- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർജിക്കൽ ബ്ളേഡു ഉപയോഗിച്ചല്ല കാൽ മുറിച്ചതെന്ന കണ്ടെത്തൽ നിർണ്ണായകമായി; കൊല്ലപ്പെട്ടയാളുടെ പ്രായം തിരിച്ചറിഞ്ഞ് മിസിങ് കേസുകൾ അരിച്ചു പെറുക്കി; തിരുവനന്തപുരത്ത് സുഹൃത്തുള്ള കന്യാകുമാരിക്കാരനെ കണ്ടെത്തിയത് ട്വിസ്റ്റായി; പീറ്റർ കനിഷ്കറെ വിളിച്ചു വരുത്തിയത് മനു രമേശ്; തലയും ഉടലും പല കഷണങ്ങളായി വെട്ടിനുറുക്കിയത് ഇറച്ചി വെട്ടുകാരൻ; രണ്ടു കാലുകളിലൂടെ കേരള പൊലീസ് അരുംകൊലയുടെ ചുരുളഴിച്ച കഥ
തിരുവനന്തപുരം : മുട്ടത്തറയിലെ സ്വീവേജ് പ്ലാന്റിൽ നിന്നും കാലുകൾ കണ്ടെത്തിയ സംഭവത്തിൽ ഒന്നിന് പുറകെ ഒന്നായി പൊലീസ് തുമ്പുണ്ടാക്കിയാണ് അരുംകൊലയ്ക്ക് പിന്നിലെ പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ചത്. ഓഗസ്റ്റ് 15ന് വലിയതുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആഴ്ചകളോളം സിറ്റി പൊലീസ് നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്.
ആശുപത്രിയിൽ നിന്ന് മാലിന്യം നീക്കം ചെയ്ത കൂട്ടത്തിൽ ശസ്ത്രക്രിക്ക് ശേഷം വന്ന മനുഷ്യന്റെ കാലുകൾ അലക്ഷ്യമായി പുറംതള്ളിയെന്നാണ് ആദ്യം പൊലീസ് കരുതിയത്. എന്നാൽ കാൽ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ ശേഷം പൊലീസ് ഡോക്ടർമാരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ സർജിക്കൽ ബ്ളേഡുപയോഗിച്ചല്ല കാൽ മുറിച്ചിരിക്കുന്നതെന്നും കൊലപാതകമാകാൻ സാദ്ധ്യതയുള്ളതായും കണ്ടെത്തി.
കാലിൽ നിന്ന് ആളിന്റെ പ്രായത്തെപ്പറ്റി ഏകദേശ സൂചന ലഭിച്ചതോടെ തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ മിസിങ് കേസുകളിലേക്ക് അന്വേഷണം നീണ്ടു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പീറ്ററിന്റെ സ്ഥലത്തെ സാന്നിദ്ധ്യം ബോദ്ധ്യപ്പെട്ട പൊലീസ് സംഘം കന്യാകുമാരിയിലെത്തി പീറ്ററിന്റെ അമ്മയെക്കണ്ട് കാര്യങ്ങൾ അന്വേഷിച്ചു.
കനിഷ്‌കർ വടശേരി സ്വദേശിയായ മഹേഷ് ഖലീഫയോടൊപ്പം തിരുവനന്തപുരത്തെ സുഹൃത്തിനെ കാണാൻ പോയതാണെന്ന വിവരം ലഭിച്ചു. തുടർന്ന് ഖലീഫയെ ചോദ്യം ചെയ്തപ്പോഴാണ് ബംഗ്ലാദേശ് കോളനിയിലെ മനുവിന്റെ വീട്ടിലേക്ക് പോയെന്ന് മനസിലായത്. മനുരമേശും പീറ്ററുമായുള്ള ഏറ്റുമുട്ടലുകളും പരസ്പരം തമിഴ്‌നാട്ടിലുണ്ടായ അക്രമങ്ങളും പീറ്ററിന്റെ അമ്മ വിശദീകരിച്ചതോടെ മനുരമേശിനെയും ഷെഹിൻഷായെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്.
നഗരത്തിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ മനുരമേശിനും ഷെഹിൻഷായ്ക്കും പുറമേ രാജേഷെന്ന മറ്റൊരു യുവാവിനും സംഭവത്തിൽ ബന്ധമുണ്ടെന്നാണ് സൂചന. രാജേഷിന്റെ സഹായത്തോടെ പീറ്ററിനെ വിളിച്ചുവരുത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. റിമാൻഡ് ചെയ്ത മനുവിനെയും ഷെഹിൻഷായെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ സംഭവത്തിൽ വ്യക്തത വരുത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
അന്തർ സംസ്ഥാന ലഹരിമാഫിയകൾ തമ്മിലുള്ള കുടിപ്പകയിലാണ് കന്യാകുമാരി സ്വദേശിയായ ലഹരിമാഫിയത്തലവനെ തലസ്ഥാനത്തെ ക്രിമിനലുകൾ അതിക്രൂരമായി വെട്ടിയരിഞ്ഞ് കൊന്നത്. കന്യാകുമാരി, ചിന്നമുട്ടം, ശിങ്കാരവേലൻ കോളനി സ്വദേശി പീറ്റർ കനിഷ്‌കറാണ് (26) കൊല്ലപ്പെട്ടത്. തമിഴ്‌നാട്, കേരള അതിർത്തി കേന്ദ്രീകരിച്ച് ലഹരിമാഫിയയിലും ഗുണ്ടാ സംഘങ്ങളിലും ഉൾപ്പെട്ട സംഘങ്ങൾ തമ്മിൽ മാസങ്ങളായി തുടർന്നുവന്ന അക്രമങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും തുടർച്ചയാണ് കൊലപാതകം.
കൊല്ലപ്പെട്ട പീറ്റർ കനിഷ്‌കന്റെ വീടിന്റെ സമീപമാണ് മനുരമേശിന്റെ അമ്മയുടെ വീട്. ഈനിലയിൽ ഇരുവരും തമ്മിൽ സൗഹൃദമുണ്ടായിരുന്നെങ്കിലും ലഹരികടത്തിലും ഗുണ്ടാപ്രവർത്തനത്തിലും സജീവമായതോടെ കഴിഞ്ഞ കുറേ നാളുകളായി ഇരുവരും ബദ്ധശത്രുക്കളായി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നാണ് മുട്ടത്തറ സ്വീവേജ് പ്ളാന്റിന് സമീപം കിണറ്റിൽ നിന്ന് കാൽ വെട്ടിമാറ്റി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അന്തർസംസ്ഥാന ബന്ധമുള്ള രണ്ട് ലഹരി മാഫിയ സംഘങ്ങളിലെ കണ്ണികളായിരുന്നു കനിഷ്‌കനും മനുരമേശും.
തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവും എം.ഡി.എം.എയുമുൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ കടത്തും കച്ചവടവും സംബന്ധിച്ച് കനിഷ്‌കറും മനുരമേശും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് വിവരം. ഓഗസ്റ്റ്12 നാണ് കനിഷ്‌കനെ തന്ത്രപരമായി തലസ്ഥാനത്തെ മുട്ടത്തറയിലേക്ക് വിളിച്ചുവരുത്തിയത്. മനുരമേശിന്റെ വീട്ടിലെത്തിയ കനിഷ്‌കനെ മർദ്ദിച്ച് അവശനാക്കിയ ശേഷം രണ്ട് കാലുകളും വെട്ടിമാറ്റിയസംഘം തലയും ഉടലും അനേകം കഷണങ്ങളായി വെട്ടിനുറുക്കി.
ഇറച്ചി വെട്ടി അരിയുന്ന ഷെഹിൻഷായാണ് മൃഗങ്ങളെ വെട്ടിഅരിയുംപോലെ കനിഷ്‌കന്റെ ശരീരം കഷ്ണങ്ങളാക്കിയത്. കാലുകൾ രണ്ടും സ്വിവറേജ് പ്ളാന്റിന് സമീപം ഉപേക്ഷിച്ച ഇവർ ശേഷിക്കുന്ന ശരീരഭാഗങ്ങൾ മനുഷ്യന്റേതാണെന്ന് തിരിച്ചറിയാത്ത വിധം നുറുക്കി പ്ളാസ്റ്റിക് ബാഗുകളിൽ പൊതിഞ്ഞ് നഗരത്തിലെ വിജനസ്ഥലങ്ങളിൽ ഉപേക്ഷിച്ചതായാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. മനുവിന്റെയും ഷെഹിൻഷായുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തെരച്ചിലിൽ പെരുന്നെല്ലി കോളനിയിലേക്കുള്ള വഴിയുടെ സമീപത്ത് നിന്ന് കനിഷ്‌കറിന്റേതെന്ന് കരുതുന്ന ഉടലിന്റെ കുറച്ച് ഭാഗംകൂടി പൊലീസ് കണ്ടെത്തി.
കാലിന്റെ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ പൊലീസ് ഇന്നലെ കണ്ടെത്തിയ ശരീരഭാഗം കൂടി പോസ്റ്റുമോർട്ടം ചെയ്യാനായി ആശുപത്രി അധികൃതർക്ക് കത്ത് നൽകി. ശേഷിക്കുന്ന ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയശേഷം ഡി.എൻ.എ ഫലം വന്നാലുടൻ മൃതദേഹം പീറ്ററിന്റെ ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
പീറ്ററിന്റെ പേരിൽ കന്യാകുമാരി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായിട്ട് നിരവധി കേസുകൾ ഉണ്ട്.പീറ്റർ ഗുണ്ടാ മാത്രമല്ല കഞ്ചാവ് വില്പനക്കാരനും കൂടിയാണ്.ഒപ്പം വീടുകയറി മോഷണം,വഴിപറി,അടിപിടി തുടങ്ങിയ കേസുകളുമുണ്ട്.പീറ്റർ മയക്കുമരുന്നിന് അടിമയാണ്. കഴിഞ്ഞ 2020 ഒക്ടോബറിൽ ഒരേ സമയത്തിൽ നാല് കേസ് കോട്ടാർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യ്തതിനാൽ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഗുണ്ടാ ആക്ട് ചുമത്തി ജയിലിൽ അടച്ചിരുന്നു.
പ്രതികളിൽ ഒരാളായ മനു രമേശിന്റെ അമ്മയുടെ വീടും കന്യാകുമാരിയിലാണ്. അങ്ങനെയാണ് ഇവർ തമ്മിൽ പരിചയത്തിൽ ആയത് എന്ന് പൊലീസ് സംശയിക്കുന്നു.കഴിഞ്ഞ 2020 ൽ കന്യാകുമാരി നാലു വഴി പാതയിൽ ഇരു കഞ്ചാവ് മാഫിയകൾ തമ്മിലുണ്ടായ തർക്കത്തിൽ രണ്ട് പേർ സംഭവ സ്ഥലത്ത് വച്ച് കുത്തേറ്റ് മരിച്ചിരുന്നു.ആ കേസിലും പീറ്റർ പ്രതിയാണ്. പ്രതികളിൽ ഒരാളായ മനു രമേശിനെയും മൂന്ന് മാസങ്ങൾക്ക് മുൻപ് നാഗർകോവിലിൽ നടന്ന ഒരു വെട്ട് കേസിൽ കന്യാകുമാരി പൊലീസ് തേടി വന്നിരുന്ന പ്രതികളിൽ ഒരാളാണ്.
സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമ്മിഷണർ അജിത്കുമാർ, അസി. കമ്മിഷണർമാരായ പൃഥ്വിരാജ്, ഷീൻതറയിൽ, സിഐ സതികുമാർ, എസ്‌ഐമാരായ അഭിലാഷ് മോഹൻ, അലീന സൈറസ്, പൊലീസുകാരായ മനു, അനീഷ്, അരുൺരാജ്, റോജിൻ തുടങ്ങിയവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്