- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനം; ഷാരീഖിന്റെ കോൾവിവരങ്ങൾ എ.ടി.എസ് പരിശോധിക്കുന്നു; ഷാരീഖിനെ ആലുവയിൽ സന്ദർശിച്ചവരുടെ വിവരങ്ങളും അന്വേഷിക്കും; ആലുവയ്ക്കു പുറമെ ഷാരീഖ് സംസ്ഥാനത്തെ മറ്റുചില ഇടങ്ങളിലും എത്തി; ദക്ഷിണേന്ത്യയിൽ സുരക്ഷാനിരീക്ഷണം ശക്തമാക്കാൻ തീരുമാനം
കൊച്ചി: മംഗളൂരു ഓട്ടോറിക്ഷസ്ഫോടന കേസിൽ പ്രതി മുഹമ്മദ് ഷാരീഖിന്റെ മൊബൈൽഫോൺ വിളിവിവരങ്ങൾ സംസ്ഥാന തീവ്രവാദവിരുദ്ധ സ്ക്വാഡ് (എടിഎസ്) പരിശോധിക്കുന്നു. ഷാരീഖിന് കേരളത്തിൽ ബന്ധങ്ങളുണ്ടെങ്കിൽ ഇതിൽനിന്ന് കണ്ടെത്താൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് എറണാകുളത്തും മംഗളൂരുവിലും അന്വേഷണം നടത്തുന്നത്.
മംഗളൂരുവിലെ സംഘത്തിന് മുഹമ്മദ് ഷാരീഖിനെ ചോദ്യംചെയ്യാനായിട്ടില്ല. ഇതിനായി കാക്കുകയാണ് സംഘം. ആലുവയ്ക്കുപുറമെ ഷാരീഖ് സംസ്ഥാനത്തെ മറ്റുചില ഇടങ്ങളിലും എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഇയാൾ ബന്ധപ്പെട്ടവരുടെ വിശദാംശങ്ങളും എടിഎസ് ശേഖരിക്കുകയാണ്.
മുഹമ്മദ് ഷാരീഖ് ആലുവയിൽ തങ്ങിയത് നാലുദിവസമാണെന്ന വിവരം നേരത്തെ പുരത്തുവന്നിരുന്നു. സ്ഫോടകവസ്തുക്കളുള്ള കൊറിയർ ഇയാൾക്ക് മരുന്നെന്ന വ്യാജേനയാണ് എത്തിയിരുന്നതെന്നും അന്വേഷകസംഘത്തിന് വിവരം ലഭിച്ചു. സെപ്റ്റംബർ ആദ്യവാരമാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുസമീപത്തെ ഹോട്ടലിൽ ഷാരീഖ് എത്തിയതും താമസിച്ചതും. വയറുകുറയ്ക്കാനുള്ള മരുന്നെന്ന പേരിലാണ് കൊറിയർ എത്തിയിരുന്നത്. ഇതിൽ സ്ഫോടകവസ്തുക്കളായിരുന്നു.
ഇയാൾ ആലുവയിൽ താമസിക്കാൻ ഇടയായ സാഹചര്യം, സന്ദർശിച്ചവർ ഉൾപ്പെടെയുള്ള വിവരങ്ങൾ സംസ്ഥാന തീവ്രവാദവിരുദ്ധ സ്ക്വാഡും പൊലീസും അന്വേഷിക്കുന്നുണ്ട്. ഇയാൾ പോകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയ സ്ഥലങ്ങളിൽ പരിശോധന നടത്തി. ആലുവയ്ക്കുപുറമെ മറ്റൊരിടത്തും ഷാരീഖ് തങ്ങിയിട്ടുണ്ടെന്നും വിവരം ലഭിച്ചു.
അതേസമയം ദക്ഷിണേന്ത്യയിൽ സുരക്ഷാനിരീക്ഷണം കൂടുതൽ ശക്തമാക്കാൻ കേന്ദ്ര ഏജൻസികളുടെ യോഗത്തിൽ തീരുമാനമായിരുന്നു. മംഗളൂരുവിൽ ഉൾപ്പെടെ അടുത്തിടെയുണ്ടായ സ്ഫോടനങ്ങളുടെകൂടി പശ്ചാത്തലത്തിലാണിത്. തീരദേശങ്ങളിലും നിരീക്ഷണം കൂടുതൽ കർക്കശമാക്കാൻ തീരുമാനിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്നും വിലയിരുത്തി. കൊച്ചി സെൻട്രൽ ഐബി ആസ്ഥാനത്തായിരുന്നു യോഗം. എൻഐഎ, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, റോ ഉൾപ്പെടെ വിവിധ ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ