെ ആരാധിച്ച എൻജിനിയർ മനോരഞ്ജൻ; അബേദ്കറിനെ നെഞ്ചിലേറ്റിയ പഠനത്തിൽ മടുക്കിയായ നീലം; ഭഗത് സിംഗിനെ ആരാധിച്ച ഓട്ടോ ഡ്രൈവർ സാഗർ ശർമ്മ; അഗ്നിവീർ ആകാൻ കഴിയാതെ നിരാശനായ അമോലും; പാർലമെന്റിലെ സുരക്ഷയെ വെല്ലുവിളിച്ചത് ഈ നാലുപേർ; ആക്രമത്തിന് കാരണം നിരാശയോ?
ന്യൂഡൽഹി: പാർലമെന്റിൽ ഇന്നലെയുണ്ടായ സുരക്ഷാ വീഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മുതിർന്ന മന്ത്രിമാർ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷാവീഴ്ചയിൽ പ്രധാനമന്ത്രി കടുത്ത അമർഷം രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, അനുരാഗ് ഠാക്കൂർ, പിയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയും സംബന്ധിച്ചു. സംഭവത്തിൽ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം സിആർപിഎഫ് ഡിജിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കേസിൽ മൊത്തം ആറ് പ്രതികളെയാണ് തിരിച്ചറിഞ്ഞത്. നാല് പേരാണ് പ്രധാന പ്രതികൾ. മറ്റ് രണ്ട് പേർ ഇവർ സഹായം ചെയ്തവരാണ്. അതിൽ ഒരാൾ പിടിയിലാകാനുണ്ട്. ഇതുവരെയായിട്ടും ഒരു നല്ല ജോലി ശരിയാകാത്തതിൽ അവർ കടുത്ത നിരാശരായിരുന്നുവെന്ന് അറസ്റ്റിലായ രണ്ടു പേരുടെ കുടുംബം പറയുന്നു. ഈ നിരാശയെ ആരോ മുതലെടുത്തതാകാം ആക്രമണം.
മൈസൂരു സ്വദേശിയായ മനോരഞ്ജൻ ഡി ആണ് പാർലമെന്റിലേക്കുള്ള പാസടക്കം സംഘടിപ്പിച്ചത്. ബിജെപി എംപിയിൽ നിന്നും ഇത് സാധിച്ചെടുക്കുന്നതിൽ പോലും ഗൂഢാലോചന നടന്നുവെന്നാണ് വിലയിരുത്തൽ. 33 കാരനായ മനോരഞ്ജൻ എഞ്ചിനീയറിങ് ബിരുദധാരിയാണ്. ഒരു ഐടി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. പിതാവിനൊപ്പം കാർഷിക ജോലികൾ ചെയ്യുകയായിരുന്നു. 25 കാരൻ അമോൽ ഷിൻഡെ മഹാരാഷ്ട്രയിലെ ലത്തൂർ സ്വദേശിയാണ്. ആർമി റിക്രൂട്ട്മെന്റിൽ പങ്കെടുത്തിരുന്നു. പക്ഷേ ജോലി കിട്ടിയില്ല. അടുത്തയാൾ ഹരിയാനയിലെ ജിൻഡ് സ്വദേശിയായ നീലം ആസാദ്. 37 കാരിയായ നീലം അദ്ധ്യാപക ബിരുദം നേടിയിട്ടുണ്ടെങ്കിലും ഇപ്പോഴും തൊഴിൽ രഹിതയാണ്. നാലാമൻ സാഗർ ശർമ. ലക്നൗവിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ് 25 കാരനായ സാഗർ.
' ഞങ്ങൾ പണമുള്ള കുടുംബമല്ല, എന്നാലും അവളെ പഠിപ്പിച്ചു. അവൾ വീട്ടിൽ എപ്പോഴും പറയുമായിരുന്നു, ഞാൻ ആവിശ്യമില്ലാതെ കുറെയേറെ പഠിച്ചു, ഒരു ജോലി കിട്ടുന്നില്ല, ഇതിലും നല്ലത് ഞാൻ ചാകുന്നതാണ്' നീലത്തിന്റെ അമ്മ സരസ്വതി ഇന്ത്യൻ എക്സ്പ്രസ്സിനോട് പറയുന്നു. എംഎ, ബിഎഡ്, എം എഡ്, എംഫിൽ ബിരുദങ്ങൾ നേടിയ നീലം നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഉന്നത പഠനം പിൻബലമായുള്ള നീലം. 2020-21 ലെ കാർഷ സമരത്തിലും ഗുസ്തി താരങ്ങളുടെ സമരത്തിലും നീലം പങ്കാളിയായിരുന്നു. ജിൻഡിലെ ഖാസോ ഖുർദ് എന്ന ഗ്രാമത്തിലുള്ള ഒരു കർഷക കുടുംബത്തിൽ നിന്നാണ് നീലം വരുന്നത്. ഗുസ്തി താരങ്ങളുടെ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബി ആർ അംബേദ്കറിന്റെ ആശയങ്ങളാൽ പ്രചോദിതയാണ് നീലമെന്നാണ് നാട്ടുകാർ പറയുന്നത്.
ആറു മാസത്തോളമായി ഡൽഹിയിൽ പേയിങ് ഗസ്റ്റായി താമസിച്ചുകൊണ്ട് നീലം മത്സര പരീക്ഷകൾക്ക് തയ്യാറെടുപ്പ് നടത്തുകയായിരുന്നുവെന്നും പറയുന്നു. തങ്ങളോടവൾ ഹിസ്സാറിലേക്ക് പോവുകയാണെന്നാണ് പറഞ്ഞതെന്നും ഡൽഹിയിൽ ഉള്ള കാര്യം അറിയില്ലായിരുന്നുവെന്നുമാണ് വീട്ടുകാർ പറയുന്നത്. കുംഹാർ സമുദായക്കാരായ നീലത്തിന്റെ പിതാവ് ഒരു പലഹാര കച്ചവടക്കാരനും സഹോദരൻ പാൽ വിൽപ്പനക്കാരനുമാണ്. നീലത്തിന്റെ തെറ്റ് വീട്ടുകാരും അംഗീകരിക്കുന്നു.
അവിവാഹിതനായ മനോരഞ്ജൻ ബെംഗളൂരുവിലെ ഒരു ഐടി സ്ഥാപനത്തിൽ ജോലി നോക്കിയിരുന്നുവെങ്കിലും അതു വിട്ട് അച്ഛനെ കൃഷിപ്പണിയിൽ സഹായിക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ഡൽഹിയിലും ബെംഗളൂരുവിലും മനോരഞ്ജൻ പോകാറുണ്ടെന്നാണ് പിതാവ് പറയുന്നത്. ' അവൻ കുറെ പുസ്തകങ്ങൾ വായിക്കുമായിരുന്നു, സ്വാമി വിവേകാനന്ദനെയായിരുന്നു പ്രത്യേകമായി വായിച്ചിരുന്നത്. അവന്റെ രാഷ്ട്രീയം എന്താണെന്ന് എനിക്കറിയില്ല, കോളേജിൽ വിദ്യാർത്ഥി നേതാവായിരുന്നു, സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് അവൻ ഈ സമയങ്ങളിലും പറയുമായിരുന്നു'; ദേവരാജൻ മകനെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറയുന്നു.
നീലത്തിനൊപ്പം പാർലമെന്റിന് പുറത്ത് നടത്തിയ പ്രതിഷേധത്തിൽ പിടിയിലായതാണ് അമോൽ ധനരാജ് ഷിൻഡെയും. മഹാരാഷ്ട്രയിലെ ലത്തൂരിലുള്ള സാരി ഗ്രാമത്തിൽ നിന്നുള്ള വ്യക്തി. സൈന്യത്തിലേക്കുള്ള സിലക്ഷകൻ പദ്ധതിയായ അഗ്‌നീവീറിൽ അപേക്ഷിക്കാനുള്ള പ്രായപരിധി അമോലിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് മറ്റ് രീതികളിലുള്ള റിക്രൂട്ട്മെന്റുകളിൽ അവൻ പലവട്ടം പങ്കെടുത്തിരുന്നു, രത്നഗിരിയിലും, ഔറഗബാദിലും നാസിക്കിലുമൊക്കെ നടന്ന റിക്രൂട്ട്മെന്റുകളിൽ പോയിരുന്നു, ഒന്നിലും അവന് ജോലി കിട്ടിയില്ല. കർഷകരാണ് അമോലിന്റെ മാതാപിതാക്കൾ. നാല് മക്കളിൽ ഏറ്റവും ഇളയവനാണ് അമോൽ.
ബെംഗളൂരുവിൽ ഒരു ജോലിയുണ്ടായിരുന്നുവെങ്കിലും രണ്ട് മാസമായി സ്വന്തം നാട്ടിൽ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു സാഗർ ശർമ. ഡൽഹിയിൽ ഒരു പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോവുകയാണെന്ന് സാഗർ വീട്ടിൽ സൂചിപ്പിച്ചിരുന്നു. അച്ഛനും അമ്മയും 15കാരിയായ സഹോദരിയുമാണ് സാഗറിന്റെ കുടുംബം. ഉന്നാവോക്കാരാണ് സാഗറിന്റെ കുടുംബം. കഴിഞ്ഞ 15 വർഷമായി ലക്നൗവിൽ അവർ വാടകയ്ക്ക് താമസിക്കുകയാണ്. അഭിനയത്തിൽ മോഹമുണ്ടായിരുന്ന ആ ചെറുപ്പക്കാരൻ ഭഗത് സിംഗിന്റെ ആരാധകനായിരുന്നു.
പ്രധാന പ്രതികളായ നാല് പേർക്കും ഒത്തുചേരാനും ചൊവ്വാഴ്‌ച്ച രാത്രി തങ്ങാനും ഇടം നൽകിയ കേസിലാണ് ഗുരുഗ്രാം സ്വദേശിയായ അഞ്ചാമൻ വിവേക് ശർമ അറസ്റ്റിലായത്. കേസിലെ ആറാം പ്രതി ലളിതിനെ പിടികൂടാനായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ