മലപ്പുറം: ഒഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേതുകൊലപാതകമെന്ന് തെളിഞ്ഞു. പ്രതി അറസ്റ്റിലായി. ഞായറാഴ്ച രാവിലെയാണ് യുവാവിനെ മഞ്ചേരി മുനിസിപ്പൽ ടൗൺഹാളിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ മരിച്ചത് ഒളമതിൽ ചോലക്കൽ വീട്ടിൽ എം.സി. കബീർ (47) ആണെന്ന് കണ്ടെത്തിയിരുന്നു.

മൃതദേഹത്തിൽ ബാഹ്യമായ പരിക്കുകളൊന്നും കണ്ടെത്താത്തതിനാൽ സ്വാഭാവിക മരണമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉദരത്തിനേറ്റ ആഘാതം മൂലം ആന്തരികാവയവങ്ങളിലുണ്ടായ പരിക്കും രക്തസ്രാവവുമാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തി. തുടർന്ന് മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ പാണ്ടിക്കാട് കണ്ണച്ചത്ത് വീട്ടിൽ ഷാജി (40) പിടിയിലാകുന്നത്.

ശനിയാഴ്ച രാത്രി മഞ്ചേരിയിലെ സ്വകാര്യ ബാറിൽ വച്ചാണ് കബീറും പ്രതിയും തമ്മിൽ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പുറത്തിറങ്ങുകയും പ്രതിയുടെ ബൈക്കിൽ കബീറിന്റെ കാർ നിർത്തിയിട്ട സ്ഥലത്തേക്ക് വരികയുമായിരുന്നു. അമിതമായി മദ്യപിച്ചിരുന്ന അഹമ്മദ് കബീറിനെ ഒഴിഞ്ഞ പറമ്പിൽ വച്ച് അടിച്ചു വീഴ്‌ത്തുകയും നിലത്ത് വീണ കബീറിനെ നിരവധി തവണ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. ബോധം നഷ്ടപ്പെട്ട അഹമ്മദ് കബീറിനെ കുറ്റിക്കാട്ടിലേക്ക് വലിച്ചാക്കി പ്രതി തന്റെ സ്‌കൂട്ടറിൽ രക്ഷപ്പെടുകയാണ് ഉണ്ടായത്. ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ്, രക്തം വാർന്നു നേരം പുലർന്നപ്പോഴേക്കും മരണപെട്ടിരുന്നു.

തുടർന്നു രാവിലെ പ്രതി സംഭവസ്ഥലത്ത് എത്തി നോക്കിയതിൽ കബീർ മരിച്ചതായി മനസ്സിലായെങ്കിലും സംഭവം ആരോടും പറയാതെ ഒളിപ്പിച്ചു വെക്കുകയും ചെയ്തു.. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ മരണ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കുകയും സിസിടിവി കേന്ദ്രീകരിച്ചും മറ്റു നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസിന്റെ വലയിലാകുന്നത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.സി ഐ റിയാസ് ചാക്കീരിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അന്വേഷണ സംഘത്തിൽ എസ് ഐ ഷാഹുൽ, പൊലീസുകാരായ ഐ കെ ദിനേഷ്, പി സലീം, പി ഹരിലാൽ, തൗഫീഖ് മുബാറക്ക്, അനീഷ് ചാക്കോ എന്നിവരുമുണ്ടായിരുന്നു