കോട്ടയം: കേരളത്തിലെ വനങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാകുന്ന പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണങ്ങളിലേക്ക് കടന്ന പൊലീസ്. കണ്ണൂരിലെയും വയനാട്ടിലെയും വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ പരിശോധനകളിലക്ക് പൊലീസ് കടക്കുന്നത്. കേരളത്തിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റുകൾക്ക് ഒഡീഷ, ആന്ധ്ര എന്നിവിടങ്ങളിലെ അനധികൃത ആയുധനിർമ്മാണശാലകളിൽ നിന്നു തോക്കുകൾ ലഭിക്കുന്നുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ പലയിടത്തും ആയുധധാരികളായി മാവോയിസ്റ്റുകൾ ഇറങ്ങുന്ന പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണു കണ്ടെത്തൽ. 2020 ജൂണിൽ ഒഡീഷയിലെ മൽകൻഗിരി ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ആയുധനിർമ്മാണശാല ഛത്തീസ്‌ഗഡ് പൊലീസ് അടപ്പിച്ചിരുന്നു. മാവോയിസ്റ്റുകൾക്കു തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇവിടെ നിർമ്മിച്ചു നൽകിയിരുന്നതായി കണ്ടെത്തിയിരുന്നു. നടത്തിപ്പുകാരൻ ജഗന്നാഥ് ബർണായിയെ അറസ്റ്റ് ചെയ്തതോടെ ഇത്തരം ആയുധങ്ങളുടെ വരവു കുറഞ്ഞിരുന്നു.

സംസ്ഥാന പൊലീസിൽ തീവ്രവാദവിരുദ്ധ പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഇത്തരം ആയുധനിർമ്മാണകേന്ദ്രങ്ങൾ കണ്ടെത്താനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. തണ്ടർബോൾട്ടിന്റെ സേവനവും ഉപയോഗപ്പെടുത്തിയേക്കും. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സായുധ പൊലീസിന്റെ സഹകരണം തേടുന്നതിന്റെ സാധ്യതയും ആരായും.

അതിനിടെ ശബരിമല സീസൺ തുടങ്ങിയ പശ്ചാത്തലത്തിൽ ശബരിമല വനമേഖലയിൽ മാവോയിസ്റ്റുകളുടെയും ക്രിമിനൽസംഘങ്ങളുടെയും സാന്നിധ്യം ഉണ്ടോയെന്നറിയാൻ ഹെലികോപ്റ്ററിൽ പൊലീസ് നിരീക്ഷണം നടത്തി. എയ്ഞ്ചൽവാലിയിൽ വനമേഖലയോടു ചേർന്നുള്ള ജനവാസകേന്ദ്രങ്ങളിലെ വീടുകളിൽ നിന്ന് അരിയും ഭക്ഷ്യവസ്തുക്കളും മോഷണം പോകുന്നതു പതിവായതോടെയാണു പരിശോധന നടത്തിയത്.

തീർത്ഥാടകർ സഞ്ചരിക്കുന്ന കാനനപാത, എരുമേലി, കണമല, അഴുത, കാളകെട്ടി തുടങ്ങിയ മേഖലകളിൽ 45 മിനിറ്റ് ആകാശനിരീക്ഷണം നടത്തി. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. അഡീഷനൽ എസ്‌പി വി.സുഗതൻ, ഡിവൈഎസ്‌പിമാരായ കെ.അനിൽകുമാർ, സാജു വർഗീസ്, പി.ജോൺ എന്നിവർ നേതൃത്വം കൊടുത്തു.

തീർത്ഥാടനകാലത്ത് എരുമേലിയിൽ ഇത്തവണ പൊലീസ് സുരക്ഷ കൂട്ടാനും തീരുമാനിച്ചു. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ നിരീക്ഷണം ദിവസവും ഉണ്ടാകും. ഡ്രോൺ ഉപയോഗിച്ചും ദിവസവും പരിശോധന നടത്തും. എയ്ഞ്ചൽവാലി മേഖലയിലെ മൂന്നു വീടുകളിൽ നിന്നു പകൽ അരി മോഷ്ടിച്ചയാൾ കാട്ടിലേക്ക് ഓടിപ്പോകുന്നതായി നാട്ടുകാർ കണ്ടിരുന്നു. പൊലീസ് രഹസ്യാന്വേഷണവിഭാഗവും വനത്തിലെ അപരിചിതരുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു.