ചോറ്റാനിക്കര: ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിലായയത് ഡോക്ടർമാർക്ക് തോന്നിയ സംശത്തിൽ. ചോറ്റാനിക്കരയിലാണ് രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് പിടിയിലായത്. ചോറ്റാനിക്കര എരുവേലി പാണക്കാട്ട് ഷൈജുവിനെയാണു (37) റൂറൽ എസ്‌പി വൈഭവ് സക്‌സേനയുടെയും പുത്തൻകുരിശ് ഡിവൈഎസ്‌പി ടി.ബി.വിജയന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

ക്രിസ്മസ് രാത്രി പത്തരയോടെയാണു ഭാര്യ ശാരിയെ (37) കുഴഞ്ഞു വീണതാണെന്നറിയിച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ ഷൈജു ആശുപത്രിയിലെത്തിച്ചത്. മരണം സ്ഥിരീകരിച്ച ഡോക്ടർക്കും പൊലീസിനും തോന്നിയ സംശയമാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ശാരി വീട്ടിലെ മുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചതാണെന്നാണു പിന്നീട് പൊലീസിനോടു ഷൈജു പറഞ്ഞത്.

ഭർത്താവ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കൂടുതൽ പരിശോധനകൾ നടത്തി. പൊലീസ് സംഭവസ്ഥലം പരിശോധിച്ചു. പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തിൽ വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു.

ആദ്യ ഭാര്യയുടെ സുഹൃത്തായ ശാരിയുമായി അടുപ്പത്തിലായ ഷൈജു 13 വർഷത്തോളമായി എരുവേലിയിലെ വീട്ടിൽ അവരോടൊപ്പമാണു താമസം. 5 വർഷം മുൻപ് ഇരുവരും വിവാഹവും കഴിച്ചു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. എന്നാൽ കുറച്ചുകാലങ്ങളായി ശാരിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു.

ഇയാൾക്ക് സംശയ രോഗം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയെ ഷൈജു സംശയിച്ചിരുന്നു. അതിന്റെ പേരിൽ, ഇരുവരും സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. തുടക്കത്തിൽ ഭർത്താവ് നൽകിയ മൊഴി കളവാണെന്ന് വിശദമായ അന്വേഷണത്തിൽ വ്യക്തമായെന്ന് ചോറ്റാനിക്കര പൊലീസ് പറയുന്നു. ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന ഷൈജു, പിന്നീട് സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു.

ഇതിനായി ഷാളുകൾ കൂട്ടിക്കെട്ടി കിടപ്പുമുറിയുടെ കഴക്കോലിൽ ശാരിയുടെ മൃതദേഹം കെട്ടിത്തൂക്കാൻ ശ്രമിച്ചു. അതിന് സാധിക്കാതെ വന്നപ്പോൾ, ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞ് മൃതദേഹം ചോറ്റാനിക്കരയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.