- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രവാസിയുടെ ഭാര്യ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ അനാശാസ്യത്തിന് പോയെന്ന് പറഞ്ഞ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി; മങ്കട സദാചാര കൊലക്കേസിന്റെ വിചാരണ നാളെ പുനരാരംഭിക്കും
മലപ്പുറം: പ്രവാസിയുടെ ഭാര്യ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ അനാശാസ്യത്തിന് പോയെന്ന് പറഞ്ഞ് മര്‍ദ്ദിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ 35 ദിവസത്തിന് ശേഷം നാളെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എം തുഷാര്‍ മുമ്പാകെ പുനരാരംഭിക്കും. തൃശൂര്‍ സൈബര്‍ ഫോറന്‍സിക് സയന്‍സ് ലാബില്‍ അസിസ്റ്റന്റ് ഡയറക്ടറായ ജി ആര് ഗോപികയെ മാത്രമാണ് ഇതുവരെ കോടതിയില്‍ വിസ്തരിച്ചത്.
അന്ന് കോടതിയില്‍ ഹാജരാക്കിയ എട്ട് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും മെമ്മറി കാര്‍ഡുകളും അവര്‍ തിരിച്ചറിയുകയും ഇവ കോടതി രേഖയായി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇന്നലെ കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരനും കൊല്ലപ്പെട്ട നസീര്‍ ഹുസൈന്റെ സഹോദരനുമായ കൂട്ടില്‍ കുന്നശ്ശേരി മുഹമ്മദ് നവാസ്, രണ്ടാം സാക്ഷിയും വീട്ടുടമയുമായ സാജിദ, ദൃക്സാക്ഷി ലത്തീഫ് എന്നിവരെ വിസ്തരിക്കും.
മങ്കട കൂട്ടില്‍ സ്വദേശികളായ നായകത്ത് അബ്ദുല്‍ നാസര്‍ (40), സഹോദരന് ഷറഫുദ്ദീന് (33), പട്ടിക്കുത്ത് സുഹൈല്‍ (34), പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍(52), പട്ടിക്കുത്ത് സക്കീര്‍ ഹുസൈന് (43), ചെണ്ണേക്കുന്നന്‍ ഷഫീഖ്(34), മുക്കില്‍ പീടിക പറമ്പാട്ട് മന്‍സൂര്‍ (34), അമ്പലപ്പള്ളി അബ്ദുല്‍ നാസര്‍(35) എന്നിവരാണ് പ്രതികള്‍. കേസിലെ എല്ലാ പ്രതികള്‍ക്കും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ മറ്റു കേസുകളില്‍ ഉള്‍പ്പെടരുത് എന്ന ജാമ്യ വ്യവസ്ഥ പാലിക്കാന്‍ രണ്ടാം പ്രതിക്കായില്ല. ഇതിനെ തുടര്‍ന്ന് കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്തു.
പൊലീസ് അറസ്റ്റ് ചെയ്ത രണ്ടാം പ്രതി നിലവില്‍ റിമാന്റില്‍ കഴിയുകയാണ്. കഴിഞ്ഞ തവണ കോടതിയില്‍ ഹാജരാക്കിയ രണ്ടാം പ്രതിക്ക് ബന്ധുക്കളുമായി സംസാരിക്കുന്നതിനും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനും പൊലീസ് അനുവാദം നല്‍കിയത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ പരാതി നല്‍കുമെന്നും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ പറഞ്ഞു.
2016 ജൂണ്‍ 28ന് പുലര്‍ച്ചെ മൂന്നര മണിക്കാണ് കേസിന്നാസ്പദമായ സംഭവം. പ്രവാസിയുടെ ഭാര്യ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ അനാശാസ്യത്തിന് പോയി എന്നാരോപിച്ച് നാട്ടുകാരനായ നസീര്‍ ഹുസൈന് (40)നെ വടി, പട്ടിക വടികള്‍ എന്നിവ കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി ജി മാത്യുവും പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ പി വി ഹരി കോഴിക്കാട്, ഇ എം കൃഷ്ണന് നമ്പൂതിരി എന്നിവരുമാണ് ഹാജരാകുന്നത്.
69 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്.
എന്നാല്‍ പ്രതികളുടെ മൊബൈല്‍ പരിശോധന നടത്തിയ തിരുവനന്തപുരം സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫിസര്‍ ഡോ. ഗോപികയെ സാക്ഷിപട്ടികയിലുള്പ്പെടുത്തണമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി ജി മാത്യു ഹരജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ. ഗോപികയെ എഴുപതാം സാക്ഷിയാക്കുകയും വിസ്തരിക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ