മഞ്ചേരി: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി മനാഫ് വധക്കേസിൽ 28 വർഷത്തിനു ശേഷം പി.വി അൻവർ എംഎ‍ൽഎയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ടിൽ ജഡ്ജ് എ.വി ടെല്ലസ് മുമ്പാകെ മെയ് 9ന് ആരംഭിക്കും. പി.വി അൻവർ എംഎ‍ൽഎയുടെ സഹോദരീപുത്രന്മാരായ കേസിലെ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ് സഹോദരനും മൂന്നാം പ്രതിയുമായ മാലങ്ങാടൻ ഷെരീഫ്. കൂട്ടുപ്രതികളായ 17-ാം പ്രതി നിലമ്പൂർ ജനതപ്പടി കോട്ടപ്പുറം മുനീബ്, 19-ാം പ്രതി എളമരം മപ്രം പയ്യനാട്ട്‌തൊടിക കബീർ എന്ന ജാബിർ എന്നിവരുടെ വിചാരണയാണ് ആരംഭിക്കുന്നത്.

പ്രമാദമായ നിരവധി കേസുകളിൽ പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയ സിബിഐയുടെ മുൻ സീനിയർ സ്‌പെഷൽ പ്രോസിക്യൂട്ടർ വി.എൻ അനിൽകുമാറാണ് കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറായി ഹാജരാവുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച സിബിഐ പ്രോസിക്യൂട്ടർക്കുള്ള 2006ലെ സ്വർണമെഡൽ ജേതാവാണ് അനിൽകുമാർ. 16 വർഷത്തെ സേവനത്തിനു ശേഷം സിബിഐയിൽ നിന്നും വിരമിക്കുകയായിരുന്നു. സിബിഐ ഡെപ്യൂട്ടി ലീഗൽ അഡൈ്വസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂവായിരത്തിലേറെ കേസുകളിൽ സിബിഐക്ക് വേണ്ടി ഹാജരായ അനിൽകുമാർ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ വിജയകരമായ പ്രോസിക്യൂഷനിലൂടെ പ്രതികൾക്ക് ശിക്ഷ നൽകുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്.

മനാഫ് വധക്കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ രണ്ട് തവണ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നിട്ടും സർക്കാർ അനുകൂല നിലപാടെടുത്തിരുന്നില്ല. ഒടുവിൽ മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് കോടതി അലക്ഷ്യഹർജി സമർപ്പിച്ചതോടെയാണ് അനിൽകുമാറിനെ സ്‌പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചുള്ള ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കിയത്.

1995 ഏപ്രിൽ 13ന് ഒതായി അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെ പട്ടാപ്പകൽ പതിനൊന്നരയോടെയാണ് യൂത്ത് ലീഗ് പ്രവർത്തകനായ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയായിരുന്നു പി.വി അൻവർ. ഏഴാം പ്രതിയായിരുന്ന അൻവറിന്റെ പിതാവ് പി.വി ഷൗക്കത്തലി കുറ്റപത്രം സമർപ്പിക്കും മുമ്പെ മരണപ്പെട്ടു.

നിരവധി ദൃക്‌സാക്ഷികളുണ്ടായിരുന്ന പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അൻവർ അടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതിയായ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടത്. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് ശിക്ഷ വാങ്ങി നൽകാനോ ശ്രമിക്കാതെ അന്നത്തെ പ്രോസിക്യൂട്ടർ സി.ശ്രീധരൻനായർ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്നായിരുന്നു മനാഫിന്റെ ബന്ധുക്കളുടെ പരാതി.

കേസിൽ പി.വി അൻവറിന്റെ രണ്ട് സഹോദരീപുത്രന്മാരടക്കം നാല് പ്രതികളെ 23 വർഷമായിട്ടും പൊലീസ് പിടികൂടിയിരുന്നില്ല. ഇവരെ പിടികൂടാൻ നടപടിയാവശ്യപ്പെട്ട് മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടാൻ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് അൻവറിന്റെ സഹോദരീപുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാടൻ ഷെരീഫ് ഉൾപ്പെടെ മൂന്നു പ്രതികൾ കീഴടങ്ങിയത്. ഒന്നാം പ്രതിയായ മാലങ്ങാടൻ ഷെഫീഖ് കഴിഞ്ഞ 25 വർഷമായി ദുബായിൽ സുഖജീവിതം നയിക്കുകയായിരുന്നു.

കോവിഡ് കാലത്ത് ഷാർജയിൽ നിന്നും ചാർട്ടേഡ് ഫ്‌ളൈറ്റിൽ കരിപ്പൂരിലെത്തിയപ്പോൾ 2020 ജൂൺ 24നാണ് അറസ്റ്റിലായത്. കേസിൽ രണ്ടാം പ്രതിയായിരുന്ന പി.വി അൻവർ എംഎ‍ൽഎയടക്കം വെറുതെവിട്ട 21 പ്രതികൾക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ അപ്പീലും സഹോദരൻ അബ്ദുൽറസാഖിന്റെ റിവിഷൻ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോൾ. കേസിന്റെ 37 പേജുള്ള കുറ്റപത്രം 2000 മാർച്ച് 29നാണ് എടവണ്ണ പൊലീസ് കോടതിയിൽ സമർപ്പിച്ചത്. 78 സാക്ഷികളാണുള്ളത്. ഒന്നും നാലും സാക്ഷികളെയാണ് മെയ് 9ന് വിസ്തരിക്കുക, 11 മുതൽ 15വരെയുള്ള സാക്ഷികളെ 10നും 16 മുതൽ 20വരെയുള്ള സാക്ഷികളെ 12നും വിസ്തരിക്കും. സാക്ഷികൾക്ക് സമൻസയക്കാൻ കോടതി ഉത്തരവായി.