കോഴിക്കോട്: കണ്ണൂർ വനത്തിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ട് സംഘവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായ പശ്ചാത്തലത്തിൽ മാവോയിസ്റ്റുകളുടെ പേരിൽ പുതിയ ഭീഷണിക്കത്ത്. കോഴിക്കോട് ജില്ലാ കളക്ടർക്കാണ് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത് ലഭിച്ചത്. ബുധനാഴ്ചയാണ് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ്ങിന് ഭീഷണിക്കത്ത് ലഭിച്ചത്. സിപിഐ(എം.എൽ)-ന്റെ പേരിലാണ് കത്ത്.

കൊച്ചിയിൽ പൊട്ടിച്ചപോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഭീഷണി. വ്യാജ കമ്യൂണിസ്റ്റുകൾ വേട്ടയാടിയാൽ ശക്തമായി തിരിച്ചടിക്കും. പിണറായിപ്പൊലീസിന്റെ വേട്ട തുടർന്നാൽ തിരിച്ചടിയുണ്ടാകുമെന്നും കത്തിൽ പറയുന്നു. കത്ത് നടക്കാവ് പൊലീസിന് കൈമാറി. അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിക്കടുത്ത് ഞെട്ടിത്തോട് മലയിൽ തണ്ടർബോൾട്ട്മാവോയിസ്റ്റ് ഏറ്റുമുട്ടലുണ്ടായ മേഖലയിൽ തുടർച്ചയായ രണ്ടാം ദിനവും വെടിവയ്പ് നടന്നിരുന്നു. ഈ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ ഭീഷണിയെ ഗൗരവത്തോടെയാണ് പൊലീസ് കേൾക്കുന്നത്.

ഞെട്ടിത്തോട് മലയിൽ ക്യാംപ് ചെയ്തത് സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമെന്നു ലഭിക്കുന്ന വിവരം. കഴിഞ്ഞദിവസം വയനാട്ടിൽ അറസ്റ്റിലായ ചന്ദ്രുവിനെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ പൊലീസ് പരിശോധന നടത്തുന്നതെന്നാണ് അറിയുന്നത്.

വെടിയേറ്റയാളുടേതെന്നു സംശയിക്കുന്ന രക്തത്തുള്ളികളും മറ്റും വെടിവയ്പു നടന്ന പ്രദേശത്തു നിന്നു കിട്ടിയതിന്റെ അടിസ്ഥാനത്തിൽ സമീപത്തെ ആശുപത്രികളിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഒരു തോക്കും പെൻഡ്രൈവും കിട്ടിയതായി വിവരമുണ്ട്. സി.പി.മൊയ്തീന്റെ നേതൃത്വത്തിലാണ് വെടിവയ്പ് നടന്നതെന്ന സംശയത്തിലാണു പൊലീസ്. ഒന്നോ രണ്ടോ എകെ 47 തോക്കുകൾ കൂടി മാവോയിസ്റ്റുകളുടെ കയ്യിലുണ്ടെന്നും പൊലീസ് സംശയിക്കുന്നു.

തിങ്കൾ രാവിലെ 9.50ന് വെടിവയ്പു നടന്ന ശബ്ദം കേട്ടതു മുതൽ പ്രദേശവാസികൾ ആശങ്കയിലാണ്. മേഖല കനത്ത പൊലീസ് നിയന്ത്രണത്തിലായതോടെ ജനജീവിതം ബുദ്ധിമുട്ടി. കവലയിൽ നിലയുറപ്പിച്ച പൊലീസ് തദ്ദേശവാസികളെ പോലും തിരിച്ചറിയൽ രേഖകളും വിലാസവും ഉൾപ്പെടെ ചോദിച്ചു മനസ്സിലാക്കിയ ശേഷമാണു കടത്തിവിടുന്നത്. മലയിറങ്ങി, പരുക്കേറ്റ ആരെങ്കിലും വരുന്നുണ്ടോയെന്നും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ആരെങ്കിലും മലയിലേക്കു പോകുന്നുണ്ടോയെന്നും ശക്തമായി പരിശോധിക്കാനാണ് ക്രമസമാധാന വിഭാഗം പൊലീസിന് ലഭിച്ച നിർദ്ദേശം.