കണ്ണൂർ; കണ്ണൂർ മയ്യിലിൽ യുവതിയുടെ ആത്മഹത്യ വിവാദത്തിലേക്ക്. ഭാര്യ എലി വിഷം കഴിച്ച് ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ പീഡനം മൂലമാണെന്നാണ് ആരോപണം. ലിജിഷയാണ് ആത്മഹത്യ ചെയ്തത്. ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് പതിവായിരുന്നു എന്നും ഇത് കാരണമാണ് ലിജിഷ ആത്മഹത്യ ചെയ്തത് എന്നും നാട്ടുകാർ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇന്ന് വീട്ടിലെത്തിയ ഭർത്താവിനെ കയ്യേറ്റം ചെയ്യാൻ നാട്ടുകാരും ബന്ധുക്കളും ശ്രമിച്ചു.

ഈ മാസം 21നാണ് ലിജിഷ എലി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് ഇപ്പോൾ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വരികയാണ്. ഭർത്താവായ ഹരീഷ് മിലിറ്ററി ഉദ്യോഗസ്ഥനാണ്. എലി വിഷം കഴിച്ച് ലിജിഷ ചികിത്സയിലായിരുന്നു എങ്കിലും സ്ഥിതി ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 23ന് ലിജിഷ മരിച്ചു.

കണ്ണൂർ ജില്ലയിലെ മുണ്ടേരി സ്വദേശിനിയാണ് ലിജിഷ. റിട്ടയർഡ് ഓവർസിയർ ആയ കെ പി പങ്കജാക്ഷൻ - മാലതി ദമ്പതികളുടെ മകളാണ് ആത്മഹത്യ ചെയ്ത ലിജിഷ. മുണ്ടേരിയിലെ സെൻട്രൽ യുപി സ്‌കൂളിലെ അദ്ധ്യാപക കൂടിയായിരുന്നു ലിജിഷ. ഭാര്യ മരിച്ചു മൂന്നാം ദിവസമായ ഇന്ന് ഭർത്താവ് മയ്യിലുള്ള വീട്ടിലെത്തിയപ്പോഴാണ് ബന്ധുക്കൾ ഇയാൾക്കെതിരെ തിരിഞ്ഞത്.

ബന്ധുക്കളും നാട്ടുകാരും ഇയാളുമായി ഒന്നും രണ്ടും പറഞ്ഞ് വാക്കേറ്റം ഉണ്ടായി. ഭർത്താവിന്റെ പീഡനം മൂലമാണ് ലിജിഷ ആത്മഹത്യ ചെയ്തത് എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. പ്രശ്‌നം വഷളായപ്പോൾ പൊലീസ് സ്ഥലത്തെത്തി ഭർത്താവായ ഹരീഷിനെ കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇപ്പോൾ ഹരീഷിനെ ചോദ്യം ചെയ്തു വരികയാണ്.

ഇവർ തമ്മിൽ നാട്ടിൽ ഒന്നിച്ചുള്ളപ്പോൾ നിരന്തരം വഴക്കുണ്ടാവുമായിരുന്നു എന്നും ലിജിഷ ഇയാളിൽ നിന്നും മാനസിക പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട് എന്നുമാണ് അടുത്ത ബന്ധുക്കൾ പറയുന്നത്. ഇയാൾക്കെതിരെ കൂടുതൽ ചോദ്യം ചെയ്തശേഷം ആത്മഹത്യ പ്രേരണ കുറ്റവും ഭർതൃ പീഡനത്തിനുള്ള വകുപ്പും ചുമത്തുമെന്ന് മയ്യിൽ പൊലീസ് ഇൻസ്‌പെക്ടർ പറഞ്ഞു.

വീട്ടിൽ ബാക്കിയുണ്ടായിരുന്ന എലി വിഷം കഴിച്ചാണ് ലിജിഷ ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻതന്നെ തൊട്ടടുത്തുള്ള പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പക്ഷേ ഉള്ളിൽ ചെന്ന് വിഷത്തിന്റെ അളവ് വളരെയധികം ആയതിനാൽ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ പാളുകയായിരുന്നു. വിദഗ്ധ ചികിത്സ നടത്തി വരുമ്പോഴായിരുന്നു ലിജിഷയുടെ അന്ത്യം സംഭവിച്ചത്. ഹരീഷിനും രണ്ട് മക്കളുണ്ട്.