- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകത്തിലെ റിസോർട്ടിൽ മകളെ കൊന്ന് മലയാളി ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ; മരിച്ചതുകൊല്ലം സ്വദേശികൾ; സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യയെന്ന് കുറിപ്പു കണ്ടെത്തി; അത്താഴം കഴിച്ചു കാരംസ് കളിച്ചു മടങ്ങിയവരെന്ന് റിസോർട്ടുകാർ
മടിക്കേരി: കർണാടകത്തിലെ മടിക്കേരിയിൽ മകളെ കൊലപ്പെടുത്തിയ ശേഷം മലയാളി ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി അബ്രഹാം (38), ഇവരുടെ മകൾ ജെയിൻ മരിയ ജേക്കബ് (11) എന്നിവരെയാണ് സ്വകാര്യ റിസോർട്ടിലെ കോട്ടേജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാവിലെയാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും കുട്ടിയെ മരിച്ച നിലയിലും കണ്ടെത്തിയത്. എസ്യുവി കാറിലെത്തിയ കുടുംബം വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് റിസോർട്ടിലെ കോട്ടേജ് എടുത്തത്. വിശ്രമത്തിനുശേഷം ഇവർ റിസോർട്ടിനു പുറത്തുകൂടി നടന്നിരുന്നു. ഈ സമയം മൂവരിലും അസ്വാഭാവികത തോന്നിയിരുന്നില്ലെന്ന് റിസോർട്ട് മാനേജർ ആനന്ദ് പറഞ്ഞതായി പൊലീസ് പറഞ്ഞു.
വൈകുന്നേരം റിസോർട്ടിനു സമീപത്തെ കടയിലേക്ക് പോയ ശേഷമാണ് മൂവരും അത്താഴത്തിന് എത്തിയത്. അത്താഴം കഴിച്ച ശേഷം കാരംസും കളിച്ചാണ് അവർ ഉറങ്ങാൻ കിടന്നതെന്നാണ് റിസോർട്ടകാർ പറയുന്നത്. ശനിയാഴ്ച 10 മണിയോടെ മടങ്ങുമെന്നും ഇവർ അറിയിച്ചിരുന്നു. 10 മണി കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെ ജീവനക്കാർ വാതിലിൽ തട്ടിവിളിച്ചെങ്കിലും അനക്കമുണ്ടായില്ല. 11 മണിയോടെ ജനൽ തുറന്ന് നടത്തിയ പരിശോധനയിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. കൊല്ലത്ത് ബിസിനസ് നടത്തുകയായിരുന്നു ദമ്പതികൾ. സംഭവത്തിൽ മടിക്കേരി റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മറുനാടന് മലയാളി ബ്യൂറോ