- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന്റെ പിന്നിലൂടെ രഹസ്യമായി കോണി കയറി നജുമുന്നിസ ടെറസിൽ എത്തിയത് ഭർത്താവിനെ നിരീക്ഷിക്കാൻ; ഫോണിലെ അലാം അടിച്ചതോടെ ശബ്ദം കേട്ട് മുഹിയുദ്ദീനും ടെറസിൽ; മലപ്പുറം വാഴക്കാട് സംഭവത്തിൽ വാക്കേറ്റത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് ഭർത്താവ്
മലപ്പുറം: മലപ്പുറം വാഴക്കാട് യുവതി വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് കുറ്റംസമ്മതിച്ചു. താൻ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നു ഭർത്താവ് മുഹിയുദ്ധീൻ പൊലീസിന്റെ ചോദ്യംചെയ്യലിൽ സമ്മതിച്ചതായി വാഴക്കാട് എസ്‌ഐ ഷാഹുൽ ഹമീദ് പറഞ്ഞു.എന്നാൽ പ്രതി തെളിവെടുപ്പുമായി അന്വേഷണവുമായി സഹകരിക്കുന്നില്ല. കൊലപ്പെടുത്താനുള്ള കാരണം വ്യക്തമായി പറയാതെ ഒളിച്ചുകളിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.പ്രതിയുമായി ഇന്നു പൊലീസ് തെളിവെടുപ്പ് നടത്തി.
സംഭവത്തിൽ ഭർത്താവ് മുഹിയുദ്ധീനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാര്യ നജുമുന്നിസ വീടിന്റെ ടെറസിൽ മരിച്ചുകിടക്കുന്നതായി ഭർത്താവ് മുഹിയുദ്ധീൻ ആണ് എല്ലാവരെയും അറിയിച്ചിരുന്നത്. എന്നാൽ വീടിന്റെ ടെറസിൽ വച്ച് മുഹിയുദ്ദീനുമായി തർക്കം ഉണ്ടായതായി പൊലീസ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഭർത്താവിനെ നിരീക്ഷിക്കുന്നതിനാണ് നജ്മുന്നിസ രഹസ്യമായി കോണി വഴി ടെറസിൽ കയറിയത്. വീടിനു മുകളിൽ നിന്ന് ഫോണിലെ അലാറം അടിക്കുകയും ഈ ശബ്ദം കേട്ട് മുഹിയുദ്ധീൻ ടെറസിന് മുകളിലേക്ക് എത്തുകയും ആണ് ഉണ്ടായതെന്നും തുടർന്നാണ് ടെറസിന് മുകളിൽ വച്ച് തർക്കം ഉണ്ടായതെന്നുമാണു പൊലീസ് നിഗമനം.
ഇന്നു പ്രതിയുമായി വാഴക്കാട് പൊലീസ് സംഭവം നടന്ന വീട്ടിൽ തെളിവെടുപ്പ് നടത്തി. യുവതി മരിച്ചു കിടന്ന സ്ഥലവും മറ്റും പ്രതിയോടൊപ്പമെത്തി പരിശോധിച്ചു. അതേ സമയം കൊലപാതകത്തിനു ഉപയോഗിച്ച തൊണ്ടി മുതലുകളോ, മറ്റു തെളിവുകളോ ഒന്നും കാണിച്ചു നൽകാൻ പ്രതി തെയ്യാറായില്ല. ചില കാര്യങ്ങൾ പ്രതി ഇപ്പോഴും മറച്ചുവെക്കുന്നുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
സംഭവ ദിവസം ഭർത്താവിനെ നിരീക്ഷിക്കുന്നതിനു വേണ്ടി നജുമുന്നിസ വീടിന്റെ പിറകുവശംവഴി രഹസ്യമായി കോണി വഴി ടെറസിൽ കയറിയിരുന്നതു് മുഹിയുദ്ദീനെ ചൊടിപ്പിക്കുകയും പിന്നീടുണ്ടായ വാക്കുതർക്കം മൂത്ത് ഇവിടെ വച്ച് തന്നെ മുഹിയുദ്ദീൻ നജുമുന്നിസയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് മുഹിയുദ്ദീനെയും രണ്ടു സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നതിനായി ആദ്യം കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞദിവസം പുലർച്ചയോടെയാണ് നജുമുന്നിസയെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് രണ്ടു മക്കളുണ്ട്. എന്നാൽ തുടക്കത്തിൽ മുഹിയുദ്ദീൻ പൊലീസിനോട് പറഞ്ഞത് നോമ്പ് തുറക്കാനായി കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് പോയിരുന്നുവെന്നും വീടിനു മുകളിൽ നിന്നും പുലർച്ചെ മൊബൈൽ ഫോണിൽ നിന്ന് അലാറം അടിക്കുന്ന ശബ്ദം കേട്ടിട്ട് ടെറസിൽ കയറി നോക്കിയെന്നും അവിടെ നജുമുന്നിസ മരിച്ചു കിടക്കുന്നത് കണ്ടു എന്നുമായിരുന്നു. സ്വന്തം വീട്ടിലേക്ക് പോയ നജുമുന്നിസ രാത്രിയോടെ താൻ താമസിക്കുന്ന വീട്ടിൽ തിരിച്ചെത്തി എന്നാണ് ചോദ്യം ചെയ്യലിൽ മുഹിയുദ്ധീൻ അറിയിച്ചത്. തുടർന്ന് വീടിന്റെ പിന്നിൽ കോണിചാരി ടെറസിൽ കയറി തന്നെ നിരീക്ഷിക്കുന്നതിനു കൂടിയാണ് നജുമുന്നിസ എത്തിയത് എന്നും മൊയ്തീൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്