കണ്ണൂർ: അയ്യൻകുന്നിൽ വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ തുടരുന്നുവെന്ന് കേരളാ പൊലീസ്. ഞെട്ടിത്തോട് ഉൾവനത്തിലും കർണാടക അതിർത്തി വനമേഖലയിലുമാണ് വ്യാപക തെരച്ചിൽ. തിങ്കളാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ ഒരു മാവോയിസ്റ്റിന് സാരമായ പരിക്കേറ്റെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. കർണ്ണാടക പൊലീസിന്റെയും സഹായം തേടാനാണ് തണ്ടർബോൾട്ടിന്റെ തീരുമാനം.

ഞെട്ടിത്തോട് മലയിൽ ക്യാംപ് ചെയ്തത് സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമെന്നു വിവരം. കഴിഞ്ഞദിവസം വയനാട്ടിൽ അറസ്റ്റിലായ ചന്ദ്രുവിനെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ പൊലീസ് പരിശോധന നടത്തുന്നതെന്നാണ് അറിയുന്നത്. ഞെട്ടിത്തോട് മലയിൽ മാവോയിസ്റ്റ് ക്യാപുണ്ടെന്നും 8 പേർ അവിടെ ഉണ്ടെന്നുമുള്ള വിവരമാണ് ചന്ദ്രുവിൽനിന്നു പൊലീസിനു കിട്ടിയതെന്നാണു സൂചന.

ഈ സാഹചര്യത്തിലാണ് തണ്ടർ ബോൾട്ട് പരിശോധനകൾ നടത്തിയത്. രാത്രിയിലും മാവോയിസ്റ്റുകൾ, തെരച്ചിൽ നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘത്തിന്റെ മുന്നിൽപ്പെട്ട് വെടിയുതിർത്തു. തിരിച്ചു വെടിവെച്ചെങ്കിലും ആരെയും പിടികൂടാൻ സേനയ്ക്ക് കഴിഞ്ഞില്ല. വനത്തിൽ നിന്ന് പുറത്തേക്കുള്ള വഴികളെല്ലാം പൊലീസ് അടച്ചിട്ടുണ്ട്. കാട്ടിനുള്ളിൽ മാവോയിസ്റ്റുകളുണ്ടെന്നാണ് സൂചന. മാവോയിസ്റ്റുകൾ പത്തിൽ അധികം പേരുണ്ടാകമെന്നാണ് നിഗമനം.

വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയതോടെ, കേരളതമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിൽ തമിഴ്‌നാട് പൊലീസ് നിരീക്ഷണം ശക്തമാക്കി. നാടുകാണി, പാട്ടവയൽ, താളൂർ, നമ്പ്യാർകുന്ന്, കക്കനല്ല തുടങ്ങിയ ചെക്‌പോസ്റ്റുകളിൽ വാഹനപരിശോധന കർശനമാക്കിയതിനൊപ്പം വനപ്രദേശങ്ങളിൽ പൊലീസ് പട്രോളിങ്ങും ഊർജിതമാക്കി. നീലഗിരി ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അൻപതോളം പൊലീസുകാരാണ് അതിർത്തിക്കു സമീപമുള്ള വനങ്ങളിൽ തിരച്ചിൽ നടത്തിയത്.

തിങ്കളാഴ്ചത്തെ വെടിവയ്പിൽ 2 പേർക്കു പരുക്കേറ്റതായും ഒരാളുടെ പരുക്കു മാരകമാണെന്നുമാണു വിവരം. ഇന്നലെയും അതിശക്തമായ പൊലീസ് സന്നാഹമാണ് അയ്യൻകുന്നിൽ വിന്യസിച്ചത്. തദ്ദേശവാസികളെപ്പോലും പരിശോധനയ്ക്കു വിധേയരാക്കിയാണ് വനാതിർത്തിയിലെ ജനവാസ മേഖലയിലേക്കു കടത്തിവിടുന്നത്. കണ്ണൂർ ഡിഐജി തോംസൺ ജോസ്, കണ്ണൂർ റൂറൽ എസ്‌പി എം.ഹേമലത എന്നിവരും മേഖലയിൽ ക്യാംപ് ചെയ്യുന്നുണ്ട്.

ഞെട്ടിത്തോട് ഷെഡുകളിൽ മാവോയിസ്റ്റുകൾ ഭക്ഷണം പാകം ചെയ്തതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഉൾവനത്തിൽ രണ്ടിലധികം ഷെഡുകളുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ ആരും കസ്റ്റഡിയിൽ ഇല്ലെന്നും ആയുധങ്ങൾ കണ്ടെടുത്തെന്നും ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കി. കൂടുതൽ സേന ഉൾവനത്തിൽ തുടരുകയാണ്.

ഉരുപ്പുംകുറ്റി മാവോയിസ്റ്റ് ആക്രമണം നടന്നപ്പോൾ കാട്ടിൽ ഉണ്ടായിരുന്നത് എട്ട് മാവോയിസ്റ്റുകളാണെന്നാണ് എഫ്‌ഐആർ. ഉരുപ്പുംകുറ്റി വനമേഖലയിലെ ഞെട്ടിത്തോട് എന്ന സ്ഥലത്തു വച്ചാണ് വെടിവയ്‌പ്പ് നടന്നതെന്നും ഇന്നലെ രാവിലെ 9.30 നായിരുന്നു ആക്രമണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തപോഷ് ബസുമതരി വ്യക്തമാക്കി.