- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; രണ്ടു യുവതികളെ പിടികൂടിയതിന് പിന്നാലെ മലാശയത്തിൽ ഒളിപ്പിച്ച 35ലക്ഷം രൂപയുടെ സ്വർണവുമായി യുവാവും കരിപ്പൂരിൽ പൊലീസിന്റെ പിടിയിൽ; സ്വർണം ഒളിപ്പിച്ചത് നിഷേധിച്ച 30കാരനെ എക്സ്റേ പരിശോധന നടത്തിയപ്പോൾ വയറിനകത്ത് കണ്ടെത്തിയത് മൂന്ന് കാപ്സ്യൂളുകളാക്കിയ സ്വർണം
മലപ്പുറം: കഴിഞ്ഞ ദിവസങ്ങളിലായി കരിപ്പൂർ വഴി സ്വർണം കടത്തിയ രണ്ടു യുവതികളെയും സംഘത്തേയും പിടികൂടിയതിന് പിന്നാലെ മലാശയത്തിൽ ഒളിപ്പിച്ചു സ്വർണം കടത്താൻ ശ്രമിച്ച യുവാവിനെയും പിടികൂടി പൊലീസ്. മലാശയത്തിൽ ഒളിപ്പിച്ച 35ലക്ഷം രൂപയുടെ സ്വർണവുമായാണ് യുവാവിനെ കരിപ്പൂരിൽവെച്ച് പൊലീസ് പിടികൂടിയത്.
അബൂദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വർണ്ണമാണ് ഇന്ന് പൊലീസ് പിടിച്ചെടുത്തത്. അബൂദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ തിരൂർ സ്വദേശി മുസ്തഫ (30) ആണ് 636 ഗ്രാം 24 ക്യാരറ്റ് സ്വർണം സഹിതം എയർപോർട്ടിന് പുറത്ത് വെച്ച് പൊലീസ് പിടിയിലായത്. 636 ഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കി മൂന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ 35 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വർണ്ണത്തിന്.
ഇന്നു രാവിലെ 7.30 മണിക്ക് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് ഇയാൾ കാലികറ്റ് എയർപോർട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 8.45 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ മുസ്തഫയെ, മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പക്ഷേ ഇയാൾ തന്റെ പക്കൽ സ്വർണ്ണമുണ്ടെന്ന കാര്യം നിഷേധിച്ചുകൊണ്ടിരുന്നു.
തുടർന്ന് ഇയാളുടെ ലഗ്ഗേജ് ബോക്സുകൾ ഓപ്പൺ ചെയ്തു വിശദമായി പരിശോധിച്ചിട്ടും സ്വർണം കണ്ടെത്താനായില്ല. ശേഷം ഇയാളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. എക്സറെ പരിശോധനയിലാണ് വയിനകത്ത് 3 കാപ്സ്യൂളുകൾ ദൃശ്യമായത്. മുസ്തഫയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വർണ്ണകടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും. കാലിക്കറ്റ് എയർപോർട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 88-ാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്