മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ വീട്ടമ്മയെ എം.ഡി.എം.എ നൽകി മയക്കി കൂട്ട ബലാത്സംഗംചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ പൊലീസ് വീട് വളഞ്ഞതോടെ വീടിന്റെ ഓടു പൊളിച്ചു രക്ഷപ്പെട്ട പ്രതിയുടെ പൊടിപോലുമില്ല. ഇരുട്ടിൽ തപ്പി പൊലീസ്. അതേ സമയം കേസിൽ റിമാന്റിൽ കഴിയുന്ന മലപ്പുറം മുള്ളമ്പാറ സ്വദേശികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. മഞ്ചേരി മുള്ളമ്പാറ മണക്കോടൻ മുഹമ്മദ് അഷിക്ക് (24), മുള്ളമ്പാറ എളയേടത്ത് ആസിഫ് (23) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് മുരളീകൃഷ്ണ തള്ളിയത്.

2022 ഒക്ടോബർ 28ന് മഞ്ചേരി ഇന്ത്യൻ മാളിലെ ഫ്ളാറ്റ് മുറിയിൽ 31 കാരിയായ വീട്ടമ്മയെ കൊണ്ടു പോയി എം.ഡി.എം.എ നൽകി ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. പുറത്തു പറഞ്ഞാൽ ഫോട്ടോ മോർഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. 2022 നവംബർ മാസത്തിൽ ഇതേ വീട്ടമ്മയെ കച്ചേരിപ്പടി ഡ്രീം റസിഡൻസിയിൽ കൊണ്ടു പോയി ബലാൽസംഗം ചെയ്തതായും മുഹമ്മദ് ആഷിക്കിനെതിരെ കേസുണ്ട്. ഇക്കഴിഞ്ഞ ആറിനാണ് വീട്ടമ്മ മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ എസ് ഐ മുഹമ്മദ് ബഷീറും സംഘവും പ്രതികളുടെ വീടുകളിലെത്തിയാണ് പ്രതികളെ പിടികൂടിയത്. എസ് ഐ വി ജീഷ്മ, പൊലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരി എന്നിവരാണ് കേസന്വേഷിച്ചത്. സ്ത്രീകൾ ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാകുന്ന ദാരുണ സംഭവങ്ങൾ മാധ്യമങ്ങളിൽ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുകയും ചർച്ചയാകുകയും ചെയ്യുന്ന സാമൂഹിക പരിതസ്ഥിതിയിൽ കുടുംബവുമായി കഴിഞ്ഞ് വരുന്ന സ്ത്രീയെ മയക്കുമരുന്നു നൽകി പീഡിപ്പിച്ച പ്രതി നിയമത്തിന്റെ ഒരു പരിഗണയും അർഹിക്കുന്നില്ലെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കേസിൽ പൊലീസ് വീട് വളഞ്ഞതോടെ വീടിന്റെ മേൽക്കൂരയുടെ ഓട് പൊളിച്ചു രക്ഷപ്പെട്ട പ്രതിയെ ഇതുവരെ പൊലീസിനു പിടികൂടാനായിട്ടില്ല. പിടിയിലാകുനുള്ള പ്രതി റിഷാദിന്റെ മെബൈൽഫോൺ സ്വിച്ച് ഓഫ്് ആണ്. സംഭവ സമയത്ത് പ്രതിയുടെ വീട്ടിലുണ്ടായിരുന്ന പിതാവിനെ പൊലീസ് ചോദ്യംചെയ്തിരുന്നു. കേസിലെ മൂന്നുപ്രതികളെ പൊലീസ് കയ്യോടെ പിടികൂടിയെങ്കിലും പറക്കാടൻ റിഷാദ് പൊലീസ് വീടു വളഞ്ഞതോടെ വീടിന്റെ മേൽക്കൂരയുടെ ഓട് പൊളിച്ച് രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട പ്രതിഎത്തിപ്പെടാനുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് രഹസ്യമായി എത്തിയെങ്കിലും പിടികൂടാൻ സാധിച്ചില്ല.

കൊടുംക്രൂരതയുടെ കഥകളാണ് ഈകേസിനു പിന്നിൽ നടന്നത്. താടിയും മുടിയും വളർത്തി ഇൻസ്റ്റഗ്രാമിൽ വന്നു വീട്ടമ്മയോട് ശൃംഗാരം തുടങ്ങിയത് 28കാരനായ മഞ്ചേരി മുള്ളമ്പാറ സ്വദേശി തെക്കുംപുറം വീട്ടിൽ മുഹ്സിനാണ്. ആദ്യമെല്ലാം അകൽച്ചപാലിച്ച യുവതി പിന്നീട് സൗഹൃദത്തിലായി. കുഞ്ഞുങ്ങളുള്ള യുവതിയുടെ ഭർത്താവ് പ്രവാസിയാണ്. ഇതുകൊണ്ടുതന്നെ രാത്രി സമയത്തെല്ലാം ആദ്യം ഇടതടവില്ലാതെ മെസ്സേജുകളയച്ചു. പിന്നീട് ഫോൺവിളിയായി അടുപ്പും വളർന്നതോടെയാണു പ്രതി തനിസ്വരൂപം പുറത്തെടുക്കാൻ തുടങ്ങിയത്്.

യുവതിയെ ആദ്യം സ്വന്തമായും പിന്നീട് സുഹുത്തുക്കൾക്കും കാഴ്‌ച്ചവെച്ചത് എം.ഡി.എം.എ നൽകി മയക്കിയശേഷമായിരുന്നു. ഇത്തരത്തിൽ തനിക്കു അഞ്ചുതവണയോളം എം.ഡി.എം.എ നൽകിയതായാണ് യുവതി പൊലീസിനു നൽകിയ മൊഴി. ഇത് എം.ഡി.എം.എ ആണെന്നുപോലും ഇവർക്കു അറിയില്ലായിരുന്നു. കഴിഞ്ഞ ശേഷം ഉണ്ടായ മാറ്റങ്ങൾ കാരണം സംഭവം മയക്കുമരുന്നാണെന്ന് പിന്നീട് മനസ്സിലായെന്നും യുവതി മൊഴി നൽകി. വീട്ടുകാർ സംഭവം അറിഞ്ഞതോടെ സഹോദരന്റെകൂടെ വന്നാണു യുവതി പൊലീസിൽ പരാതി നൽകിയത്.

യാതൊരു കാരണവശാലും കേസിൽനിന്നും പിന്മാറില്ലെന്നും ഏതറ്റംവരെയും പോയി പ്രതികൾക്കു ശിക്ഷ വാങ്ങിച്ചു നൽകുമെന്ന നിലപാടിലാണിപ്പോർ ഇവരുടെ വീട്ടുകാരും. ഭർത്താവും വീട്ടുകാരുമെല്ലാം കേസുമായി സഹകരിക്കുന്നുണ്ട്. മറ്റൊരു സ്ത്രീക്കും സമാനമായ അനുഭവം ഉണ്ടാകാൻ പാടില്ലെന്നും ഇവർ പറയുന്നു.