തിരുവനന്തപുരം: ദുബായിലെ പ്രവാസ ലോകത്തെ ഞെട്ടിച്ചു മലയാളിയുടെ കൊലപാതകം. തിരുവനന്തപുരം പേരൂർക്കട സ്വദേശിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ഒപ്പം ജോലി ചെയ്തിരുന്ന പാക്കിസ്ഥാനികളാണ അരുംകൊല നടത്തിയതിന് പിന്നിൽ. അനിൽ വിൻസെന്റാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പാക്കിസ്ഥാനികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

അനിൽ വിൻസെന്റിനൊപ്പം ജോലി ചെയ്തിരുന്നവർ തന്നെയാണ് കൊലപാതകികളായി മാറിയത്. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്നവർ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് കേസ്. ജനുവരി രണ്ടിനാണ് അനിലിനെ കാണാതായത്. ദുബായിലെ ട്രേഡിങ് കമ്പനിയിൽ പിആർഒ ആയിരുന്നു അനിൽ.

ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന സഹോദരൻ പ്രകാശിന്റെ നിർദേശപ്രകാരം സ്റ്റോക്ക് പരിശോധനയ്ക്ക് അനിൽ പാക്കിസ്ഥാൻ സ്വദേശിക്കൊപ്പം പോവുകയായിരുന്നു. പിന്നെ മടങ്ങിയെത്തിയില്ല. ഇതോടെ അനിലിനെ കാണാനായില്ലെന്ന വിവരമാണ് പുറത്തുവന്നത്. കാണാതായ അനിലിന് വേണ്ടി ദുബായിലെ സുഹൃത്തുക്കളും അന്വേഷണം നടത്തി. തുടർന്ന് കുടുംബത്തിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്.

അതേസമയം അരുംകൊലയെ കുറിച്ചു അന്വേഷണം നടത്താനും മറ്റെല്ലാ കാര്യങ്ങൾക്കും ഓടി നടന്നത് എല്ലാമറിയുന്ന പാക്കിസ്ഥാനിയായിരുന്നു. കേസ് കൊടുക്കാനും അന്വേഷണത്തിനും പ്രകാശിനും ഓഫിസ് ജീവനക്കാർക്കും ഒപ്പം പ്രതിയായ പാക്കിസ്ഥാനിയും ഉണ്ടായിരുന്നു. സംശയം ഇയാളിലേക്ക് നീണ്ടതോടെ ഇയാൾ ഒളിവിൽ പോകുകയും ചെയ്തു. ഇതോടെയാണ് കൊലപാതകത്തിന് പിന്നിലെ പാക്കിസ്ഥാനികളുടെ കരങ്ങൾ വ്യക്തമായത്.

ഇയാളെ അറസ്റ്റു ചെയ്തതോടെ മൂന്ന് പേരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായി. മൃതദേഹം മറവു ചെയ്യാൻ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറായ പാക്കിസ്ഥാനി പൗരൻ നാട്ടിലേക്ക് കടന്നുകളഞ്ഞു. കൊലപാതകത്തിനു സഹായിച്ച മറ്റു രണ്ടുപേരാണ് കസ്റ്റഡിയിലുള്ളത്. ജോലി സംബന്ധമായ മുൻ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന നിഗമനമാണു പൊലീസിന്റേതെന്നു ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് ദുബായ് പൊലീസ് ഒരുങ്ങുന്നത്. അനിലിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.