- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹണിട്രാപ്പിൽ കുരുക്കി ഹോട്ടലിൽ എത്തിച്ചു; അമിതമായ അളവിൽ മയക്കുമരുന്ന് നൽകി; മോഷണത്തിന് ശേഷം ക്ഷമ ചോദിച്ചുള്ള കുറിപ്പും; ഡൽഹിയിൽ 54കാരന്റെ കൊലപാതകത്തിൽ യുവതി അറസ്റ്റിൽ; നിർണായകമായത് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം
ന്യൂഡൽഹി: സഫ്ദർജങ് എൻക്ലേവിലെ ഹോട്ടൽമുറിയിൽ വ്യാപാരിയായ 54-കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് ഡൽഹി പൊലീസ്. ഗസ്സിയാബാദ് ഇന്ദിരാപുരം സ്വദേശിയും വ്യാപാരിയുമായ ദീപക് സേഥിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഹണിട്രാപ്പിൽ കുരുക്കി ഹോട്ടലിൽ എത്തിച്ച ശേഷം അമിതമായ അളവിൽ മയക്കുമരുന്നു നൽകിയതാണ് മരണത്തിന് ഇടയാക്കിയത്.
സംഭവത്തിൽ ഹരിയാണ പാനിപത്ത് സ്വദേശിയായ ഉഷ(29)യെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ യുവതി ഹണിട്രാപ്പ് സംഘത്തിന്റെ ഭാഗമാണെന്നും ഒട്ടേറെപേരെ ഹണിട്രാപ്പിൽ കുടുക്കി കൊള്ളയടിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മാർച്ച് 31-ാം തീയതിയാണ് ദീപക് സേഥിയെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടത്. വായിൽനിന്ന് നുരയും പതയുംവന്നനിലയിലായിരുന്നു മൃതദേഹം.
മാർച്ച് 30-ാം തീയതി രാത്രി ദീപക് സേഥിയുമായി ഹോട്ടലിൽ മുറിയെടുത്ത യുവതി, അർധരാത്രി 12.24-ഓടെയാണ് ഹോട്ടലിൽനിന്ന് മടങ്ങിയത്. വ്യാപാരിക്ക് മയക്കുമരുന്ന് നൽകിയശേഷം ഇയാളുടെ കൈവശമുണ്ടായിരുന്ന 1100 രൂപയും ആഭരണങ്ങളും പ്രതി കൈക്കലാക്കിയിരുന്നു. മോഷണം നടത്തിയതിന് ക്ഷമ ചോദിച്ചുള്ള ഒരു കുറിപ്പും മുറിയിലുണ്ടായിരുന്നു. 'നിങ്ങൾ നല്ലൊരു വ്യക്തിയാണ്. സോറി, സോറി. നിർബന്ധിതയായതിനാലാണ് ഞാൻ ഇതെല്ലാം ചെയ്തതെന്ന് മനസിലാക്കണം. എന്നോട് ക്ഷമിക്കണം' എന്നാണ് കുറിപ്പിലുണ്ടായിരുന്നത്.
പിറ്റേദിവസം ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ദീപക്കിനെ കൊല്ലണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു പ്രതിയുടെ മൊഴി. കവർച്ച നടത്താൻ മാത്രം ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് നൽകിയതെന്നും ഇതിന് ക്ഷമ ചോദിച്ചാണ് കുറിപ്പെഴുതി മുറിയിൽവെച്ചതെന്നും യുവതി പറഞ്ഞു. ദീപക്കിന്റെ കാണാതായ ബാഗും ആഭരണങ്ങളും മൊബൈൽഫോണും പൊലീസ് പ്രതിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തിൽ അടിമുടി ദുരൂഹതയുള്ളതിനാൽ പൊലീസ് വിശദമായ അന്വേഷമാണ് നടത്തിയത്. ആദ്യഘട്ടത്തിൽ അമിതമായ അളവിൽ മയക്കുമരുന്ന് ഉള്ളിൽച്ചെന്നാകാം ദീപക് സേഥി മരിച്ചതെന്നായിരുന്നു പൊലീസിന്റെ നിഗമനം. ഇതിനിടെ, ഹോട്ടലിലെത്തിയ യുവതിയെ കണ്ടെത്താനായി വ്യാപകമായ തിരച്ചിലും നടത്തിയിരുന്നു. തുടർന്ന് യുവതി ഹോട്ടലിൽ നൽകിയ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വ്യാപാരികൾ അടക്കമുള്ളവരെ ഹണിട്രാപ്പിൽ കുടുക്കി ഇവരുടെ പണവും കൈവശമുള്ള വിലപ്പിടിപ്പുള്ള വസ്തുക്കളും കവരുന്നതാണ് ഉഷയുടെ പതിവുരീതിയെന്നാണ് പൊലീസ് പറയുന്നത്. അഞ്ജലി, നിക്കി, നികിത തുടങ്ങിയ പേരുകളിലാണ് യുവതി മറ്റുള്ളവരുമായി അടുപ്പം സ്ഥാപിക്കുന്നത്. തുടർന്ന് ഇവരെക്കൊണ്ട് ഏതെങ്കിലും ഹോട്ടലിൽ മുറിയെടുപ്പിക്കും. ഇതിനുപിന്നാലെ മയക്കുമരുന്ന് നൽകിയശേഷം ഇവരെ കൊള്ളയടിച്ച് മുറിയിൽനിന്ന് രക്ഷപ്പെടുകയാണ് യുവതി ചെയ്തിരുന്നതെന്നും പൊലീസ് പറയുന്നു.
യുവതി ഹോട്ടലിൽ നൽകിയ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ വ്യാജ തിരിച്ചറിയൽ രേഖകൾ നൽകിയാണ് ഈ സിംകാർഡ് സ്വന്തമാക്കിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പക്ഷേ, മാർച്ച് 23-ന് സിം റീച്ചാർജ് ചെയ്തെന്ന വിവരം ലഭിച്ചത് അന്വേഷണത്തിൽ നിർണായകമായി. ശാന്ത്ഘട്ട് മേഖലയിൽനിന്നാണ് സിം റീച്ചാർച്ച് ചെയ്തിട്ടുള്ളതെന്നും ഇവിടെയുള്ള ഒരു നൈജീരിയക്കാരനാണ് അന്നേദിവസം ഈ നമ്പറിൽ റീച്ചാർജ് ചെയ്തുനൽകിയതെന്നും വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
തന്റെ ലിവ്-ഇൻ പങ്കാളിയായ മധുമിതയുടെ സുഹൃത്തായ നിക്കിയുടെ നമ്പറിലാണ് റീച്ചാർജ് ചെയ്തുനൽകിയതെന്നായിരുന്നു ഇയാളുടെ മൊഴി. ഇതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും നോയിഡൽനിന്ന് യുവതിയെ പിടികൂടുകയുമായിരുന്നു.
അറസ്റ്റിലായ ഉഷ 2022-ൽ ഹരിയാണയിൽ മറ്റൊരു കേസിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്നവിവരം. ജയിലിൽവച്ചാണ് മധുമിതയെ പരിചയപ്പെട്ടത്. ജയിലിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ മധുമിതയ്ക്കൊപ്പം ശാന്ത്ഘട്ടിൽ താമസം തുടങ്ങി.
കൊല്ലപ്പെട്ട ദീപക് സേഥിയെ മധുമിതയ്ക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. മധുമിതയാണ് ദീപക് സേഥിയെ ഉഷയ്ക്ക് പരിചയപ്പെടുത്തിനൽകിയത്. തുടർന്ന് മാർച്ച് 30-ാം തീയതി ഉഷയും ദീപക്കും കൊണാട്ട്പ്ലേസിലെ മെട്രോ സ്റ്റേഷനിൽവെച്ച് കാണുകയും ഇവിടെനിന്ന് ഹോട്ടലിലേക്ക് വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ