- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടിച്ച കാറിനു മുകളിലേക്കു തെറിച്ചുവീണ യുവാവുമായി ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയിൽ യാത്ര ചെയ്തത് മൂന്ന് കിലോമീറ്റർ; സ്കൂട്ടറിൽ കാറിനെ പിന്തുടർന്ന് അറിയിക്കാൻ ശ്രമിച്ചിട്ടും നിർത്തിയില്ല; പരിക്കേറ്റയാളെ വഴിയിൽ ഉപേക്ഷിച്ച് 'രക്ഷപ്പെടൽ'; യുവാവിന് ദാരുണാന്ത്യം; കാർ ഡ്രൈവർ അറസ്റ്റിൽ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ അതിസുരക്ഷാ മേഖലയിൽ കാർ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിക്കുകയും ഇടിയുടെ ആഘാതത്തിൽ കാറിനു മുകളിൽ പതിച്ചയാളുമായി കാർ നിർത്താതെ മൂന്ന് കിലോമീറ്ററോളം സഞ്ചരിക്കുകയും ചെയ്ത സംഭവത്തിൽ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ദൃക്സാക്ഷികൾ മുന്നറിയിപ്പ് നൽകിയിട്ടും കാർ അതിവേഗത്തിൽ ഓടിച്ചുപോയ ഡ്രൈവർ, മൂന്നു കി.മി സഞ്ചരിച്ച ശേഷം പരിക്കേറ്റയാളെ കാറിനു മുകളിൽ നിന്നു വലിച്ചു താഴെയിട്ടു കടന്നുകളയുകയായിരുന്നു.
തലസ്ഥാന നഗരത്തിൽ അതീവ സുരക്ഷാ മേഖലയിൽ ശനിയാഴ്ച രാത്രി നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ കഴിഞ്ഞദിവസം വൈറലായിരുന്നു. അപകടത്തിന് സാക്ഷികളായവരിൽ ഒരാളാണ് ഞെട്ടിക്കുന്ന സംഭവത്തിന്റെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഹർനീത് സിങ് ചൗള എന്ന പ്രതിയാണ് അറസ്റ്റിലായത്. അദ്ദേഹത്തോടൊപ്പം കാറിൽ കുടുംബവും ഉണ്ടായിരുന്നു. ജൂവലറി നടത്തിയിരുന്ന ദീപാൻഷു വർമയ്ക്ക് മാതാപിതാക്കളും സഹോദരിയും ഉണ്ട്.
ബൈക്ക് യാത്രികന് ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരുക്കേറ്റു. ഇടിയേറ്റു തെറിച്ച് കാറിനു മുകളിൽ വീണ യുവാവുമായി വാഹനം മൂന്നു കിലോമീറ്ററോളം ദൂരം ഓടിയതായി റിപ്പോർട്ടുണ്ട്. ഡൽഹിയിൽ ജൂവലറി നടത്തുന്ന ദീപാൻഷു വർമയാണ് അപകടത്തിൽ മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ബന്ധു കൂടിയായ ഇരുപതുകാരൻ മുകുളിനാണ് ഗുരുതരമായി പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കസ്തൂർബ ഗാന്ധി മാർഗിനും ടോൾസ്റ്റോയ് മാർഗിനും ഇടയിലാണ് അപകടം നടന്നത്. ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന ബന്ധുക്കളായ യുവാക്കളെ അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുകുൾ ദൂരേയ്ക്ക് തെറിച്ചുവീണു. ദീപാൻഷു വർമ ആകട്ടെ, ഉയർന്നുപൊങ്ങി ഇടിച്ച കാറിന്റെ മുകളിലാണ് വീണത്. ഇടിച്ച കാറിന്റെ ഡ്രൈവർ വാഹനം നിർത്തുന്നതിനു പകരം, ഗുരുതര പരുക്കുകളോടെ കാറിനു മുകളിൽ തെറിച്ചുവീണ ദീപാൻഷു വർമയുമായി യാത്ര തുടർന്നു. മൂന്നു കിലോമീറ്ററോളം ദൂരം ഇങ്ങനെ നീങ്ങിയതായാണ് റിപ്പോർട്ട്.
അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന മുഹമ്മദ് ബിലാൽ എന്ന യുവാവാണ്, തന്റെ ഇരുചക്രവാഹനത്തിൽ കാറിനെ പിന്തുടർന്ന് വിഡിയോ പകർത്തിയത്. പരുക്കേറ്റ ദീപാൻഷു വർമ മുകളിൽ കിടക്കുമ്പോൾ കാർ മുന്നോട്ടു നീങ്ങുന്നത് വിഡിയോയിൽ കാണാം. മൂന്നു കിലോമീറ്ററോളം ദൂരം മുന്നോട്ടുപോയ വാഹനം, ഡൽഹി ഗേറ്റിനു സമീപം ദീപാൻഷു വർമയെ ഉപേക്ഷിച്ച് സ്ഥലം കാലിയാക്കുകയും ചെയ്തു. വാഹനത്തിനു മുകളിൽ കിടക്കുമ്പോൾ ദീപാൻഷുവിന് ജീവൻ ഉണ്ടായിരുന്നുവെന്നും, വാഹനത്തിൽനിന്ന് തള്ളിയിട്ടപ്പോൾ തലയിടിച്ചാണ് മരണം സംഭവിച്ചതെന്നും അദ്ദേഹത്തിന്റെ സഹോദരി ആരോപിച്ചു.
'അപകടത്തിനു സാക്ഷികളായ രണ്ടു പേർ ഉടൻ തന്നെ വാഹനം നിർത്താൻ ശ്രമിച്ചതാണ്. എന്നാൽ ഡ്രൈവർ വേഗത കൂട്ടുകയാണ് ചെയ്തത്. കാറിനു മുകളിൽ കിടക്കുന്ന സമയത്ത് ദീപാൻഷുവിന് ജീവനുണ്ടായിരുന്നു. നാലു കിലോമീറ്ററോളം ദൂരം ഓടിയശേഷം വാഹനത്തിനു മുകളിൽനിന്ന് തള്ളിയിട്ടപ്പോഴാണ് തലയിടിച്ചുവീണ് അവൻ മരിച്ചത്. ഇത് മനഃപൂർവം ചെയ്തതാണ്' ദീപാൻഷുവിന്റെ സഹോദരി പറഞ്ഞു.
'ഹർനീത് സിങ് ചൗളയെന്ന വ്യക്തിയാണ് കാർ ഓടിച്ചിരുന്നതെന്നാണ് പൊലീസ് ഞങ്ങളോട് പറഞ്ഞത്. അയാൾ മദ്യപിച്ചിരുന്നതായി ഞാൻ സംശയിക്കുന്നു. ഇത്തരമൊരു പ്രവൃത്തി ആവർത്തിക്കാതിരിക്കാൻ പ്രതിക്ക് കടുത്ത ശിക്ഷ നൽകണം' അവർ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ