ഇരിട്ടി: കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിക്കടുത്ത് ഞെട്ടിത്തോട് മലയിൽ രാത്രിയിലും വെടിയൊച്ച. തണ്ടർബോൾട്ട്-മാവോയിസ്റ്റ് വെടിവയ്പ് രാത്രിയിലും ഉണ്ടായി എന്നാണ് സൂചന.

ഇന്നലെ രാവിലെ ഒൻപതരയോടെ മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലിൽ 2 മാവോയിസ്റ്റുകൾക്കു വെടിയേറ്റതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. മാവോയിസ്റ്റ് കബനിദളം കമാൻഡർ സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണിതെന്നു സൂചനയുണ്ട്. 3 തോക്കുകൾ പൊലീസ് കണ്ടെടുത്തു. കണ്ണൂർ വനം ഡിവിഷനിൽ ഇരിട്ടി സെക്ഷനിൽ അയ്യൻകുന്ന് മലയടിവാരത്തിൽപെട്ട പ്രദേശത്തായിരുന്നു രാവിലെ വെടിവയ്പ്. വനത്തിൽ പൊലീസ് തിരച്ചിൽ തുടരുകയാണ്. ഇതിനിടെയാണ് രാത്രിയിലും വെടിയൊച്ചയുണ്ടായത്.

ഇന്നലെ രാവിലെയാണ് പ്രദേശവാസികൾ ഞെട്ടിത്തോട് മലയിൽനിന്നു വെടിയൊച്ച കേട്ടത്. തുടർന്ന് അടിവാര പ്രദേശങ്ങളെല്ലാം പൊലീസ് വളഞ്ഞു. ഉരുപ്പുംകുറ്റി ഉൾപ്പെടെയുള്ള പ്രദേശത്തേക്കു പോകുന്ന എല്ലാ റോഡുകളിലും ഉപരോധമേർപ്പെടുത്തി. ഉച്ചവരെ ഇടയ്ക്കിടെ വനമേഖലയിൽനിന്നു വെടിയൊച്ച കേൾക്കാമായിരുന്നു. കർണാടക അതിർത്തിയിലേക്ക് ഇവിടെനിന്ന് 2 കിലോമീറ്ററേയുള്ളു. ഞായറാഴ്ച ഉച്ചയ്ക്കും തിങ്കളാഴ്ച പുലർച്ചെയുമായി മാവോയിസ്റ്റ് വിരുദ്ധ സേനകൾ ഉരുപ്പുംകുറ്റിക്ക് സമീപമുള്ള വനമേഖലകളിൽ തിരച്ചിലിനെത്തിയിരുന്നു.

ഞെട്ടിത്തോട് വനത്തിനുള്ളിൽ കുറിച്യ വിഭാഗത്തിൽപെട്ട ഒരാൾക്കു പതിച്ചുകിട്ടിയ നാലേക്കർ ഭൂമിയിലാണ് ആദ്യം വെടിയൊച്ച കേട്ടതെന്നു നാട്ടുകാർ പറഞ്ഞു. ഇവിടെ താൽക്കാലിക ഷെഡിൽ മാവോയിസ്റ്റുകളുടെ യോഗം നടക്കുന്നതിനിടെ എസ്‌പിജി സംഘം എത്തുകയും മാവോയിസ്റ്റുകൾ ഇവർക്കു നേരെ വെടിയുതിർക്കുകയും ചെയ്തതായാണു വിവരം. രണ്ടു ഷെഡുകൾ ഇവിടെയുണ്ടായിരുന്നു.

മാവോയിസ്റ്റുകളെ കണ്ടതോടെ സംഷർഷം തുടങ്ങി. മാവോയിസ്റ്റുകൾ ആക്രമിച്ചു. എസ്‌പിജി തിരിച്ചു വെടിവച്ചു. ആദ്യം തുടർച്ചയായ വെടിവയ്പ് ആയിരുന്നു. പിന്നീട് മൂന്നു മണിക്കൂറോളം വനത്തിനുള്ളിലേക്കു നീങ്ങി വെടിയൊച്ച കേൾക്കാമായിരുന്നു. ഉരുപ്പുംകുറ്റി മാവോയിസ്റ്റ് ആക്രമണം നടന്നപ്പോൾ കാട്ടിൽ ഉണ്ടായിരുന്നത് 8 മാവോയിസ്റ്റുകളാണെന്ന് പൊലീസ് എഫ്‌ഐആർ. മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് നേരെ ഇവർ വെടിയുതിർത്തു.

ഉരുപ്പുംകുറ്റി വനമേഖലയിലെ ഞെട്ടിത്തോട് എന്ന സ്ഥലത്തു വച്ചാണ് വെടിവയ്‌പ്പ് നടന്നതെന്നും രാവിലെ 9.30 നായിരുന്നു ആക്രമണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തപോഷ് ബസുമതരി വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് നിരവധി തവണ വെടിവയ്‌പ്പുണ്ടായെന്നും ഏറ്റുമുട്ടൽ നടന്ന ഞെട്ടിത്തോട് മാവോയിസ്റ്റുകൾ തമ്പടിച്ച ഷെഡുകളുണ്ടായിരുന്നുവെന്നും തീവ്രവാദ വിരുദ്ധ സേന ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. സംഭവത്തിൽ യുഎപിഎ നിയമത്തിലെ വകുപ്പുകളടക്കം ചുമത്തി കേസെടുത്തു.

പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മാവോയിസ്റ്റുകൾ എത്തിയിരുന്നു. നിരീക്ഷണം ശക്തമാക്കിയ തണ്ടർബോൾട്ട് രാവിലെ തെരച്ചിലിന് ഇറങ്ങിയപ്പോഴാണ് വെടിവയ്‌പ്പ് ഉണ്ടായത്. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകൾ ഉൾക്കാട്ടിലേക്ക് പിൻവലിഞ്ഞു.