- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധ്യപ്രദേശും ഛത്തീസ് ഗഡും രാജസ്ഥാനും ജയിച്ചു കയറിയതിന്റെ വിജയാഘോഷം തകർത്ത പുകയാക്രമണം; ഭീകരാക്രമണങ്ങൾക്ക് അറുതിയുണ്ടാക്കിയെന്ന മോദിയുടെ ആത്മവിശ്വാസത്തിനും കരിനിഴൽ; ലോക്സഭയിലെ ആക്രമണത്തിൽ പ്രതികൾക്കെതിരെ യുഎപിഎ; എൻഐഎ അന്വേഷണം വന്നേക്കും
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിൽ മൂന്നിലും ജയിച്ച ബിജെപി ഈ ശീതകാല സമ്മേളനം ഏല്ലാ അർത്ഥത്തിലും അടിപൊളിയാക്കാമെന്ന പ്രതീക്ഷയിലായിരുന്നു. മധ്യപ്രദേശിനും ഛത്തീസ്‌ഗഡിനും രാജസ്ഥാനിലും അപ്രതീക്ഷിത മുഖ്യമന്ത്രിമാരെ നൽകിയതും ആത്മവിശ്വസത്തിന്റെ തെളിവായിരുന്നു. ഈ ആത്മവിശ്വാസമാണ് ഡിസംബർ 13ന് തകർന്ന് വീണത്. പാർലമെന്റ് പോലും സുരക്ഷിതമല്ലെന്ന് തെളിഞ്ഞ സംഭവം. ഭരണത്തിലുള്ള മോദി സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷത്തിന് കിട്ടിയ ആയുധം. പാർലമെന്റിൽ കടന്നുകയറി അതിക്രമം കാട്ടിയ സംഭവത്തിൽ പ്രതികളിൽ ഒരാൾക്ക് സന്ദർശക പാസ് അനുവദിച്ച ബിജെപി എംപി പ്രതാപ് സിംഹയാണെന്നതും ബിജെപിക്ക് തലവേദനായായി. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. അന്വേഷണം എൻഐഎയോ സിബിഐയോ ഏറ്റെടുത്തേക്കും. എൻഐഎ അന്വേഷണത്തിനാണ് സാധ്യത.
പ്രതാപ് സിംഹ ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ടു. അക്രമിയുടെ കൈവശം പ്രതാപ് സിംഹയുടെ ഓഫീസ് അനുവദിച്ച സന്ദർശക പാസ് കണ്ടെടുത്തത് വിവാദമായതിന് പിന്നാലെയാണ് അദ്ദേഹം ലോക്സഭാ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയത്. പാസ് അനുവദിച്ച സാഹചര്യം സംബന്ധിച്ച കാര്യങ്ങളിൽ പ്രതാപ് സിംഹ സ്പീക്കർക്ക് വിശദീകരണം നൽകി. പിടിയിലായ അക്രമികളിൽ ഒരാളായ സാഗർ ശർമയുടെ പിതാവ് മൈസൂരുവിൽ തന്റെ ലോക്സഭാ മണ്ഡലത്തിൽ താമസിക്കുന്ന ആളാണെന്നും പുതിയ പാർലമെന്റ് മന്ദിരം സന്ദർശിക്കാൻ അദ്ദേഹം പാസ് ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രതാപ് സിംഹ സ്പീക്കറെ അറിയിച്ചു. മാധ്യമങ്ങളോട് പരസ്യ പ്രതികരണം പാടില്ലെന്ന് ബിജെപി നേതൃത്വം പ്രതാപ് സിംഹയെ അറിയിച്ചിട്ടുണ്ട്. ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും വിലയിരുത്തുന്നു.
പാർലമെന്റ് സന്ദർശനത്തിനായി തന്റെ പേഴ്സണൽ അസിസ്റ്റന്റുമായും ഓഫീസുമായും അവർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഇതല്ലാതെ കൂടുതൽ വിവരങ്ങളൊന്നും തനിക്കറിയില്ലെന്നും പ്രതാപ് സിംഹ സ്പീക്കറെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അതിനിടെ മൈസൂരുവിലെ പ്രതാപ് സിംഹയുടെ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. 'ബിജെപി എംപിയുടെ പാസിൽ പാർലമെന്റിൽ കടന്നുകയറ്റം' എന്ന അടിക്കുറിപ്പോടെ പ്രതാപ് സിംഹയും മോദിയും ഒന്നിച്ചുള്ള ചിത്രം ഔദ്യോഗിക എക്സ് പേജിലൂടെ പങ്കുവെച്ചും കോൺഗ്രസ് പരിഹസിച്ചു. സംഭവത്തിൽ വൻ ഗൂഢാലോചന നടന്നുവെന്നാണ് ബിജെപി വിലയിരുത്തൽ.
ബിജെപി അധികാരത്തിൽ എത്തിയ ശേഷം ഭീകരാക്രമണം കുറഞ്ഞെന്നത് മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നിരന്തരം ചർച്ചയാക്കിയിരുന്നു. ഇതിൽ വസ്തുതയുമുണ്ട്. ഇന്ത്യൻ നഗരങ്ങളിൽ ഭീതി ഉയർത്തുന്ന ഭീകരാക്രമണങ്ങൾ ഈ കാലത്ത് നടന്നിട്ടില്ല. ഇന്ത്യയെ സംരക്ഷിച്ചുവെന്ന ഈ വാദത്തിന് എതിരാണ് പാർലമെന്റിലേക്കുള്ള ആക്രമണം. അതും പുതിയ പാർലെന്റ് മന്ദിരത്തിൽ. യാതൊരു സുരക്ഷയും അവിടെ ഇല്ലെന്നതിന് തെളിവായി ടിയർ ഗ്യാസ് ഷെല്ലുമായി ലോക്‌സഭയ്ക്കുള്ളിൽ അക്രമികൾ എത്തിയ സംഭവം. സുരക്ഷാ പാളിച്ച എല്ലാ അർത്ഥത്തിലും തുറന്നുകാട്ടിയ വീഴ്ച. പ്രതിപക്ഷത്തിന് മോദി സർക്കാരിനെതിരെ കിട്ടിയ ആയുധം കൂടിയായി ഈ സംഭവം മാറും.
സാഗർ ശർമ, ഡി. മനോരഞ്ജൻ എന്നിവർ ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ലോക്‌സഭയുടെ ശൂന്യവേളയിലാണ് അക്രമം നടത്തിയത്. സാഗർ, സന്ദർശക ഗാലറിയിൽനിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജൻ, ഈ സമയം സന്ദർശക ഗാലറിയിൽത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാൻ തുറക്കുകയും ചെയ്തിരുന്നു. ലോക്‌സഭയ്ക്കുള്ളിൽ സാഗറും മനോരഞ്ജനും നടത്തിയ അതിക്രമത്തിന് തൊട്ടുമുൻപാണ്, പാർലമെന്റിന് പുറത്ത് നീലം ദേവിയും അമോൽ ഷിൻഡേയും ചേർന്ന് ചുവപ്പും മഞ്ഞയും നിറമുള്ള പുക പരത്തിയതും മുദ്രാവാക്യങ്ങൾ മുഴക്കിയതും. സംഭവത്തിൽ ആറുപേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
പിടിയിലായ നാലുപേർക്കും പരസ്പരം അറിയാമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. ഫെയ്‌സ് ബുക്ക് വഴിയാണ് ഇവരുടെ പരിചയമെന്നും ഇതിലൂടെയാണ് ഇവർ ആക്രമണത്തിന് പദ്ധതിയിട്ടതെന്നുമാണ് വിവരം. അക്രമികൾ പാർലമെന്റിൽ എത്തിയത് മുതലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുകയാണ്. പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഐബി മറ്റ് അന്വേഷണ ഏജൻസികളേയും ബന്ധപ്പെടുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ