ന്യൂഡൽഹി: പാർലമെന്റിലെ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ സമിതി രൂപീകരിച്ച് കേന്ദ്രം. സിആർപിഎഫ് ഡിജി അനീഷ് ദയാൽ സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. വീഴ്ച പരിശോധിച്ച് തുടർനടപടി സമിതി നിർദ്ദേശിക്കും. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. കേ്ന്ദ്രമന്ത്രി അമിത് ഷായെ പ്രതിരോധത്തിലാക്കാനാണ് നീക്കം. പുതിയ മന്ദിരത്തിൽ പഴുതടച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന സർക്കാരിന്റെ അവകാശവാദം പൊളിക്കുന്നതായി ലോക്‌സഭയിലെ അക്രമം.

രാജ്യത്തെ ഞെട്ടിച്ച സംഭവം നിസാര വത്ക്കരിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അക്രമികൾക്ക് പാസ് നൽകിയ ബിജെപി എംപിയെ പുറത്താക്കണമെന്നും, സുരക്ഷ വീഴ്ചയിൽ ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വയ്കണമെന്നുമുള്ള ആവശ്യം പ്രതിപക്ഷം ശക്തമാക്കി. ഒരു പ്രതിപക്ഷ എംപിയായിരുന്നു പാസ് നൽകിയിരുന്തെങ്കിൽ സ്ഥിതി എന്താകുമായിരുന്നുവെന്ന ചോദ്യവും ഉയരുന്നു. അതിനിടെ പ്രതിഷേധത്തിൽ പങ്കെടുത്ത യുവതി കോൺഗ്രസ് പ്രവർത്തകയായിരുന്നുവെന്ന മറുവാദം ബിജെപിയും ശക്തമായി ഉയർത്തുന്നു.

സംഭവം ഒന്നുമല്ലെന്ന് വരുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് കോൺഗ്രസ് ആരോപണം. മുൻ നിശ്ചയിച്ചതുപോലെ ലോക് സഭ വീണ്ടും ചേർന്നു. വെറും പുകമാത്രമാണന്നും പേടിക്കാനൊന്നുമില്ലെന്നുമായിരുന്നു സ്പീക്കരുടെ പ്രതികരണം. പ്രതികളെ പിടികൂടി കഴിഞ്ഞല്ലോയെന്നും കേന്ദ്ര സർക്കാർ ന്യായീകരിക്കുന്നു. അഞ്ച് വലയം സുരക്ഷ പരിശോധന പൂർത്തിയാക്കി അക്രമികൾ എങ്ങനെ അകത്തു കടന്നുവെന്നതാണ് ഉയരുന്നു ചോദ്യം. ബിജെപി എംപി നൽകിയ പ്രവേശന പാസായതിനാൽ പരിശോധന ലഘൂകരിച്ചോയെന്നും പ്രതിപക്ഷം ചോദിക്കുന്നു.

ആളുകളെ കൃത്യമായി മനസിലാക്കി മാത്രമേ പാസ് നൽകാവൂയെന്നാതാണ് നിർദ്ദേശമെന്നിരിക്കേ മൈസൂരു എംപി പ്രതാപ് സിംഹയും പ്രതിസന്ധിയിലായി. രാജ്യസുരക്ഷയുടെ പേരിൽ മഹുവ മൊയ്ത്രയെ പുറത്താക്കിയ സർക്കാർ മൈസൂരു എംപിയെ പുറത്താക്കുമോയെന്ന ചോദ്യവും ഉയരുന്നു. പാർലമെന്റിൽ സമ്മേളനം നടക്കുമ്പോഴും അല്ലാത്തപ്പോഴും സന്ദർശകർക്ക് പ്രവേശനംലഭിക്കാൻ നടപടിക്രമങ്ങളും സുരക്ഷാ പരിശോധനകളുമേറെ. എന്നിട്ടും ലോക്സഭയ്ക്കകത്തുകയറിയ സന്ദർശകർ അതിക്രമം കാണിച്ചത് വലിയ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.

പാർലമെന്റ് സന്ദർശിക്കാനാഗ്രഹിക്കുന്നവർക്ക് എംപി.മാരുടെ ശുപാർശയിലാണ് പാസ് നൽകുന്നത്. ഒരു എംപി.ക്ക് രണ്ടുപേരെയാണ് ശുപാർശ ചെയ്യാനാവുക. പലപ്പോഴും അതിലേറെയും അനുവദിക്കാറുണ്ട്. അപേക്ഷാഫോമിൽ സന്ദർശകരുടെ പേരുവിവരങ്ങൾക്കൊപ്പം തിരിച്ചറിയൽ കാർഡിന്റെ പകർപ്പുസഹിതം പാർലമെന്റിലെ സെൻട്രൽ പാസ് ഇഷ്യൂയിങ് സെന്ററിൽ (സിപിഐ.സി.) തലേന്നുതന്നെ സമർപ്പിക്കണം. തുടർന്ന്, അപേക്ഷാ ഫോമിലെ എംപി.യുടെ ഒപ്പും ഐഡന്റിറ്റി കാർഡ് നമ്പറുമെല്ലാം ഉദ്യോഗസ്ഥർ ഒത്തുനോക്കും. സിറ്റിങ് എംപി.തന്നെയാണ് ഒപ്പിട്ടിരിക്കുന്നതെന്ന് ഉറപ്പുവരുത്തിയശേഷമാണ് പാസ് നൽകുക.

സന്ദർശക പാസിൽ പറയുന്ന സമയത്ത് പാർലമെന്റിലെ റിസപ്ഷനിൽ എത്തണം. പുതിയ മന്ദിരത്തിലേക്കും കയറേണ്ടത് പഴയ റിസപ്ഷൻ വഴിയാണ്. മൊബൈൽ ഫോൺ അവിടെ സമർപ്പിക്കണം. മെറ്റൽ ഡിറ്റക്ടർ വെച്ചുള്ള ഒന്നാം ദേഹപരിശോധനയ്ക്കുശേഷം പാർലമെന്റ് മന്ദിരത്തിലേക്ക്. അവിടെ രണ്ടാം ദേഹപരിശോധന നടത്തിയശേഷം അകത്തുകയറി സഭാ ഗാലറിക്ക് സമീപത്തേക്ക്.

കൈവശമുള്ള ബാക്കി വസ്തുക്കൾ (പഴ്സ്, പണം, സ്മാർട് വാച്ച് തുടങ്ങിയവ) അവിടെ സമർപ്പിച്ചശേഷം മൂന്നാം ദേഹപരിശോധന നടത്തിയാണ് ഗാലറിയിലേക്ക് കടത്തിവിടുക. ഗാലറിയിൽ ഇരുപതു മിനിറ്റോളം ഇരിക്കാം. സഭനടക്കുമ്പോൾ മാത്രമേ ഗാലറിയിലേക്ക് സന്ദർശകരെ കടത്തിവിടൂ. ഗാലറിയിലിരിക്കുമ്പോൾ നാലോ അഞ്ചോ സുരക്ഷാ ഉദ്യോഗസ്ഥർ ചുറ്റുമുണ്ടാകും.ചുരുങ്ങിയത് മൂന്നിടത്തെങ്കിലും ദേഹപരിശോധനയ്ക്ക് എല്ലാവരും വിധേയരാകണം. എന്നിട്ടും സ്‌മോക്ക് ബോംബുമായി അവർ പാർലമെന്റിൽ എത്തിയെന്നതാണ് ഞെട്ടിപ്പിക്കുന്നത്.