- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഔദ്യോഗിക ലെറ്റർപാഡിൽ മേയർ തന്നെ പാർട്ടി നേതാവിനോട് ഉദ്യോഗാർഥികളുടെ പട്ടിക ആവശ്യപ്പെട്ടത് തികച്ചും സ്വജനപക്ഷപാതം; കത്ത് തന്റേതല്ലെന്ന് പറഞ്ഞ് മേയറെ വെട്ടിലാക്കാൻ വിജിലൻസിന് മുൻ കൗൺസിലറുടെ പരാതി; കേസെടുത്തില്ലെങ്കിൽ കോൺഗ്രസ് നേതാവ് കോടതിയിൽ പോകും; മേയറേയും സിപിഎമ്മിനേയും വെട്ടിലാക്കി വിവാദം; പ്രതികരിക്കാതെ ഒഴിഞ്ഞു മാറി ആനാവൂർ; ആര്യാ രാജേന്ദ്രൻ രാജിവയ്ക്കണമെന്ന ആവശ്യം ശക്തം
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ജോലിയുടെ പേരിലുള്ള കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രാജിക്ക് വേണ്ടി പ്രതിപക്ഷം. മേയറേയും എൽഡിഎഫിനേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് പുറത്ത് വന്ന കത്ത്. കോർപ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് നിയമനത്തിനാവശ്യമായ ആളുകളുടെ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ അയച്ച കത്ത് വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി പരസ്യമായതോടെയാണ് വിഷയം വിവാദമായത്.
വിഷയത്തിൽ മേയർ തന്നെ വിശദീകരണം നൽകട്ടെയെന്ന് പറഞ്ഞ് ആനവൂർ നാഗപ്പൻ ഒഴിഞ്ഞുമാറിയത് ആര്യാ രാജേന്ദ്രന് കൂടുതൽ തിരിച്ചടിയായി. തനിക്ക് കത്ത് കിട്ടിയിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറിയുടെ വാദം. നഗരസഭയിലെ വിവിധ തസ്തികകളിൽ പാർട്ടിക്കാരെ സിപിഎം തിരുകി കയറ്റുന്നുവെന്ന ആരോപണം കാലങ്ങളായി ഉള്ളതാണ്. എന്നാൽ കത്ത് പുറത്തുവന്നതോടെ ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലായി. ഇതോടെ പ്രതിപക്ഷ ആരോപണങ്ങൾക്ക് കരുത്ത് കൂടി. ആര്യാ രാജേന്ദ്രൻ മേയർ ആയതിന് ശേഷം ഉണ്ടാകുന്ന മറ്റൊരു വലിയ പ്രതിസന്ധിയാണ് കത്ത് വിവാദം.
അതിനിടെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് കത്തും കിട്ടി. മുൻ കൗൺസിലറായ കോൺഗ്രസ് നേതാവ് ജി എസ് ശ്രീകുമാറാണ് പരാതി നൽകിയത്. മേയറുടേത് സത്യപ്രതിജ്ഞാ ലംഘനവും അഴിമതിയും സ്വജനപക്ഷപാതവുമാണെന്നാണ് പരാതിയിൽ ഉയർത്തുന്നത്. പിൻവാതിൽ നിയമനത്തിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് പദ്ധതിയിട്ടതെന്നും ശ്രീകുമാർ ആരോപിക്കുന്നു. കോർപ്പറേഷനിലെ വിവിധ അഴിമതികളും ചൂണ്ടിക്കാട്ടുന്നു. രണ്ടു വർഷത്തിനകം ആയിരത്തിൽ അധികം നിയമനങ്ങൾ നടന്നുവെന്നും ജിഎസ് ശ്രീകുമാർ പറയുന്നു. കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം.
ഈ പരാതിയോട് വിജിലൻസ് എന്തു നിലപാട് എടുക്കുമെന്നതാണ് നിർണ്ണായകം. വിജിലൻസ് കേസെടുത്തില്ലെങ്കിൽ ശ്രീകുമാർ കോടതിയെ സമീപിക്കാനും സാധ്യത ഏറെയാണ്. ഇതിന് മുമ്പ് നഗരസഭയിലെ നികുതി വെട്ടിപ്പ്, പട്ടികജാതി ഫണ്ട് വെട്ടിപ്പ് തുടങ്ങി നിരവധി ആരോപണങ്ങൾ ഭരണസമിതിക്കെതിരെ ഉയർന്നിരുന്നു. ഇതൊക്കെ ഉള്ളപ്പോഴും പാർട്ടിക്കാരെ വിവിധ തസ്തികകളിൽ തിരുകി കയറ്റുന്നുവെന്നത് കാലങ്ങളായി ഉയരുന്ന ആരോപണമാണ്. എന്നാൽ അതിലേക്ക് നേരിട്ട് നയിക്കുന്ന തെളിവുകൾ ഇതുവരെ പുറത്തുവന്നിരുന്നില്ല. ഇതിനിടെയാണ് കത്ത് പുറത്തു വന്നത്.
എന്നാൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് താത്കാലിക തസ്തികകളിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ ലിസ്റ്റ് നൽകണമെന്നാവശ്യപ്പെട്ട് കത്തയച്ചത് പ്രതിപക്ഷത്തിന് ലഭിച്ച മികച്ച ആയുധമാണ്. ഔദ്യോഗിക ലെറ്റർപാഡിൽ മേയർ തന്നെ പാർട്ടി നേതാവിനോട് ഉദ്യോഗാർഥികളുടെ പട്ടിക ആവശ്യപ്പെട്ടത് തികച്ചും സ്വജനപക്ഷപാതത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയർ സ്വമേധയാ രാജിവെച്ചൊഴിയണമെന്നാണ് പ്രതിപക്ഷ ആവശ്യം.
സ്വജന പക്ഷപാതം തെളിഞ്ഞാൽ മേയർ രാജിവെക്കാൻ നിർബന്ധിതമാകും. തിരുവനന്തപുരത്തെ പാർട്ടിയുടെ ജനപിന്തുണയെ തന്നെ സ്വാധീനിക്കാൻ കഴിയുന്ന വിവാദമായി മാറാതിരിക്കാനും സിപിഎം ഇതിനിടെ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കത്ത് തള്ളിക്കളഞ്ഞ് മേയർ തന്നെ രംഗത്ത് വന്നത്. എന്നാൽ വിഷയം പ്രതിപക്ഷം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലാണ് വിവാദത്തിന്റെ വഴിത്തിരിവിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ