കൊച്ചി: ദുബായിലെ ബാങ്കിൽ നിന്ന് 300 കോടി തട്ടിയെടുത്ത് കേരളത്തിൽ വിവിധ മേഖലകളിൽ നിക്ഷേപിച്ച മലയാളി വ്യവസായി പിടിയിലായി. ഇഡിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കാസർകോട് സ്വദേശിയായ അബ്ദുൾറഹ്‌മാനെ കൊച്ചിയിലെ ഹോട്ടലിൽ നിന്നാണ് വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തത്.

കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ഇയാളെ ചോദ്യംചെയ്തുവരികയാണ്. ഇയാളുടെ ഉടമസ്ഥതയിലുള്ള 25-ഓളം സ്ഥലങ്ങളിലും ഇ.ഡി.യുടെ റെയ്ഡ് നടക്കുന്നുണ്ട്. വിദേശത്ത് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ അന്വേഷണം നടത്തുന്നത് ഇതാദ്യമായിരിക്കും. ദുബായ് ഭരണകൂടത്തിന്റെ കൂടി ആവശ്യപ്രകാരമാണ് കേന്ദ്ര സർക്കാർ ഇതിൽ ഇടപെടുകയും ഇഡി അന്വേഷണത്തിന് നിർദ്ദേശിക്കുകയും ചെയ്തത്.

2017-18 കാലയളവിൽ ദുബായിലെ വിവിധ ബാങ്കുകളെ കബളിപ്പിച്ച് അബ്ദുൾറഹ്‌മാൻ 300 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഈ പണം കേരളത്തിലെ വിവിധമേഖലകളിലായി ഇയാൾ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ്, സിനിമ അടക്കമുള്ള വ്യവസായങ്ങളിലാണ് അബ്ദുൾറഹ്‌മാൻ പണം നിക്ഷേപിച്ചിരുന്നത്.

'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയിൽ 60 ശതമാനത്തോളം പണം മുടക്കിയത് അബ്ദുൾറഹ്‌മാൻ ആണെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. മാത്രമല്ല, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഡാലിയ ബിൽഡേഴ്സിൽ ഇയാൾ സഹപാർട്ണറാണെന്നും ഇ.ഡി.യുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പി.എഫ്.ഐ. നേതാക്കളുമായി ബന്ധമുള്ള സ്ഥാപനമാണിത്.

തട്ടിപ്പുകേസിൽ ഉൾപ്പെട്ട അബ്ദുൾറഹ്‌മാൻ കഴിഞ്ഞദിവസം രാത്രിയാണ് കൊച്ചിയിലെ ഹോട്ടലിൽ എത്തിയത്. തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് ഇ.ഡി. സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുമായി ബന്ധപ്പെട്ട കോഴിക്കോട്, മലപ്പുറം, കാസർകോട് തുടങ്ങിയ സ്ഥലങ്ങളിലെ 25-ഓളം കേന്ദ്രങ്ങളിലും ഇ.ഡി.യുടെ പരിശോധന നടക്കുന്നുണ്ട്.