മലപ്പുറം: 10 വർഷത്തെ പ്രണയത്തിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ഉറപ്പിച്ചശേഷം 22കാരി വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ കാമുകനായ അശ്വിൻ പിടിയിലായത് തനിക്കെതിരെ അന്വേഷണം വരില്ലെന്ന് കരുതിയിരിക്കെ. മലപ്പുറം കീഴുപറമ്പ് തൃക്കളയൂരിൽ വിവാഹ നിശ്ചയം കഴിഞ്ഞ തൃക്കളയൂർ സ്വദേശി മന്യ എന്ന ഇരുപത്തിരണ്ടുകാരിയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. കേസിൽ കാമുകൻ തൃക്കളയൂർ ചീനത്തുംകണ്ടി സ്വദേശി അശ്വിൻ (26) നെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കഴിഞ്ഞ ദിവസം അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവ സമയത്ത് ഗൾഫിലായിരുന്ന അശ്വിൻ അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. മന്യയുമായി നടത്തിയ മെസ്സേജുകളെല്ലാം അശ്വിൻ തന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. എന്തെങ്കിലും കാരണത്താൻ തന്നെ ചോദ്യംചെയ്യാൻ സാഹചര്യമുണ്ടായാൽ തെളിവുണ്ടാകാതിരിക്കാനായിരുന്നു ഈ നീക്കം. എന്നാൽ നേരത്തെ തന്നെ മന്യയുടെ മരണത്തിൽ വീട്ടുകാർ ദുരൂഹത ആരോപിച്ചതോടെ മന്യയുടെ ഫോണിലെ വാട്സ്ആപ്പ് സന്ദേശങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ പൊലീസിന് മുന്നിൽ അശ്വിൻ നിരീക്ഷണത്തിലായിരുന്നു. എന്നാൽ വിദേശത്തായിരുന്ന അശ്വിനെ ഈ സമയത്തൊന്നും പൊലീസ് ബന്ധപ്പെട്ടില്ല.

പിന്ന്ട് അശ്വിൻ നാട്ടിലെത്തുന്ന വിവരം അറിഞ്ഞതോടെ നേരെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്തു. അശ്വിൻ മരണത്തിൽ തനിക്കൊരു ബന്ധവുമില്ലെന്ന നിലപാടിലാണ് പൊലീസിന് മൊഴി നൽകിയത്. ഈ സമയത്ത് അശ്വിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. മന്യയുടെ ഫോണും വീട്ടുകാരിൽനിന്നും എത്തിച്ചു. ശേഷം ഇരുവരും നടത്തിയ മെസ്സേജുകൾ പരിശോധിച്ചു. ഇതിൽ അശ്വിന്റെ ഫോണിലെ മെസ്സേജുളെല്ലാം ഡിലീറ്റ് ആയി കണ്ടു. എന്നാൽ ഫോൺ കൂടുതൽ പരിശോധനക്കായി ഫോറൻസിക് വിദഗ്ധരെ ഏൽപിച്ചു.

ഈസമയത്ത് ഡിലീറ്റ് ആയ മുഴുവൻ മെസ്സേജുകളും പൊലീസിന് തിരികെ ലഭിച്ചു. മരണത്തിലേക്ക് നയിക്കാൻ അശ്വിനുമായുള്ള പ്രശ്നം തന്നെയാണെന്ന ഉറപ്പു ലഭിച്ചതോടെയാണ് അറസ്റ്റ് ചെയ്തതെന്നു അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
എട്ടാംക്ലാസ് മുതൽ പ്രണയിച്ച കാമുകനുമായി വിവാഹം നിശ്ചയിച്ച മന്യയുടെ ആത്മഹത്യ സ്വന്തം വീട്ടുകാർക്കും ഇതുവരെ വിശ്വസിക്കാനായിട്ടില്ല. തങ്ങൾ ആദ്യം എതിർത്ത വിവാഹം മന്യയുടെ താൽപര്യവും അവളുടെ പിടിവാശിയും കണക്കിലെടുത്താണ് സമ്മതിച്ചത്. മകളുടെ സന്തോഷം മാത്രം കണക്കിലെടുത്തായിരുന്നു വീട്ടുകാർ ഇത്തരമൊരു തീരുമാനത്തിലെത്താൻ കാരണം. എന്നാൽ മകളുടെ ഈ തീരുമാനം തെറ്റായിരുന്നുവെന്ന് അവളുടെ ജീവൻ നഷ്ടമാകുമ്പോൾ മാത്രമാണ് വീട്ടുകാരും അറിയുന്നത്.

മലപ്പുറം കീഴുപറമ്പ് തൃക്കളയൂരിലെ സ്വന്തം വീട്ടിലാണ് മന്യ ആത്മഹത്യ ചെയ്തത്. വിവാഹം ഉറപ്പിച്ചതോടെ അശ്വിന്റെ സ്വഭാവം മാറുകയായിരുന്നു. വീട്ടുകാർ അറിയാതെ പലയിടത്തും ബൈക്കിൽ കറങ്ങി. വിവാഹം കഴിച്ചെന്ന് വരുത്തിത്തീർക്കാൻ മന്യയെ തനിച്ച് അമ്പലത്തിൽ കൊണ്ടുപോയി താലിയും ചാർത്തി. പിന്നെ സംശയരോഗമായി. ഇതിനിടയിലാണ് അശ്വിൻ ഗൾഫിൽ പോയത്. ചില സുഹൃത്തുക്കളുമായി ബന്ധമുണ്ടെന്നാരോപിച്ച് മന്യയെ മാനസികമായി മെസ്സേജുകളിലൂടെ പലപ്പോഴും പീഡിപ്പിച്ചു.

എന്നാൽ അങ്ങനെയൊന്നും ഇല്ലെന്നും തെറ്റിദ്ധരണയാണെന്നും മന്യ പറഞ്ഞിട്ടും അശ്വിൻ ഒന്നും മുഖവിലയ്ക്കെടുത്തില്ല. ഇതിനിടെ തനിക്കു പോയി ചത്തൂടെ'യെന്ന മെസ്സേജും അയച്ചു. മന്യ കരഞ്ഞ് പറഞ്ഞിട്ടും വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്ന് അശ്വിന്റെ വാട്‌സ്ആപ്പ് മെസ്സേജും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മന്യ വീട്ടിൽ തൂങ്ങിമരിച്ചത്.

ഇരുവരുടേയും ഫോൺ സന്ദേശങ്ങളിൽ നിന്നാണ് ഇക്കാര്യങ്ങളെല്ലാം പൊലീസിന് ബോധ്യമായത്. ഇക്കഴിഞ്ഞ ജൂണിലാണ് മന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2021 സെപ്റ്റംബർ മാസം ഇവരുടെ വിവാഹനിശ്ചയവും ബന്ധുക്കൾ നടത്തിയിരുന്നു. തുടർന്ന് എട്ടു മാസങ്ങൾക്ക് ശേഷമാണ് യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ അരീക്കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ കുടുംബം മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി അരീക്കോട് പരാതി നൽകിയത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് യുവതിയെ മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്. നടത്തിയ അന്വേഷണത്തിലും ഇത് സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചെന്നും അരീക്കോട് എസ് എച്ച് ഒ എം അബാസലി പറഞ്ഞു.

നിലവിൽ ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. തുടർ നടപടികൾ പൂർത്തിയാക്കിയ പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അരീക്കോട് എസ്‌ഐ അമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തുടരന്വേഷണം നടത്തുന്നത്.