- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാൽ വാങ്ങി ഇറങ്ങിയ കുട്ടികളെ മുഖം മറച്ചെത്തിയ സംഘം ബലമായി പിടിച്ച് കാറിൽ കയറ്റാൻ നോക്കി; ഒരു കുട്ടി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാളുടെ കയ്യിൽ കടിച്ചു; മറ്റേ കുട്ടി പിന്നാലെ ഓടി; തൊട്ടടുത്ത വീട്ടിൽ ഓടി കയറിയതിനാൽ രക്ഷപ്പെട്ടുവെന്നും മൊഴി; മലയിൻകീഴ് പൊലീസിനെ വട്ടം ചുറ്റിച്ച് തട്ടിക്കൊണ്ടു പോകൽ
തിരുവനന്തപുരം: മലയിൻകീഴിന് അടുത്ത് സമീപത്തെ വീട്ടിൽ നിന്നും പാൽ വാങ്ങി നടന്നു വരികയായിരുന്ന ബന്ധുക്കളായ എട്ടും പത്തും വയസ്സുള്ള പെൺകുട്ടികളെ കാറിൽ മുഖം മറച്ചെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായുള്ള പരാതിയാണ് പൊലീസിനെ വട്ടം ചുറ്റിക്കുന്നത്. കേസിന് ഉപകാരപ്രദമാകുന്ന സിസിടിവി ദൃശ്യമോ സാക്ഷിമൊഴികളോ കിട്ടിയിട്ടില്ല. വിളവൂർക്കൽ പെരുകാവ് തുറവൂർ നിന്ന് പൊറ്റവിള ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്ത് തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.
എപ്പോഴും ആൾക്കാർ റോഡിൽ ഉണ്ടാകുന്ന സ്ഥലത്താണ് സംഭവം നടന്നതെന്ന് പെൺകുട്ടികൾ പറയുന്നു. തൊട്ടടുത്ത വീട്ടിലെ സി സി ടി വി പരിശോധിച്ചപ്പോൾ അത് വഴി ഈ പറഞ്ഞ സമയത്ത് മറ്റു വാഹനങ്ങൾ കടന്ന പോയിട്ടുമില്ല. കൂടാതെ ഒരു കാർ ഈ റോഡിൽ കയറിയാൽ റിവേഴ്സ് എടുക്കാതെ തിരിച്ചു പോകാനും കഴിയില്ലെന്ന് പൊലീസ് പറയുന്നു. വൈകുന്നേരമായിരുന്നിട്ടു കൂടി നാട്ടുകാർ ആരും സംഭവം കണ്ടിട്ടുമില്ല.
തുറവൂർ കോണംകോട് സ്വദേശികളായ കുട്ടികളെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പൊലീസിൽ പരാതി ലഭിച്ചത്. കാറിൽ എത്തിയ നാലംഗ സംഘത്തിലെ 2 പേർ ആദ്യം കുട്ടികളെ പിടിച്ചു വായ് പൊത്തി. തുടർന്ന് കാറിന് അടുത്തേക്കു ബലംപ്രയോഗിച്ചു കൊണ്ടു പോകാൻ ശ്രമിച്ചു. ഇതിനിടയിൽ എട്ടു വയസ്സുള്ള കുട്ടി തന്നെ പിടിച്ചിരുന്ന ആളുടെ കയ്യിൽ കടിച്ച ശേഷം ഓടി രക്ഷപ്പെട്ടു. പിന്നാലെ മറ്റേ കുട്ടിയും രക്ഷപ്പെട്ടു. ഇരുവരും സമീപത്തെ വീട്ടിലേക്ക് ഓടി കയറി. തുടർന്ന് കുട്ടികളുടെ മാതാപിതാക്കളോട് കാര്യം അറിയിച്ചു.
നാട്ടുകാർ രാത്രി വൈകിയും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പിന്നീട് രാത്രി അത് വഴി പോയ ഒരു കാർ കണ്ടപ്പോൾ തട്ടിക്കൊണ്ടു പോകാൻ എത്തിയവർ ഈതു പോലെയുള്ള വെള്ള കാറിലാണ് എത്തിയതെന്നും കുട്ടികൾ പറഞ്ഞു. അതിന് പ്രകാരം ആ കാറിന്റെ ഉടമയെ കണ്ടെത്താനും പൊലീസ് നീക്കം ആരംഭിച്ചു. കുട്ടികളുടെ മൊഴിയിൽ കൂടുതൽ വ്യക്തത വേണമെന്നും പരാതിയിൽ അന്വേഷണം ആരംഭിച്ചതായും മലയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ ടി.വി.ഷിബു പറഞ്ഞു.
അതേസമയം കുട്ടികളെ ഇന്ന് പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കി. കൗൺസിലിംഗിനാണ് ഹാജരാക്കിയത്. കൗൺസിലിങ് കൂടി കഴിഞ്ഞ ശേഷമേ കേസിൽ കാര്യക്ഷമമായ അന്വേഷണത്തിലേക്ക് പൊലീസ് നീങ്ങു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്