ആലപ്പുഴ: മാന്നാറിലെ കൊലപാതകി എവിടെയുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞു. കലയെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതികള്‍ പിടിയിലായെന്നറിഞ്ഞ് ഒന്നാം പ്രതി അനിലിനു രക്തസമ്മര്‍ദം കൂടിയെന്നാണ് റീപ്പോര്‍ട്ട്. ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇസ്രയേലിലുള്ള ഇയാള്‍ ഇന്റര്‍പോളിന്റെ നിരീക്ഷണത്തിലാണ്. അനൗദ്യോഗികമായി കേസിന്റെ വിവരങ്ങള്‍ സിബിഐയിലൂടെ ഇന്റര്‍പോളിന് കേരളാ പോലീസ് കൈമാറിയെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് അനിലിനെ അന്തരാഷ്ട്ര ഏജന്‍സി നിരീക്ഷണത്തിലാക്കിയത്.

അതിനിടെ കലയുടെ കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘം വിപുലീകരിച്ചു. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മാന്നാര്‍, അമ്പലപ്പുഴ സ്റ്റേഷനുകളിലെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 21 അംഗ സംഘമാണ് ഇന്നലെ രൂപീകരിച്ചത്. മതിയായ തെളിവുകള്‍ ഈ കേസില്‍ കിട്ടിയെന്നാണ് പോലീസ് വിലയിരുത്തല്‍. എങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കൊലപാതകമായതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ അനിവാര്യമാണ്. അനിലിന്റെ കുറ്റസമ്മതവും കേസിന് നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് അനിലിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രം പോലീസ് പലവഴിക്ക് നടത്തുന്നത്.

ബന്ധുക്കളായ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിക്കുമെന്നും ബന്ധുക്കളില്‍നിന്ന് അനില്‍ അറിഞ്ഞിരുന്നു. തുടര്‍ന്നാണു രക്തസമ്മര്‍ദം കൂടിയതെന്നാണു വിവരം. ഇക്കാര്യം ഇസ്രയേലില്‍ അനില്‍ ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടര്‍മാരാണു ബന്ധുക്കളെ അറിയിച്ചതെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇക്കാര്യവും ഇസ്രേയേലിലെ അന്വേഷണ ഏജന്‍സിയെ പോലീസ് അറിയിച്ചു. എത്രയും വേഗം അനിലിനെ നാട്ടിലെത്തിക്കുകയാണ് പോലീസ് നീക്കം.

അനിലിനെ ഇസ്രയേലില്‍നിന്ന് എത്തിക്കാന്‍ കുറച്ചു സമയം കൂടിയെടുക്കും. സംസ്ഥാന പൊലീസ് മുതല്‍ കേന്ദ്ര ആഭ്യന്തര വകുപ്പും ഇന്റര്‍പോളും വരെ ഉള്‍പ്പെടുന്ന നടപടികള്‍ സങ്കീര്‍ണമാണ്. ഇത് മനസ്സിലാക്കിയാണ് അനൗദ്യോഗികമായ സൂചനകള്‍ സിബിഐയിലുടെ അന്താരാഷ്ട്ര ഏജന്‍സിക്ക് നല്‍കിയത്. സമ്മര്‍ദ്ദം ചെലുത്തി അനിലിനെ നാട്ടിലെത്തിക്കാനും പോലീസ് ശ്രമം തുടങ്ങി. ഇത് വിജയിക്കുമെന്നാണ് പ്രതീക്ഷ.

സര്‍ക്കാര്‍ തലത്തിലെ നടപടികളിലൂടെ നാട്ടിലെത്തിക്കാന്‍ ആദ്യം ബ്ലൂ കോര്‍ണര്‍ തിരച്ചില്‍ നോട്ടിസും പിന്നീട് റെഡ് കോര്‍ണര്‍ നോട്ടിസും പുറപ്പെടുവിക്കണം. ഇന്റര്‍പോളാണ് റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കേണ്ടത്. ഇതിന്റെ ആദ്യഘട്ടമായി പൊലീസ് തിരച്ചില്‍ സര്‍ക്കുലര്‍ പുറത്തിറക്കണം. പിന്നീടു കോടതി വഴി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ശേഷം റെഡ് കോര്‍ണര്‍ നോട്ടിസിനുള്ള പൊലീസിന്റെ അഭ്യര്‍ഥന കേന്ദ്ര ആഭ്യന്തരവകുപ്പിനു കൈമാറും. ഇതെല്ലാം സമയമെടുക്കും. അപ്പോഴേക്കും പ്രതി ഇസ്രയേലില്‍ നിന്നും മറ്റൊരിടത്തേക്ക് മാറാനുള്ള സാധ്യതയും കൂടും.

ഇന്റര്‍പോളിന്റെ ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയായ സിബിഐയാണു റെഡ് കോര്‍ണര്‍ നോട്ടിസ് ഇറക്കാന്‍ ശുപാര്‍ശ നല്‍കേണ്ടത്. ഈ ശുപാര്‍ശ ഇന്റര്‍പോളിന്റെ ജനറല്‍ സെക്രട്ടേറിയറ്റ് നിയോഗിക്കുന്ന പ്രത്യേക ദൗത്യ സമിതി പരിശോധിച്ച ശേഷമാണു നോട്ടിസ് പുറപ്പെടുവിക്കുന്നത്.