ന്യൂഡൽഹി: ബോളിവുഡ് നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോകൾ സൈബറിടത്തിൽ ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു. ഈ വീഡിയോക്ക് പിന്നിൽ ആരെന്ന് കണ്ടെത്താൻ വേണ്ടി വലിയ തോതിൽ അന്വേഷണങ്ങളും നടന്നു. ഒടുവിൽ ഡീപ് ഫേക്കിന് പിന്നിൽ പ്രവർത്തിച്ചയാളെ ഡൽഹി പൊലീസ് കണ്ടെത്തി. ഡിജിറ്റൽ മാർക്കറ്റിങ് പ്രഫഷണലായ ഈമണി നവീനെയാണ് ഡൽഹി പൊലീസ് അറസ്റ്റു ചെയ്തത്. ആന്ധ്ര സ്വദേശിയാണ് ഇയാൽ.

തെക്കേന്ത്യയിൽ നിന്നാണ് പ്രതിയെ ഡൽഹി പൊലീസ് പിടിയിലായത്. വിവാദ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് നവംബർ 10 നാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ കേസ് എടുത്തത്. രശ്മികയുടെ ഡീപ്‌ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട 500-ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചതിന് ശേഷമാണ് ഡൽഹി പൊലീസ് നവീനിലേക്ക് എത്തിയത് എന്നാണ് വിവരം.

ഗുണ്ടൂരിലെ പെടനാണ്ടിപ്പാട് സ്വദേശിയാണ് 24 കാരനായ നവീൻ. ഇൻസ്റ്റഗ്രാമിൽ ഇയാൾ രശ്മിക മന്ദനയുടെ പേരിൽ ഒരു ഫാൻ പേജ് ആരംഭിച്ചിരുന്നു. എന്നാൽ ഇതിലേക്ക് കൂടുതൽ ആളുകളെ ലഭിക്കാൻ വേണ്ടിയാണ് ഇയാൾ ഡീപ്പ് ഫേക്ക് വീഡിയോ ഉണ്ടാക്കിയത് എന്നാണ് പൊലീസിനോട് സമ്മതിച്ചത്. എന്നാൽ ഈ വീഡിയോ വൈറലായി മാറുകയായിരുന്നു.

കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിൽ കയറുന്ന മറ്റൊരു സ്ത്രീയുടെ വീഡിയോയിൽ നടി രശ്മിക മന്ദനയുടെ മുഖം മോർഫ് ചെയ്ത് ചേർത്താണ് വീഡിയോ പ്രചരിപ്പിച്ചത്. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്യൂവെൻസറുടെ വീഡിയോ വച്ചാണ് രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ തയ്യാറാക്കിയത്.

രശ്മികയുടെ ഡീപ്പ്‌ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിർമ്മിച്ചതായാണ് കണ്ടെത്തൽ. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.