കൊച്ചി: സംസ്ഥാനത്തേയ്ക്ക് വൻ തോതിൽ സിന്തറ്റിക് ഡ്രഗ് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനി എക്‌സൈസിന്റെ പിടിയിൽ. അസം നാഗോൺ സ്വദേശി ഇസാദുൾ ഹക്ക് (ചോട്ട മിയാൻ) (25) എന്നയാളാണ് എറണാകുളം എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന്റെയും എറണാകുളം ടൗൺ റേഞ്ചിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്.

ഇയാളുടെ പക്കൽ നിന്ന് ഉപഭോക്താക്കളുടെ ഇടയിൽ 'ചൈന വൈറ്റ്' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അന്ത്യന്തം വിനാശകാരിയായ മുന്തിയ ഇനം ഹെറോയിൻ പിടിച്ചെടുത്തു. 30 ഗ്രാം രാസ ലഹരി കണ്ടെടുത്തു. മയക്ക് മരുന്ന് വിൽപ്പന നടത്തി കിട്ടിയ 38000 രൂപയും ഒരു സ്മാർട്ട് ഫോണും എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു. നഗരത്തിൽ അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാർട്ടികളും മറ്റും സംഘടിപ്പിക്കുന്ന ഇടനിലക്കാരുടെ ഓർഡർ പ്രകാരമാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത്.

ഈ ഇനത്തിൽപ്പെടുന്ന അഞ്ച് ഗ്രാം മയക്ക് മരുന്ന് കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 100 മില്ലി ഗ്രാം അടങ്ങുന്ന ചെറിയ പാക്കറ്റിന് 2000 രൂപയാണ് ഈടാക്കുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് കിടക്കുന്ന അസ്സമിലെ കരീംഗഞ്ച് എന്ന സ്ഥലത്ത് നിന്നാണ് ഇയാൾ കേരളത്തിലേക്ക് വൻ തോതിൽ മയക്ക് മരുന്ന് എത്തിച്ചിരുന്നത്.

അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ഹെറോയിനാണ് 'ചൈന വൈറ്റ്'. വെറും മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാൽ തന്നെ ഇതിന്റെ രാസലഹരി മണിക്കൂറുകളോളം നിലനിൽക്കും. എന്നാൽ ഇതിന്റെ ഉപയോഗം രോഗ പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുകയും ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും.

ഇത് കൂടാതെ തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ തടസ്സപ്പെടുവാനും മരണം വരെ സംഭവിക്കാനും ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഒരാഴ്ച മുൻപാണ് ചോട്ടാ മിയാന്റെ സഹായിയായ ഇതര സംസ്ഥാനക്കാരൻ എറണാകുളം നോർത്തിൽ വച്ച് എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലാകുന്നത്. ഇയാളിലൂടെയാണ് ഓർഡർ അനുസരിച്ച് ഹെറോയിൻ മൊത്തം വിതരണം നടത്തി അസമിലേക്ക് തന്നെ മടങ്ങുന്ന ചോട്ടാ മിയാനെക്കുറിച്ച് എക്‌സൈസ് അറിയുന്നത്.

തുടർന്ന് ചോട്ടാ മിയാൻ വരുന്നതിനായി ദിവസങ്ങളോളം നീരീക്ഷണം നടത്തി കാത്തിരുന്ന എക്‌സൈസ് സംഘം മയക്ക് മരുന്നുമായി എറണാകുളത്ത് എത്തിയ ഇയാളെ എറണാകുളം ലിസി ജംഗ്ഷന് സമീപം വച്ച് രാത്രി 11.30 തോടു കൂടി വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കുതറി ഓടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നഗരത്തിലെ ഇയാളുടെ ഇടപാടുകാരെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും, ഈ മയക്ക് മരുന്നിന്റെ ഉറവിടം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.

ഇൻസ്‌പെക്ടർ പ്രമോദ് എംപി, ജയൻ എ. എസ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത്കുമാർ , കെ.കെ. അരുൺ , കെ. ജയലാൽ സിറ്റി മെട്രോ ഷാഡോയിലെ സിഇഒ എൻ.ഡി. ടോമി, സിഇഒ ബിജു ഡി ജെ, വനിത സിഇഒ കനക എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത് . ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.