പത്തനംതിട്ട: മൈലപ്ര പുതുവൽ സ്റ്റോഴ്സ് ഉടമ ജോർജ് ഉണ്ണൂണ്ണിയെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾ കസ്റ്റഡിയിൽ. പത്തനംതിട്ട കുലശേഖരപതിയായ ഓട്ടോഡ്രൈവർ, തമിഴ്‌നാട് തെങ്കാശി സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്‌മണ്യൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ഓട്ടോഡ്രൈവർ നേരത്തേ പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നു. മുരുകനെയും ബാലസുബ്രഹ്‌മണ്യനെയും തെങ്കാശിയിൽ നിന്ന് പത്തനംതിട്ട ഡിവൈ.എസ്‌പി എസ്. നന്ദകുമാർ, പൊലീസ് ഇൻസ്പെക്ടർ ഗോപകുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്. സ്വർണവും പണവും കൈക്കലാക്കുന്നതിന് വേണ്ടി നടത്തിയ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ പത്തനംതിട്ട സ്വദേശിയായ ഓട്ടോഡ്രൈവറാണ്. ജോർജ് എതിർത്തപ്പോൾ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചുവെന്നാണ് അറിയുന്നത്.

സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ ലൊക്കേഷൻ എന്നിവ ഒഴിവാക്കാൻ പരമാവധി ശ്രമിച്ചാണ് പ്രതികൾ കൃത്യം നടത്തിയത്. എന്നാൽ കൊല നടന്ന ദിവസം പകൽ രണ്ടിനും വൈകിട്ട് ആറിനും സംസ്ഥാന പാതയിലൂടെ കടന്നു പോയ വാഹനങ്ങളുടെ ഡാഷ് ബോർഡ് കാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളിലേക്ക് സൂചന കിട്ടിയത്.

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഓട്ടോറിക്ഷയിലേക്ക് അന്വേഷണം നീളുകയും ഇത് ഏഴംകുളം തൊടുവക്കാട് സ്വദേശിയുടേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഓട്ടോ ഉടമയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ താൻ ഓട്ടോ അടൂർ സ്വദേശിക്ക് വിറ്റുവെന്ന് പറഞ്ഞു. വാഹന വ്യാപാരിയായ അടൂർ സ്വദേശി താൻ ഓട്ടോ വിറ്റത് പത്തനംതിട്ട കുലശേഖരപതി സ്വദേശിക്കാണെന്ന് മൊഴി നൽകി. തുടർന്നാണ് കുലശേഖരപതി സ്വദേശിയായ കസ്റ്റഡിയിലെടുത്തത്. ഇതോടെ മോഷണത്തിന്റെ ചുരുളഴിഞ്ഞെങ്കിലും പ്രതികളെ കിട്ടിയില്ല.

ഓട്ടോഡ്രൈവർ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. അറിയപ്പെടുന്ന ബാങ്ക് കവർച്ചക്കാരൻ പത്തനാപുരം സ്വദേശി ഫൈസൽ രാജിന്റെ ബന്ധുവുമാണ്. പത്തനാപുരം, കോട്ടയം കുറിച്ചി എന്നിവിടങ്ങളിൽ ബാങ്ക് കവർച്ച നടത്തിയ കേസിൽ പ്രതിയായ ഫൈസൽ രാജ് കഴിഞ്ഞയാഴ്ച പ്രമാദമായ കവർച്ചക്കേസിൽ പത്തനംതിട്ട കോടതിയിൽ കീഴടങ്ങിയിരുന്നു.

തമിഴ്‌നാട്ടിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് ഫൈസൽ രാജ് തെങ്കാശിയിലെ കോടതിയിൽ പോയപ്പോൾ കുലശേഖരപതി സ്വദേശിയായ ഓട്ടോക്കാരനും ഒപ്പം പോയിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട മോഷ്ടാക്കളെയും കൂട്ടിയാണ് മൈലപ്രയിൽ കവർച്ചയ്ക്ക് ആസുത്രണം നടത്തിയത്.

ഡിസംബർ 30 ന് വൈകിട്ടാണ് ഇവർ ഓട്ടോയിൽ മൈലപ്രയിൽ വന്നത്. മോഷണ സംഘത്തിൽ ഓട്ടോ ഡ്രൈവർ അടക്കം നാലു പേരുണ്ടായിരുന്നുവെന്ന് പറയുന്നു.