കണ്ണൂർ: അയ്യൻകുന്ന് ഉരുപ്പുംകുറ്റി ഞെട്ടിത്തോട് മലയിൽ 47 ദിവസം മുൻപ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പരുക്കേറ്റ ആന്ധ്ര സ്വദേശിയായ മാവോയിസ്റ്റ് കവിത (ലക്ഷ്മി 40) കൊല്ലപ്പെട്ടതായി മാവോയിസ്റ്റുകൾ പ്രഖ്യാപിക്കുമ്പോൾ തിരിച്ചടി മുന്നിൽ കണ്ട് കേരളാ പൊലീസ്. വയനാട് തിരുനെല്ലി ഗുണ്ടികപ്പറമ്പ് കോളനിയിലെ കടയുടെ ചുമരിൽ പതിച്ച പോസ്റ്ററുകളിലും പുറത്തു വിട്ട കുറിപ്പിലുമാണ് ഇക്കാര്യം പറയുന്നത്.

ഏറ്റുമുട്ടലിൽ തങ്ങളുടെ സഹപ്രവർത്തക കവിത രക്തസാക്ഷിയായെന്നും ഇതിന് പകരംവീട്ടുമെന്നും കാണിച്ച് ഏറ്റുമുട്ടലുണ്ടായി 45 ദിവസത്തിന് ശേഷമാണ് സ്ഥിരീകരണവുമായി മാവോവാദികൾ രംഗത്ത് വന്നത്. നവംബർ 13-ന് രാവിലെയായിരുന്നു ഏറ്റുമുട്ടൽ. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലാണു ലഘുലേഖ. കവിത കബനീദളം ഏരിയ സെക്രട്ടറി ആയിരുന്നെന്ന് ലഘുലേഖയിൽ പറയുന്നു. ലക്ഷ്മി, മല്ലിക, കീർത്തി എന്നീ പേരുകളും ഇവർ സംഘത്തിൽ ഉപയോഗിക്കുന്നുണ്ട്. 15 വയസ്സു മുതൽ മാവോയിസ്റ്റ് പ്രവർത്തകയാണ്.

തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ് ജാഗ്രത പുലർത്തുന്നത്. കഴിഞ്ഞദിവസം തിരുനെല്ലി മേഖലയിൽ പോസ്റ്റർ പതിക്കാൻ എത്തിയത് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള 6അംഗസംഘം ആണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വയനാട് സ്വദേശിയായ സോമനും സംഘത്തിൽ ഉണ്ടായിരുന്നു. മറ്റു നാലു പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. .തിരുനെല്ലി ആശ്രാമം സ്‌കൂളിന് സമീപത്തുള്ള കടയിലാണ് മാവോയിസ്റ്റുകൾ കത്ത് ഇട്ടത്. സ്‌കൂളിന്റെ സൂചന ബോർഡിന് മുകളിലും കത്ത് പതിച്ചിരുന്നു. കബനി ദളം ഏരിയാ സെക്രട്ടറി ആയിരിക്കുകയാണ് ആറളത്തെ ഏറ്റുമുട്ടലിൽ കവിത കൊല്ലപ്പെടുന്നത്.

ഞെട്ടിത്തോട് വനമേഖലയിൽ പട്രോളിങ്ങിനുപോയ തണ്ടർബോൾട്ട് സംഘത്തിനുനേരേ മാവോവാദികൾ വെടിവെച്ചുവെന്ന് തിവ്രവാദവിരുദ്ധ സേന ഡി.ഐ.ജി. പുട്ട വിമലാദിത്യ സംഭവദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. വെടിവെപ്പുണ്ടായതോടെ തിരിച്ച് വെടിവെച്ചതായും ഇതോടെ എട്ടംഗ മാവോവാദിസംഘം ഉൾക്കാട്ടിലേക്ക് ഓടിപ്പോയെന്നുമായിരുന്നു വിശദീകരണം. സ്ഥലത്ത് ചോരപ്പാടുകൾ കണ്ടെത്തിയതായും രണ്ട് ഷെഡുകൾ കണ്ടെത്തിയതായും ഡി.ഐ.ജി. പറഞ്ഞിരുന്നു. മാവോവാദി കബനീദളം ഗ്രൂപ്പിലെ സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘവുമായാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ടുപേർക്ക് വെടിയേറ്റതായും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും അന്നുതന്നെ ഉണ്ടായിരുന്നു. ഇതേ സിപി മൊയ്തീന്റെ സംഘമാണ് ഗുണ്ടികപ്പറമ്പിൽ പോസ്റ്റർ ഒട്ടിക്കാനും എത്തിയത്.

സാധാരണ പരിക്കേറ്റ മാവോയിസ്റ്റുകളെ കോയമ്പത്തൂരിലോ തിരുനെൽവേലിയിലോ എത്തിച്ച് ചികിത്സ നൽകാനുള്ള സംവിധാനം മാവോയിസ്റ്റുകൾക്ക് ഉണ്ടെങ്കിലും ഏറ്റുമുട്ടലുണ്ടായതിന് ശേഷം കനത്ത പൊലീസ് കാവൽ കാരണം മാവോയിസ്റ്റുകൾക്ക് കാടിന് പുറത്തെത്താനായില്ലെന്നാണ് വിവരം. തുടർന്ന് വനത്തിനുള്ളിൽ തന്നെ ചികിത്സ തുടരുകയായിരുന്നു.കവിതയുടെ മൃതദേഹം ഒരു വിപ്ലവകാരിക്ക് ലഭിക്കേണ്ടുന്ന എല്ലാ ബഹുമതികളും നൽകി പശ്ചിമഘട്ട വനമേഖലയിൽ സംസ്‌കരിച്ചതായും ജോഗിയുടെ പ്രസ്താവനയിൽ പറയുന്നുണ്ട്. എൽഡിഎഫ് ഭരണകാലത്തുകൊല്ലപ്പെടുന്ന ഒൻപതാമത്തെ മാവോയിസ്റ്റ് നേതാവാണ് കവിത.

ആന്ധ്രയിലെ രായല സീമയിൽ ദരിദ്ര കർഷക കുടുംബത്തിലാണ് ലക്ഷ്മി എന്ന കവിത ജനിച്ചത്. വളരെ ചെറുപ്പത്തിൽത്തന്നെ പീപ്പിൾ ലിബറേഷൻ ഗറില്ലാ ആർമിയിൽ ചേർന്നു. മാവോവാദിയായിരുന്ന ഭർത്താവ് ലിജീഷ് എന്ന രാമു 2021-ൽ പൊലീസിൽ കീഴടങ്ങിയെങ്കിലും കവിത ഗറില്ലാ ആർമിയിൽ തുടർന്നു. ലിജീഷിനെ 'വിപ്ലവധേരോഹി'യെന്നാണ് പശ്ചിമഘട്ടം പ്രത്യേക മേഖലാകമ്മിറ്റിയുടെ കത്തിൽ പറയുന്നത്. ആന്ധ്രയിലും ദക്ഷിണകർണാടത്തിലെ ദുംഗഭദ്ര ദളത്തിലും അംഗമായിരുന്ന കവിത പാർട്ടിനിർദ്ദേശപ്രകാരമാണ് പശ്ചിമഘട്ടത്തിലേക്ക് പ്രവർത്തനം മാറ്റിയത്.

കവിതയുടെ വിയോഗം വിപ്ലവപാർട്ടിക്ക് തീരാനഷ്ടമാണുണ്ടാക്കിയതെന്നാണ് മേഖലാകമ്മിറ്റിയുടെ കത്തിൽ പറയുന്നത്. 'ഹൃദയം കീറിമുറിക്കുന്ന വേദനയാണ്. ഈ വേദനയെ ശക്തിയാക്കി മാറ്റാനും രക്തസാക്ഷികളുടെ രക്തത്തിനു പകരംവീട്ടാനും സർവശക്തിയും സംഭരിക്കണമെന്നതാണ് മുന്നിലുള്ള കടമ. കഴിഞ്ഞ ഒരുമാസത്തിനിടെ നാലുതവണയാണ് പശ്ചിമഘട്ടത്തിൽ തങ്ങൾ ആക്രമിക്കപ്പെട്ടത്. ഓപ്പറേഷൻ സമാധാൻ എന്ന പേരിൽ മാവോവാദി വിപ്ലവശക്തികളെ പൂർണമായും തുടച്ചുനീക്കാൻ ആർഎസ്എസ്. നേതൃത്വംനൽകുന്ന മോദിസർക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് അവരുടെ ബി ടീമായ പിണറായി സർക്കാരുമായി ചേർന്ന് ഓപ്പറേഷൻ നടക്കുന്നത്. അയ്യൻകുന്ന്, ആറളം, തവിഞ്ഞാൽ, കേളകം, തിരുനെല്ലി എന്നിവിടങ്ങളിലാണ് അക്രമം കേന്ദ്രീകരിച്ചിരിക്കുന്നത്.

കാനനപാതകൾ അരിച്ചുപെറുക്കിയും ആകാശനിരീക്ഷണം വഴിയും വ്യാപകമായി കുപ്രചാരണങ്ങൾ അഴിച്ചുവിടുകയും ചെയ്യുകയാണെന്നും സിപിഐ. മാവോയിസ്റ്റ് യോഗി പശ്ചിമഘട്ടമേഖലാ കമ്മിറ്റി ജോഗി എന്നപേരിൽ എഴുതിയ കത്തിൽ പറയുന്നു.