- Home
- /
- News
- /
- INVESTIGATION
സുജിത് ദാസ് സംഘം പിടികൂടിയ സ്വര്‍ണം എവിടെ? നൂറുകിലോ കനകം പോയത് എങ്ങോട്ട്? മാമിയുടെ തിരോധാനത്തിലെ നേരറിയാന്‍ സിബിഐക്ക് എത്തുമ്പോള്‍
സുജിത് ദാസിനെതിരെ ആരോപണവുമായി കെ എം ബഷീര്‍
- Share
- Tweet
- Telegram
- LinkedIniiiii
കോഴിക്കോട്: നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരും, വ്യവസായിയുമായ മാമി എന്ന് വിളിക്കുന്ന ആട്ടൂര്‍ മൂഹമ്മദ് എന്ന വ്യവസായിയുടെ തിരോധാനം ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കയാണ്. ഒരു വര്‍ഷം മുമ്പ് കാണാതായ മാമിയെ കണ്ടെത്താനായി സിബിഐ എത്തുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. അതോടെ കുടുംബവും പ്രതീക്ഷയിലാണ്. അതിനിടെ കോഴിക്കോട് കേന്ദ്രീകരിച്ച് പൊലീസും കസ്റ്റംസും ഒത്തുകളിച്ച് ചെയ്ത പല സ്വര്‍ണ്ണവേട്ടയുടെയും ഇരയാണ് മാമിയെന്നും സുഹൃത്തുക്കളുടെ ഭാഗത്തുനിന്ന് ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.
നിലമ്പൂര്‍ എംഎല്‍എ, പി വി അന്‍വര്‍ പൊലീസിനെതിരെ നടത്തിയ വെളിപ്പെടുത്തലില്‍ ഒരു പ്രധാന വിഷയമായി പറഞ്ഞ കാര്യമാണ്, കോഴിക്കോട്ടെ മാമിയുടെ തിരോധാനം. കഴിഞ്ഞ ഒരു വര്‍ഷമായി കാണാമറയത്തുള്ള മാമി സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് മാമിയെ കാണാതായത് എന്ന് അന്‍വര്‍ പറയുന്നുണ്ട്. എഡിജിപി എം. ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകുമെന്നും അന്‍വര്‍ പറയുന്നു. എസ്.പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധ ഉപയോഗിച്ചാണ് കരിപ്പുര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ഈ വെളിപ്പെടുത്തലോടെയാണ് മാമിയുടെ തിരോധാനം വലിയ ചര്‍ച്ചയായത്. ഈ കേസ് സിബിഐയ്ക്ക് കൈമാറാന്‍ കേരളാ പോലീസില്‍ ധാരണയായിട്ടുണ്ട്. അതുകൊണ്ട് തന്നെ സിബിഐ എത്തുമെന്ന് ഉറപ്പാണ്.
പിന്നില്‍ സ്വര്‍ണ്ണക്കടത്തു സംഘം
മാമിക്ക് ഉന്നത തലത്തിലുള്ള പല ബന്ധങ്ങളും ഉണ്ടായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. അദ്ദേഹമറിയാതെ കോഴിക്കോട്ട് ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസും നടക്കില്ല എന്നാണ് പറയുന്നത്. ആഡംബര വാഹനങ്ങളുടെ വില്‍പ്പന സ്വര്‍ണ്ണവ്യാപാരം, തുടങ്ങിയ നിരവധി കാര്യങ്ങളിയായി കോഴിക്കോട് മുതല്‍ മുബൈവരെ നീണ്ടുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ ശൃംഖല എന്നാണ് പറയുന്നത്.
അതേസമയം ബിസിനസില്‍ അങ്ങേയറ്റം സത്യസന്ധനുമായിരുന്ന മാമി എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ജ്വല്ലറികള്‍ക്ക് സ്വര്‍ണ്ണം സപ്ലെ ചെയ്യുന്ന, കമ്മീഷന്‍ ഏജന്റായും മാമി പ്രവര്‍ത്തിച്ചതായി പറയുന്നു. ഇതുവഴിയാണ് അദ്ദേഹത്തിന് പി വി അന്‍വര്‍ പറയുന്നതുപോലെ സ്വര്‍ണ്ണക്കടത്തുസംഘവുമായി ബന്ധം വരുന്നത് എന്നും പറഞ്ഞുകേള്‍ക്കുന്നു. സ്വര്‍ണ്ണബിസിനസിനിടയിലെ പല തര്‍ക്കങ്ങളും മാമി ഇടപെട്ടാണ് പരിഹരിച്ചതത്രേ. അതിനിടെയാണ് കോഴിക്കോട്ട് ഒരു നൂറുകിലോ സ്വര്‍ണ്ണം കാണാതായതായി അഭ്യൂഹം പരക്കുന്നത്. ഇതുസംബന്ധിച്ച പ്രശ്‌നമാണോ മാമിയുടെ തിരോധാനത്തിന് പിന്നിലെന്നും അറിയില്ല. അന്വേഷണം ഈ വഴിക്ക് നീങ്ങണം എന്നാണ് നാട്ടുകരുടെയും ബന്ധുക്കളുടെയും ആവശ്യം.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പരിസരത്തുവച്ച് മുന്‍ എസ്പി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം സ്വര്‍ണം പിടികൂടുന്നത് എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് പൊതുപ്രവര്‍ത്തകനും മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റുമായ കെ.എം. ബഷീര്‍ ആരോപിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കുവരെ പരാതി നല്‍കിയിട്ടുണ്ട്. '' സ്വര്‍ണക്കടത്ത് കേസില്‍ പൊലീസ് നേരിട്ട് ഇടപെടാന്‍ പാടില്ലെന്നും പൊലീസ് സ്വര്‍ണം പിടിച്ചാല്‍ കസ്റ്റംസിനു കൈമാറണമെന്നുമാണു നിയമം.
എന്നാല്‍ പിടിച്ചെടുത്ത സ്വര്‍ണം നേരിട്ട് കോടതിയില്‍ ഹാജരാക്കുകയാണ് ചെയ്യുന്നത്. പിടിച്ചെടുക്കുന്ന സ്വര്‍ണത്തില്‍ നിന്നും ഒരു ഭാഗം മാറ്റിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കുന്നത്. സ്വര്‍ണം കൊണ്ടോട്ടിയിലുള്ള ഉണ്ണി എന്ന സ്വര്‍ണപ്പണിക്കാരനെക്കൊണ്ടാണ് ഉരുക്കിക്കുന്നത്. ഒരു കിലോ സ്വര്‍ണമാണ് പിടിച്ചതെങ്കില്‍ കോടതിയില്‍ കെട്ടിവയ്ക്കുമ്പോള്‍ 300 ഗ്രാമോളം കുറവുണ്ടാകും. സ്വര്‍ണം ഉരുക്കുന്ന ഉണ്ണി ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. ഇതില്‍ സുജിത് ദാസിന് പങ്കുണ്ട്''- കെ എം ബഷീര്‍ ആരോപിക്കുന്നു.
കരിപ്പൂരിലെ കടകള്‍ അടച്ചതെന്തിന് ?
പത്തനംതിട്ടയിലേക്ക് സ്ഥലം മാറിയപ്പോളും അവിടെയിരുന്നുകൊണ്ട് സുജിത് ദാസ് സ്വര്‍ണക്കടത്ത് നിയന്ത്രിച്ചുവെന്നും ബഷീര്‍ ആരോപിക്കുന്നു. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണമാണ് സുജിത് ദാസ് അടങ്ങുന്ന സംഘം തട്ടിയെടുത്തത്. രാത്രി 10 മണിക്കു ശേഷം കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡിലെ കടകള്‍ അടച്ചിടണമെന്ന് സുജിത്ത് ദാസ് ഉത്തരവിറക്കിയത് കള്ളക്കടത്ത് സുഗമമാക്കാനാണെന്നും പരാതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ കടകള്‍ അടക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടില്ലെന്നറിയിച്ച് പരാതി തള്ളുകയായിരുന്നുന്നുവെന്നും ബഷീര്‍ പറഞ്ഞു. നേരത്തെ രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ച സംഭവവും അന്വേഷിക്കണമെന്ന് ബഷീര്‍ പരാതിയില്‍ പറഞ്ഞിരുന്നു.
ഈ വെളിപ്പെടുത്തല്‍ വന്നതോടെയാണ് മാമിയുടെ മരണത്തിനുപിന്നിലും സ്വര്‍ണക്കടത്ത് സംഘമാണോ എന്ന ആരോപണം ബലപ്പെട്ടത്. എഡിജിപി അജിത്കുമാറിനുവരെ ബന്ധമുള്ള ഈ സംഘമാണ് മാമിയെ കൊന്നുകളഞ്ഞത് എന്ന് സംശയിക്കുന്നതായി പി വി അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് ആവശ്യം.
കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്ത് പണം വാങ്ങി, പൊലീസിന് സമാന്തരമായി അന്വേഷണം നടത്തിയെന്ന ആക്ഷേപവും മാമിയുടെ തിരോധാനത്തിനുശേഷം ഉയര്‍ന്നിരുന്നു. തങ്ങള്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്ന് പിന്നീട് കുടുംബം വ്യക്തത വരുത്തി. മാമിയുടെ ചില ജീവനക്കാരെ ചുറ്റിപ്പറ്റിയും ഊഹാപോഹങ്ങള്‍ ഉയര്‍ന്നു. രണ്ടാഴ്ച മുമ്പ് മാധ്യമം ദിനപത്രം, മാമിയെ കാണാതായി ഒരു കൊല്ലമായപ്പോള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഇക്കാര്യങ്ങള്‍ എടുത്തു പറഞ്ഞിരുന്നു.
കോടികള്‍ ആസ്തിയുണ്ടെന്ന് പറയുന്ന മാമിക്ക്, നാലു ഭാര്യമാരുണ്ട്. പക്ഷേ എല്ലാ കുടുംബാംഗങ്ങളും ഒരേ മനസ്സോടെയാണ് ഇപ്പോള്‍ അന്വേഷണ ആവശ്യവുമായുള്ളത്. രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി, പുത്തന്‍പണം, ലോഹം എന്നീ ചിത്രങ്ങളിലെ ചില കഥാപാത്രങ്ങളെ സൃഷ്ടിച്ചത് മാമിയെ കണ്ടിട്ടാണെന്ന ഒരു വാര്‍ത്തയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പക്ഷേ അതുപോലെ സിനിമാറ്റിക്കായിപ്പോയി പിന്നീട് മാമിയുടെ ജീവതവും. ഇപ്പോള്‍ അദ്ദേഹം എവിടെയുണ്ടെന്നുപോലും ആര്‍ക്കും അറിയില്ല.