അടിമാലി: ദേശാഭിമാനിയുടെ ഖേദപ്രകടനം തള്ളി മറിയക്കുട്ടി. സിപിഎം പത്രം തന്നേയും കുടുംബത്തേയും അപമാനിച്ചു. ലോകമെമ്പാടും പ്രചരിപ്പിച്ച് തന്റെ ജീവിതമാണ് നശിപ്പിച്ചത്. ഇതിന് നഷ്ടപരിഹാരം തരണം. തനിക്കും കുടുംബത്തിനുമെതിരെ ഭീഷണി ഉണ്ടെന്നും മറിയക്കുട്ടി ആരോപിച്ചു. തനിക്കെതിരെ സൈബർ ആക്രമണം തുടരുകയാണ്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകും. നാടു മുഴുവൻ പറഞ്ഞ് വഷളാക്കിയിട്ട് ക്ഷമ പറഞ്ഞിട്ട് കാര്യമില്ല. വാർത്ത പ്രചരിച്ചതോടെ സഹായിക്കുന്നവർ കൂടി പിന്നോട്ടു പോയി. ഇതിന് സിപിഎമ്മുകാർ ന്യായം പറയണമെന്ന് മറിയക്കുട്ടി പറയുന്നു.

രണ്ട് ദിവസം മുമ്പാണ് വ്യാജ വാർത്തയിലെ സത്യം മറിയക്കുട്ടി തളിയിച്ചത്. അടുത്ത ദിവസം ദേശാഭിമാനി മാപ്പു പറഞ്ഞില്ല. കേസിന് പോകാനുള്ള നീക്കം തുടങ്ങിയപ്പോൾ ഖേദ പ്രകടനം പത്രം നടത്തി. സഖാക്കളുടെ വ്യാജ വാർത്താ നിർമ്മിതി കേന്ദ്രമായ ദേശാഭിമാനിയുടെ ഒടുവിലത്തെ നുണയായിരുന്നു അടിമാലി സ്വദേശി മറിയക്കുട്ടിക്കെതിരെയുള്ളത്. ക്ഷേമപെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷയാചിക്കാൻ മൺചട്ടിയുമായി ഇറങ്ങിയ വൃദ്ധരിൽ ഒരാളായിരുന്നു മറിയക്കുട്ടി. മറിയക്കുട്ടിക്ക് ഒന്നരയേക്കർ സ്ഥലവും രണ്ട് വീടുമുണ്ടെന്നായിരുന്നു ദേശാഭിമാനിയുടെ കണ്ടെത്തൽ. ഇതിനെ വില്ലേജ് ഓഫീസ് വഴി തന്നെ മറിയക്കുട്ടി പൊളിച്ചതോടെ നാണക്കേടിലായി ദേശാഭിമാനി. കേസിനെ ഭയന്ന് ഖേദ പ്രകടനവും.

'എന്നോടു കൂടി ചോദിച്ചിട്ട് മതിയായിരുന്നല്ലോ ഈ പരിപാടിക്ക് പോകാൻ. ഇത് എന്നാ ക്ഷമയാ. ഇവർ എന്നെയും ഞാൻ ഇവരെയും കണ്ടിട്ടില്ല. എന്റെ വീട് എങ്ങനെ കണ്ടു. മക്കളെ എങ്ങനെ കണ്ടു. പത്രത്തിൽ കൊടുക്കുന്നതിന് മുമ്പ് എന്നെയും മക്കളെയും വീടും കണ്ടിട്ടു വേണ്ടേ കൊടുക്കാൻ'. മറിയക്കുട്ടി ചോദിച്ചു. തനിക്ക് ഉണ്ടെന്ന് പ്രചരിപ്പിച്ച ഭൂമി കിട്ടണം. ഏക്കറുകണക്കിന് ഭൂമിയുണ്ടെന്നാണ് പറഞ്ഞത്. രണ്ടേക്കറില്ലെങ്കിൽ ഒരേക്കർ ഭൂമിയെങ്കിലും വേണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടു. വാർത്ത വന്നതോടെ കിട്ടിക്കൊണ്ടിരുന്ന സഹായമെല്ലാം ഇല്ലാതായി. അതുകൊണ്ട് നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മറിയക്കുട്ടി പറയുന്നു.

മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകൾ പ്രിൻസിയുടെ പേരിലുള്ളതാണ്. ഈ മകൾ വിദേശത്താണെന്ന രീതിയിൽ ദേശാഭിമാനിയിൽ വന്ന വാർത്ത പിശകാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. മറിയക്കുട്ടിയുടെ സഹോദരി റെയ്ച്ചൽ വർഷങ്ങളായി അമേരിക്കയിലാണ് താമസം. ഇതാണ് തെറ്റിദ്ധരിക്കാൻ ഇടയായതെന്നും ദേശാഭിമാനി വിശദീകരിക്കുന്നു. മറിയക്കുട്ടിക്ക് പഴമ്പള്ളിച്ചാലിൽ ഭൂമി ഉണ്ടായിരുന്നു. എന്നാലിതിന് പട്ടയമില്ലായിരുന്നു.

വർഷങ്ങൾക്ക് മുമ്പ് ഇത് വിറ്റു. ഇപ്പോൾ 200 ഏക്കർ എന്ന സ്ഥലത്താണ് മറിയക്കുട്ടിയുടെ താമസം. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും, ഇവരുടെ മകൾ പ്രിൻസി വിദേശത്താണ് താമസിക്കുന്നതെന്നും വാർത്ത വരാനിടയായതിൽ ഖേദിക്കുന്നു എന്നും ദേശാഭിമാനി അറിയിച്ചു. മറിയക്കുട്ടി താമസിക്കുന്ന വീട് മകളുടെ പേരിലുള്ളത് എന്ന തലക്കെട്ടിലാണ് ഖേദപ്രകടന വാർത്ത. ഖേദ പ്രകടിപ്പിക്കുന്നുവെന്ന് തലക്കേട്ടിൽ ഇല്ല. ഇതിനൊപ്പം മറിയക്കുട്ടിയുടെ മകളുടെ അടക്കം പേരും കൊടുക്കുന്നു. എന്താണ് മറിയക്കുട്ടിയുടെ വീടിന് സംഭവിച്ചത് എന്ന തരത്തിലാണ് വാർത്ത. അതിന് അവസാനമാണ് വാർത്ത തെറ്റിധരിപ്പിക്കും വിധം വരാനിടയായതിൽ ഖേദിക്കുന്നുവെന്ന് ദേശാഭിമാനി പറയുന്നത്. മറിയക്കുട്ടിയുടെ പോരാട്ടമാണ് ദേശാഭിമാനി വാർത്ത വ്യാജമെന്ന് തെളിയിച്ചത്. ദേശാഭിമാനിയുടെ കോട്ടയം എഡിഷനിൽ അടക്കം അഞ്ചാം പേജിലാണ് ഖേദപ്രകടന വിശദീകരണം.

ദേശാഭിമാനി വാർത്ത ഇങ്ങനെ പറയുന്നു- അടിമാലി പഞ്ചായത്ത് പതിമൂന്നാം വാർഡ് 200 ഏക്കർ പൊന്നടത്തും പാറ 486-ാം നമ്പർ വീടിനും വീടിരിക്കുന്ന പുരയിടത്തിനും അടുത്ത നാൾ മുതൽ പ്രിൻസിയുടെ പേരിലാണ് കരം അടയ്ക്കുന്നത്. മറിയക്കുട്ടിക്ക് പഴംമ്പള്ളിച്ചാലിൽ ഭൂമി ഉണ്ടായിരുന്നു. എന്നാലിതിന് പട്ടയമില്ലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഇത് വിറ്റു. ഇപ്പോൾ 200 ഏക്കർ എന്ന സ്ഥലത്താണ് താമസം. സാലി(ഡൽഹി), ശാന്ത(വയനാട്), ജാൻസി വിജയൻ(ആയിരമേക്കർ), പ്രിൻസി(അടിമാലി) എന്നിവരാണ് മക്കൾ. ഈ വിശദീകരണത്തിനൊപ്പമാണ് ഖേദ പ്രകടനം.

വിധവപെൻഷൻ കിട്ടത്തതിനാൽ ഭിക്ഷതേടി തെരുവിലിറങ്ങിയ എൺപതുകാരി മറിയക്കുട്ടി നിയമ നടപടിക്കൊരുങ്ങുന്നു. ബുധനാഴ്ച ഇവർ ഹൈക്കോടതിയിൽ മാനനഷ്ടത്തിന് കേസ് ഫയൽചെയ്യും. തനിക്ക് സ്വന്തമായി ഭൂമിയോ വീടോ ഇല്ല. എന്നാൽ സിപിഎം. പ്രവർത്തകർ, ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തനിക്ക് മാനക്കേടുണ്ടാക്കി. അതിനാലാണ് കേസ് ഫയൽ ചെയ്യുന്നതെന്ന് മറിയക്കുട്ടി പറഞ്ഞു. തിങ്കളാഴ്ച റവന്യുവകുപ്പ് നൽകിയ സാക്ഷ്യപത്രത്തിൽ ഇവർക്ക് സ്വന്തമായി ഭൂമിയോ വീടോ ഇല്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയും വസ്തുവകകളും ഉണ്ടെന്നും രണ്ട് വീടുകളിൽ ഒന്ന് വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്നുമാണ് പ്രചരിപ്പിച്ചത്. എന്നാൽ ഈ പ്രചരണത്തെക്കുറിച്ച് അറിയില്ലെന്നാണ് സിപിഎം. നേതൃത്വം പറയുന്നത്. ഇതിനിടെയാണ് ദേശാഭിമാനിയുടെ ഖേദപ്രകടനം. പെൻഷൻ മുടങ്ങിയതിന്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് അടിമാലി മന്നാംകണ്ടം വില്ലേജിൽ ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസർ നൽകുമ്പോൾ വെട്ടിലാകുന്നത് ദേശാഭിമാനിയായിരുന്നു. മന്നാംകണ്ടം വില്ലേജ് പരിധിയിൽ മറിയക്കുട്ടിക്ക് ഭൂമി ഇല്ലെന്ന് നവംബർ 13ന് വില്ലേജ് ഓഫീസർ നൽകിയ സാക്ഷ്യപത്രം സത്യം തെളിയിച്ചു. ഭുരഹിതയായ ഈ വൃദ്ധ മാതാവിന് ലക്ഷങ്ങളുടെ ആസ്തിയും ഒന്നര ഏക്കർ ഭൂമിയുമുണ്ടെന്ന ദേശാഭിമാനി വാർത്ത വ്യാജമാണെന്ന് തെളിഞ്ഞു.

തനിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നും ഒന്നര ഏക്കർ ഭൂമിയുടെ ഉടമയാണെന്നുമുള്ള ദേശാഭിമാനി വാർത്തയെ തുടർന്നാണ് മറിയക്കുട്ടി തന്റെ പേരിലുള്ള സ്വത്ത് വിവരങ്ങളറിയാൻ വില്ലേജ് ഓഫീസിൽ നവംബർ 13 തിങ്കളാഴ്ച അപേക്ഷ നല്കിയത്. ''മറിയക്കുട്ടിക്ക് അടിമാലി ഇരുന്നൂറേക്കറിൽ സ്വന്തമായി രണ്ട് വീടുകളും പഴംമ്പിള്ളി ചാലിൽ ഒന്നര ഏക്കറോളം ഭൂമിയുണ്ടെന്നുമാണ്'' നവംബർ 10 ലെ ദേശാഭിമാനി വാർത്തയിലെ കണ്ടെത്തൽ. മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തി എന്ന തലക്കെട്ടോടെയുള്ള വാർത്ത സിപിഎം പ്രവർത്തകർ വൈറലാക്കിയിരുന്നു. ഇതോടെയാണ് മറിയക്കുട്ടി പോരാട്ടത്തിന് ഇറങ്ങിയത്.

'' പെൻഷൻ മുടങ്ങിയെന്ന് പറഞ്ഞ് കോൺഗ്രസ് പിച്ചയെടുപ്പിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ സ്വത്തുണ്ടെന്ന് കണ്ടെത്തൽ. സ്വന്തമായി രണ്ട് വീടുണ്ട്. അതിൽ ഒരു വീട് അടിമാലിയിൽ ഇരുന്നൂറേക്കറിൽ 5000 രൂപയ്ക്ക് വാടകയ്ക്ക് നൽകിയിരിക്കുന്നു. പഴംമ്പിള്ളി ചാലിൽ ഒന്നര ഏക്കറോളം സ്ഥലവുമുണ്ട്. മറിയക്കുട്ടിയുടെ മക്കളും സഹോദരങ്ങളും ഉൾപ്പെടെ വിദേശത്തുണ്ട്. ഈ വസ്തുതകൾ മറച്ചുവച്ചാണ് അരി വാങ്ങാൻ ഗതിയില്ലാതെ ഭിക്ഷയെടുക്കേണ്ടി വന്നെന്ന കളവുമായി മറിയക്കുട്ടി ചാനലിൽ എത്തിയത്....'' ഇതായിരുന്നു ദേശാഭിമാനിയിലെ വാർത്ത.

ദേശാഭിമാനി റിപ്പോർട്ട് വന്നതിനെ തുടർന്ന് അതിൽ പറയുന്ന ഭൂമി കണ്ടെത്താനാണ് താൻ വില്ലേജ് ഓഫീസിൽ പോയതെന്ന് മറിയക്കുട്ടി പറയുന്നു. ദേശാഭിമാനി വാർത്തയിൽ പറയുന്ന ഭൂമി എവിടെയാണ് കണ്ടെത്തി തരണമെന്നായിരുന്നു അവരുടെ ആവശ്യം. ദേശാഭിമാനി തനിക്ക് ഉണ്ടെന്ന് പറയുന്ന ഭൂമി എവിടെയാണെന്ന് വ്യക്തമാക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. താൻ വില്ലേജിൽ പോയി അന്വേഷിച്ചിട്ടും ഒരു തുണ്ടുഭൂമി പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മറിയക്കുട്ടി പറഞ്ഞു.

മറിയക്കുട്ടി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ചും പ്രദേശത്ത് നടത്തിയ അന്വേഷണത്തിലും മന്നാംകണ്ടം വില്ലേജ് ഓഫീസ് പരിധിയിൽ ഭൂമിയൊ ന്നുമില്ലെന്ന് കണ്ടെത്തിയതായി വില്ലേജ് ഓഫീസർ ബിജുവും പ്രതികരിച്ചിരുന്നു. ദേശാഭിമാനിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മറിയക്കുട്ടി അറിയിച്ചു. മറിയക്കുട്ടിയുടെ മകൾ പ്രിൻസി സ്വിറ്റ്‌സർലണ്ടിലാണെന്നായിരുന്നു ദേശാഭിമാനി വാർത്ത. എന്നാൽ അടിമാലി ടൗണിൽ പ്രിൻസി ലോട്ടറിക്കച്ചവടം നടത്തുകയാണെന്നതാണ് വസ്തുത.

ക്ഷേമ പെൻഷൻ ലഭിക്കാത്തതിന് മൺചട്ടിയുമായി ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടി പോരാട്ടം തുടരുന്നു. ഭിക്ഷ നടത്തിയതിന്റെ പേരിൽ ക്രൂരമായ സൈബർ ആക്രമണമാണ് മറിയക്കുട്ടിക്ക് നേരിടേണ്ടിവന്നത്. ഒന്നര ഏക്കർ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നും അതിൽ ഒന്ന് വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നുമായിരുന്നു മറിയക്കുട്ടിക്കെതിരേ സിപിഎം. പ്രചരിപ്പിച്ചത്. പെൺമക്കളായ നാലുപേരും നല്ല സാമ്പത്തിക സ്ഥിതിയിൽ കഴിയുന്നവരാണ്. ഇതിൽ ഒരാൾ വിദേശത്താണെന്നുമടക്കം പ്രചാരണം കൊഴുത്തു.

ഏക്കറുകൾ ഭൂമിയുണ്ടെങ്കിൽ അതേത് വില്ലേജിലാണെന്ന് കണ്ടെത്തി എടുത്തുതരണമെന്ന് മറിയക്കുട്ടി പറഞ്ഞു. പത്തുമുറിയുള്ള വീട് ഏത് വില്ലേജിലാണെന്ന് തെളിയിച്ചുതരണം. മാനനഷ്ടത്തിന് കേസുകൊടുക്കുമെന്നും മറിയക്കുട്ടി പ്രതികരിച്ചു. ക്ഷേമപെൻഷൻ ലഭിക്കാൻ കാലതാമസം വന്നതിനെത്തുടർന്ന് മറിയക്കുട്ടിയും (87), അന്ന ഔസേപ്പും (80) കഴിഞ്ഞയാഴ്ചയാണ് അടിമാലിയിൽ ഭിക്ഷയാചിച്ച് സമരം ചെയ്തത്.