കോതമംഗലം: ഭാര്യയെ സ്ഫോടകവസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചു അറസ്റ്റിലായ ഭർത്താവ് നേരത്തെ തയ്യാറെടുപ്പുകൾ നടത്തിയതായി വിവരം ലഭിച്ചെന്ന് പൊലീസ്. കോതമംഗലം മലയൻകീഴ് കൂടിയാട്ട് വീട്ടിൽ അലക്സ് (27) നെയാണ് സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. തങ്കളത്തെ ചൈനീസ് പടക്ക വിൽപ്പന കേന്ദ്രത്തിൽ നിന്നും പടക്കങ്ങൾ വാങ്ങി, ഇതിലെ ഗൺപൗഡർ വേർതിരിച്ചെടുത്ത് ഗുണ്ട് തയ്യാറാക്കുകയായിരുന്നെന്നും തീപിടിക്കാൻ പൗഡറിനൊപ്പം പാറക്കഷണങ്ങളും ഉൾപ്പെടുത്തിയിരുന്നെന്നുമാണ് പൊലീസ് കണ്ടെത്തൽ.

ഗുണ്ട് തയ്യാറാക്കിയത് യൂട്യുബിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നെന്ന് അലകസ് പൊലീസ് മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്. പ്രഹരശേഷി ഉറപ്പിക്കാനായി വീടിനടുത്തുള്ള കനാലിന്റെ തീരത്ത് അലക്സ് സ്ഫോടനം നടത്തിയതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പരീക്ഷണത്തിനായി രണ്ട് ഗുണ്ട് എറിഞ്ഞെങ്കിലും ഒരെണ്ണം പൊട്ടിയില്ല.രണ്ട് ദിവസത്തിന് ശേഷം പിഴവ് പരിഹരിച്ച് വീണ്ടും ആക്രമണത്തിനായി, നേരത്തെ തയ്യാറാക്കിയിതിനേക്കാൾ പ്രഹര ശേഷിയുള്ള ഗുണ്ടുകൾ ഇയാൾ തയ്യാറാക്കിയതായിട്ടാണ് സൂചന.

കഴിഞ്ഞമാസം 27 ന് രാത്രി 8 നായിരുന്നു ആക്രമണം.സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ജോലികഴിഞ്ഞ് ഭാര്യ എൽസ പിതാവ് എൽദോസിനൊപ്പം സ്‌കൂട്ടറിൽ വരുമ്പോഴാണ് അലക്സ് സ്ഫോടകവസ്തു എറിഞ്ഞത്. എൽദോസിന്റെ ഹെൽമറ്റിലാണ് ഏറ് കൊണ്ടത്.ഹെൽമറ്റ് തകർന്ന് കർണ്ണപടത്തിന് ഗുരുതരമായ ക്ഷതമേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.സ്ഫോടനത്തിലും സ്‌കൂട്ടർ നിന്ന് മറിഞ്ഞുവീണും മറ്റുമായി എൽസയ്ക്കും പരിക്കും പരിക്കേറ്റിരുന്നു.

എൽസ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും 50 മീറ്റർ മാറിയായിരുന്നു ആക്രമണം.രണ്ട് ഗുണ്ടുകൾ തയ്യാറാക്കിയാണ് അലക്സ് എത്തിയത്.ഇതിൽ ഒരെണ്ണം എറിഞ്ഞു. രണ്ടാമത്തെ ഗുണ്ട് എറിയാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ഓടിക്കൂടി അലക്സിനെ കീഴ്പ്പെടുത്തുകയായിരുന്നു.രണ്ടാമത്തെ ഗുണ്ട് എറിഞ്ഞിരുന്നെങ്കിൽ ഇരുവരും മരണപ്പെടുന്നതിന് പോലും സാധ്യത നിലനിന്നിരുന്നെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

തലനാരിഴയ്ക്കാണ് ഇരുവരുടെയും ജീവൻ രക്ഷപെട്ടതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ വ്യക്തമാവുന്നത്.കഴിഞ്ഞ ഏതാനും മാസങ്ങളായി എൽസ ഇയാളിൽ നിന്നും അകന്ന് കഴിയുകയായിരുന്നു. മദ്യപാനവും ലഹരി ഉപയോഗവും മൂലം സഹികെട്ടാണ് ഭാര്യ ഇയാളിൽ നിന്നും അകന്ന് സ്വന്തം വീട്ടിൽ താമസിക്കാൻ നിർബന്ധിതയായതെന്നാണ് സൂചന.അലക്സ് -എൽസ ദമ്പതികൾക്ക് 3 വയസും ഒരു വയസും ഉള്ള കുട്ടികളുണ്ട്.

അടുത്തിടെ കുടുംബകോടതിയിൽ വിവാഹമോചനത്തിന് കേസ് നൽകിയതിന്റെ വൈരാഗ്യത്തിലാണ് സ്ഫോടക വസ്തു എറിഞ്ഞ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് അലക്സ പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.ടി ബിജോയി, എസ്‌ഐ ഷാജു കുര്യാക്കോസ്, എഎസ്ഐമാരായ രാജേഷ്, സുഹറാ ബീവി എസ്.സി.പി.ഒ മാരായ നിഷാന്ത്, ഷെമീർ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.