- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രവാസിയുടെ ഭാര്യ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ അനാശാസ്യത്തിന് പോയെന്ന് പറഞ്ഞ് കൊലപാതകം: നസീറിന്റെ വസ്ത്രങ്ങളും മറ്റും രണ്ടാം സാക്ഷി തിരിച്ചറിഞ്ഞു; കോടതിയില്‍ സമര്‍പ്പിച്ച പ്രദര്‍ശിപ്പിച്ച വീഡിയോയില്‍ നിന്നും മൂന്ന് പ്രതികളെയും തിരിച്ചറിഞ്ഞു; മങ്കട സദാചാര കൊലയില്‍ കൂടുതല്‍ തെളിവുകള്‍
പ്രവാസിയുടെ ഭാര്യ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ അനാശാസ്യത്തിന് പോയെന്ന് പറഞ്ഞ് കൊലപാതകം
മലപ്പുറം: പ്രവാസിയുടെ ഭാര്യ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ അനാശാസ്യത്തിന് പോയെന്ന് പറഞ്ഞ് മങ്കടയില്‍ സദാചാര പൊലീസിന്റെ മര്‍ദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ട കേസില്‍ രണ്ടാം സാക്ഷിയെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എം തുഷാര്‍ മുമ്പാകെ വിസ്തരിച്ചു. കൊല്ലപ്പെട്ട നസീര്‍ ഹൂസൈന്റെ വസ്ത്രങ്ങള്‍, കാറിന്റെ ചാവി, ഫോണ്‍, മര്‍ദ്ദനത്തിനുപയോഗിച്ച വടി എന്നിവ രണ്ടാം സാക്ഷിയും പരാതിക്കാരനുമായ കൂട്ടില്‍ കുന്നശ്ശേരി മുഹമ്മദ് നവാസ് കോടതിയില്‍ തിരിച്ചറിഞ്ഞു.
ഇതോടൊപ്പം കോടതിയില്‍ പ്രദര്‍ശിപ്പിച്ച കൊലപാതക വീഡിയോയില്‍ നിന്നും മൂന്ന് പ്രതികളെയും രണ്ടാം സാക്ഷി തിരിച്ചറിഞ്ഞു. മങ്കട കൂട്ടില്‍ സ്വദേശികളായ നായകത്ത് അബ്ദുല്‍ നാസര്‍ (40), സഹോദരന് ഷറഫുദ്ദീന് (33), പട്ടിക്കുത്ത് സുഹൈല്‍ (34), പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍(52), പട്ടിക്കുത്ത് സക്കീര്‍ ഹുസൈന് (43), ചെണ്ണേക്കുന്നന്‍ ഷഫീഖ്(34), മുക്കില്‍ പീടിക പറമ്പാട്ട് മന്‍സൂര്‍ (34), അമ്പലപ്പള്ളി അബ്ദുല്‍ നാസര്‍(35) എന്നിവരാണ് പ്രതികള്‍.
കേസിലെ എല്ലാ പ്രതികള്‍ക്കും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ മറ്റു കേസുകളില്‍ ഉള്‍പ്പെടരുത് എന്ന ജാമ്യ വ്യവസ്ഥ പാലിക്കാന്‍ രണ്ടാം പ്രതിക്കായില്ല. ഇതിനെ തുടര്‍ന്ന് കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്ത രണ്ടാം പ്രതി നിലവില്‍ റിമാന്റില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടാം പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിനായില്ല.
ഇതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് കോടതി ഇയാളുടെ മൊഴിയെടുത്തത്. കോഴിക്കോട് ജയിലില്‍ കഴിയുന്ന തന്നെ മഞ്ചേരി സബ്ജയിലിലേക്ക് മാറ്റണമെന്ന രണ്ടാം പ്രതിയുടെ ആവശ്യം കോടതി അംഗീകരിച്ചു. 2016 ജൂണ്‍ 28ന് പുലര്‍ച്ചെ മൂന്നര മണിക്കാണ് കേസിന്നാസ്പദമായ സംഭവം. പ്രവാസിയുടെ ഭാര്യ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ അനാശാസ്യത്തിന് പോയി എന്നാരോപിച്ച് നാട്ടുകാരനായ നസീര്‍ ഹുസൈന് (40)നെ വടി, പട്ടിക വടികള്‍ എന്നിവ കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി ജി മാത്യുവും പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ പി വി ഹരി കോഴിക്കാട്, ഇ എം കൃഷ്ണന് നമ്പൂതിരി എന്നിവരുമാണ് ഹാജരാകുന്നത്. 69 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. എന്നാല്‍ പ്രതികളുടെ മൊബൈല്‍ പരിശോധന നടത്തിയ തിരുവനന്തപുരം സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫിസര്‍ ഡോ. ഗോപികയെ സാക്ഷിപട്ടികയിലുള്പ്പെടുത്തണമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി ജി മാത്യു ഹരജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ. ഗോപികയെ എഴുപതാം സാക്ഷിയാക്കുകയും വിസ്തരിക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ