- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടകിലും വിരാജ്പേട്ടയിലും രഹസ്യകേന്ദ്രങ്ങളിൽ ദിവസങ്ങളോളം തങ്ങി ഇടപാട്; മൊത്തവിൽപ്പനക്കാരിൽ നിന്ന് വാങ്ങി പ്രത്യേക കാരിയർമാർ വഴി കേരളത്തിലേക്ക്; ഒളിപ്പിക്കുന്നത് പാഴ്സലുകളിലും, വാഹന ഭാഗങ്ങളിലും, കളിപ്പാട്ടങ്ങളിലും; ഒരുകോടിയുടെ എംഡിഎംഎയുമായി മലപ്പുറത്ത് യുവാവ് പിടിയിൽ
മലപ്പുറം: മലപ്പുറം ജില്ലയിൽ വീണ്ടും വൻ ലഹരി വേട്ട. മാരക ലഹരിമരുന്നായ എംഡിഎംഎ യുമായി ഒതുക്കുങ്ങൽ സ്വദേശി പൊലീസ് പിടിയിൽ. പിടിച്ചെടുത്തത് ഒരു കോടിയോളം രൂപ വിലവരുന്ന 140 ഗ്രാം ക്രിസ്റ്റൽ എംഡിഎംഎ. ബെംഗളൂരു, വിരാജ്പേട്ട എന്നിവിടങ്ങളിൽ നിന്ന് മലപ്പുറം ജില്ലയിൽ വിൽപ്പന നടത്താനായി സിന്തറ്റിക് മയക്കുമരുന്നിനത്തിൽ പെട്ട മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ (എംഡിഎംഎ), എൽ.എസ്.ഡി സ്റ്റാംപുകൾ തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകൾ അവിടെയുള്ള തദ്ദേശീയരായ ഏജന്റുമാർ മുഖേന ജില്ലയിലെത്തിച്ച് വിൽപ്പന നടത്തുന്ന സംഘങ്ങളെ കുറിച്ചും കോട്ടക്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘത്തിലെ ചില കണ്ണികളെ കുറിച്ച് മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ് ന് രഹസ്യവിവരം കിട്ടിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി എം.സന്തോഷ് കുമാർ, പെരിന്തൽമണ്ണ, കൊളത്തൂർ ഇൻസ്പെക്ടർമാരായ സി.അലവി ,സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ കൊളത്തൂർ എസ്‌ഐ.ടി.കെ.ഹരിദാസ്, എസ്. ഐ. എ.എം.യാസിർ എന്നിവരടങ്ങുന്ന പ്രത്യേക സംഘം ഒരാഴ്ചയോളം നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് പടപ്പറമ്പ് ടൗണിന് സമീപം വച്ച് വിൽപനയ്ക്കായെത്തിച്ച 140 ഗ്രാം എംഡിഎംഎ യുമായി ഒതുക്കുങ്ങൽ മറ്റത്തൂർ സ്വദേശി കാളങ്ങാടൻ സുബൈർ(42) നെ അറസ്റ്റ് ചെയ്യാനായത്.
കർണാടകയിലെ കൊടക്, വിരാജ്പേട്ട എന്നിവിടങ്ങളിൽ നേരിട്ട് പോയി രഹസ്യ കേന്ദ്രങ്ങളിൽ ദിവസങ്ങളോളം തങ്ങി അവിടെയുള്ള ഏജന്റുമാർ മുഖേനയാണ് മൊത്തവിൽപ്പനക്കാരിൽ നിന്ന് വിലപറഞ്ഞുറപ്പിച്ച് വാങ്ങുന്ന ഇത്തരം മയക്കുമരുന്ന് പ്രത്യേക കാരിയർമാർ മുഖേന കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നത്. പാർസലുകളിലും വെഹിക്കിൾ പാർട്സ്, കളിപ്പാട്ടങ്ങൾ എന്നിവയിലും മറ്റും ഒളിപ്പിച്ചാണ് ബസ്, ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് കടത്തുന്നത്. ചെറിയ പായ്ക്കറ്റുകളിലാക്കിയ അര ഗ്രാമിന് മൂവ്വായിരം രൂപ മുതൽ വിലയിട്ടാണ് ചെറുകിട വിൽപ്പനക്കാർ വിൽപ്പന നടത്തുന്നത്. ഒരു തവണ ഉപയോഗിച്ചാൽ പോലും അഡിക്ടാവുന്ന അതിമാരകമായ മയക്കുമരുന്നായ എംഡിഎംഎ. മാഫിയ ലക്ഷ്യം വയ്ക്കുന്നത് യുവാക്കളേയാണ്. ആറുമാസത്തോളം തുടർച്ചയായി ഉപയോഗിച്ചാൽ മാനസികനില വരെ തകരാറിലാകുമെന്നും പഠനങ്ങൾ പറയുന്നു .
യുവാക്കളെ ലക്ഷ്യം വച്ച് ഇതരസംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് കടത്തുന്നഇത്തരം ലഹരിമാഫിയാ സംഘങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു .
മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി എം.സന്തോഷ് കുമാർ, സിഐ.മാരായ സി.അലവി,സുനിൽ പുളിക്കൽ,എസ്‌ഐ.മാരായ ടി.കെ.ഹരിദാസ്, എ.എം.യാസിർ, എഎസ്ഐ.ബൈജു, എസ്.സി.പി.ഒ മാരായ ബിജു, സുബ്രഹ്മണ്യൻ, വിനോദ്.കെ., വിപിൻചന്ദ്രൻ ,വിജീഷ് എന്നിവരും ജില്ലാ ആന്റിനർക്കോട്ടിക് സ്‌ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത്. പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷിന്റെ സാന്നിധ്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി.പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്