കൊച്ചി: നടിയും എയർഹോസ്റ്റസുമായ ജിപ്സ ബീഗത്തിന് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനെ ആണ് ഇൻഫോ പാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ റെസ്റ്റോ കഫെയിലെ ജീവനക്കാരനാണ് നിഷാന്ത്. ഗൂഗിൾ പേ ഉപയോഗപ്പെടുത്തി നമ്പർ എടുത്ത ശേഷം വാട്സ്ആപ്പ് വഴി പ്രതി നടിക്ക് സന്ദേശമയക്കുകയായിരുന്നു ഇാൾ ചെയ്തത്. നടിയുടെ പരാതിയിൽ യുവാവിനെ പൊലീസ് പിടുകൂടുകയായിരുന്നു.

അറസ്റ്റിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് നടിയും രംഗത്തെത്തി. വാദി പ്രതിയാക്കുന്ന തരത്തിൽ ആക്ഷേപിക്കുകയും കേസുമായി മുന്നോട്ടു പോകാൻ കഴിയാത്ത വിധം മാനസികമായി തകർക്കാൻ ശ്രമിക്കുകയും ചെയ്തു. എല്ലാം തരണം ചെയ്യാൻ തന്നെ സഹായിച്ചത് സോഷ്യൽമീഡിയ കൂട്ടുകാരാണെന്നും താരം ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഒപ്പം നിന്ന സുഹൃത്തുക്കൾക്കും മാധ്യമപ്രവർത്തകർക്കും പൊലീസിനും നന്ദി പറയുന്നുവെന്നും താരം കുറിച്ചു.

ജിപ്സ ബീഗത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

''ചെറിയ ധൈര്യമൊന്നും പോരായിരുന്നു... കാരണം വാദിയെ പ്രതിയാക്കുന്ന പോലെ നമ്മളെ ആക്ഷേപിക്കുകയും കേസുമായി മുന്നോട്ട് പോകാൻ കഴിയാത്ത തരത്തിൽ അപകീർത്തി പ്രചരണവും ഭീഷണിയും തൊട്ട്ഹണി ട്രാപ്പ് എന്ന് വരെ പറഞ്ഞു മനസികമായി തകർക്കാൻ നോക്കി...എല്ലാം തരണം ചെയ്തു... അതിന് എന്റെ Social Media കൂട്ടുകാരാണ് ധൈര്യം നൽകിയത്... കമന്റിൽക്കൂടെ അവർ അവരുടെ പിന്തുണ അറിയിച്ചു... ഒരു പട തന്നെ.

കൂടെ നിന്നു ധൈര്യം തന്നു.. ഞാൻ ഒറ്റയ്ക്കായിരുന്നില്ല സത്യത്തിൽ അവരാണ് എനിക്ക് ധൈര്യം നൽകിയത്.. അവരില്ലായിരുന്നെങ്കിൽ ഞാൻ തളർന്നേനെ.ഒപ്പം മാധ്യമ സുഹൃത്തുക്കളും പിന്നെ പൊലീസും. നിങ്ങളാണെന്റെ ധൈര്യം നന്ദി''